- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന നിമിഷം ട്വിസ്റ്റ്; കണ്ണൂരിൽ നിന്നും പുതുതായി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആരുമില്ല; എം വി ജയരാജന് പകരം കണ്ണൂർ ജില്ലാ സെക്രട്ടറിയെ കണ്ടെത്തേണ്ടി വരുമെന്ന പ്രചാരണം പൊളിഞ്ഞു; റിയാസിൽ തട്ടി ഷംസീർ വീണു; ഇ.പിയും പി.കെ ശ്രീമതിയും സ്ഥാനം നിലനിർത്തി

കണ്ണൂർ: സി.പി. എം പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ കണ്ണൂരിലെ സിപിഎം നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്ന പ്രചാരണത്തെ പൊളിച്ചെഴുതി എർണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം. നിലവിലെ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാവുമെന്നും, പുതിയ ജില്ലാസെക്രട്ടറിയെ സിപിഎമ്മിന് കണ്ടെത്തേണ്ടി വരുമെന്നായിരുന്നു പ്രചാരണം.
സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ പൂർണമായും പാർട്ടി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നതിനാലാണ് പാർട്ടി കോൺഗ്രസ് നടക്കുന്ന സാഹചര്യം പരിഗണിച്ച് എം.വി ജയരാജനെ ഒഴിവാക്കിയത്. എന്നാൽ പി.ജയരാജൻ ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തുമെന്ന പ്രതീക്ഷ പ്രവർത്തകർക്ക് ഉണ്ടായിരുന്നുവെങ്കിലും അതും പൂവണിഞ്ഞില്ല.
പാർട്ടി അണികളുടെ ആവേശമായിരുന്ന പി.ജയരാജന്റെ തളർച്ചയോടൊപ്പം, കണ്ണൂരിൽ എം.വി ജയരാജന്റെ ഉയർച്ചയാണ് ജില്ലയിലെ സി.പി. എമ്മിൽ കഴിഞ്ഞകാലങ്ങളിൽ ദൃശ്യമായത്. എം.വി ജയരാജൻ, പി.ജയരാജൻ ഉൾപ്പെടെ 11 പേരുടെ സാന്നിധ്യമാണ് 88 അംഗ സംസ്ഥാന സമിതിയിലുള്ളത്. കെ.പി സഹദേവൻ, ജയിംസ്മാത്യൂ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. സി. ഐ.ടി.യു നേതാവായ കെ.പി സഹദേവനെ പ്രായാധിക്യം കാരണമാണ് ഒഴിവാക്കിയത്. എന്നാൽ ജയിംസ് മാത്യുവിന്റെ ഒഴിവാക്കിയത് അദ്ദേഹം തന്നെ ആവശ്യപ്പെട്ടത് അനുസരിച്ചാണെന്നാണ് പാർട്ടിയുടെ വിശദീകരണം. കഴിഞ്ഞ കുറെക്കാലമായി തന്നെ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവാക്കണമെന്ന് ജയിംസ് മാത്യു ആവശ്യപ്പെട്ടിരുന്നതായാണ് പാർട്ടി നേതൃത്വം നൽകുന്ന വിശദീകരണം.
കർഷക സംഘം സംസ്ഥാനസെക്രട്ടറിയായ പനോളി വത്സൻ, ഡോ.ടി.ശിവദാസൻ എംപി, പി.ശശി, എൻ. ചന്ദ്രൻ(കൺട്രോൾ കമ്മിഷൻ ചെയർമാൻ) ബിജു കണ്ടക്കൈ എന്നിവരാണ് പുതുമുഖങ്ങൾ. എം.വി ജയരാജൻ, പി.ജയരാജൻ, കെ.കെ രാഗേഷ്, ടി.വി രാജേഷ്, എ. എൻ ഷംസീർ എന്നിവർ സംസ്ഥാനസമിതിയിൽ അംഗത്വം നിലനിർത്തിയിട്ടുണ്ട്. കെ.വി സുമേഷ് എംഎൽഎ, മഹിളാ അസോ. നേതാവ് എൻ.സുകന്യ എന്നിവർ ഇക്കുറി സംസ്ഥാന കമ്മിറ്റിയിൽ ഇടം പിടിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും ഒഴിവാക്കപ്പെടുകയായിരുന്നു. ഇതിനിടെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കപ്പെട്ട എ. എൻ ഷംസീറിനെ അവസാന നിമിഷം ഒഴിവാക്കിയത് പാർട്ടി അണികളിൽ ചർച്ചയായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി. എ മുഹമ്മദ് റിയാസിന്റ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള കടന്നുവരവാണ് ഷംസീറിന് തിരിച്ചടിയായത്. നേരത്തെ മന്ത്രിസഭയിലും ഷംസീറിനെ പരിഗണിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം മരുമകനെ സുപ്രധാന വകുപ്പുകൾ നൽകി മന്ത്രിയാക്കുകയായിരുന്നു.
ഭരണത്തിന്റെ തുടക്കത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ പരസ്യവിമർശനവുമായി ഷംസീർ രംഗത്തുവന്നത് തിരിച്ചടിയായിട്ടുണ്ടെന്നാണ് സൂചന. സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുള്ള ഷംസീറിനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ അണിയറയിൽ നടത്തിയിരുന്നുവെങ്കിലും പാർട്ടിക്കുള്ളിലെ എതിർപ്പുകാരണം നടന്നില്ല.
കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജൻ പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്ക എൻ. സുകന്യ, മുൻജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ എം.വി സരള എന്നിവരെ നിർദ്ദേശിച്ചിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെയും മുൻ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളെയും പരിഗണിക്കണമെന്നായിരുന്നു കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ തർക്കം കാരണം ഇവരാരെയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇപ്പോൾ പി.കെ ശ്രീമതി മാത്രമാണ് കണ്ണൂരിൽ നിന്നുള്ള ഏകവനിത. മുന്മന്ത്രി കെ.കെ ശൈലജ കേന്ദ്രകമ്മിറ്റിയാണെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയും ആയതിനാൽ മറ്റൊരു കണ്ണൂരുകാരനായ എം.വി ഗോവിന്ദനെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


