തിരുവനന്തപുരം: പാലായിൽ സിപിഎം വോട്ടുകൾ ചോർന്നെന്ന ജോസ് കെ മാണിയുടെ പരാതി ഗൗരവമായെടുക്കാൻ സിപിഎം. ഈ വിഷയത്തിൽ കേരളാ കോൺഗ്രസിന് പരിഭവമുണ്ടായാൽ പുത്തരിയിൽ തന്നെ കല്ലുകടിക്കുമെന്ന് സിപിഎം നേതൃത്വം തിരിച്ചറിയുന്നു. പാലായിലെ തോൽവി ഗൗരവമായെടുത്ത് കേരള കോൺഗ്രസിന്റെ പിണക്കം മാറ്റാനാണ് സിപിഎം ശ്രമം.

സിപിഎം മൽസരിച്ച സീറ്റുകൾ മാത്രമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കുന്നതെങ്കിലും പ്രത്യേക സാഹചര്യത്തിൽ യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കു വന്ന ഘടകകക്ഷി നേതാക്കൾ മത്സരിച്ച പാലാ, കൽപ്പറ്റ മണ്ഡലങ്ങളിലെ പരാജയവും ഗൗരവമായി പരിശോധിക്കും. പാലായുടെയും കൽപറ്റയുടെയും കാര്യത്തിൽ ബന്ധപ്പെട്ട ഘടകങ്ങൾ വേണ്ട ഗൗരവം പുലർത്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.

ഈ രണ്ട് സിറ്റിങ് സീറ്റുകളിലെ തോൽവി മുന്നണിയിലെ മുഖ്യകക്ഷിയെന്ന നിലയിൽ പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതായെന്നു സെക്രട്ടേറിയറ്റ് വിലയിരുത്തി. പാലായിൽ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമായി സിപിഎം വോട്ടുകൾ ചോർന്നെന്ന പരാതി യാഥാർത്ഥ്യാമാണെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനമുയർന്നു. പാലായിൽ ജോസ് കെ.മാണിയുടെയും കൽപറ്റയിൽ എം വിശ്രേയാംസ് കുമാറിന്റെയും തോൽവി സിപിഎം സംസ്ഥാന നേതൃത്വം നേരിട്ട് അന്വേഷിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ ജില്ലാനേതാക്കൾക്ക് പറയാനുള്ളത് കേട്ടിട്ടായിരിക്കും അന്തിമ തീരുമാനം.

കേരള കോൺഗ്രസ് യുഡിഎഫ് വിട്ടു വന്നതും എൽജെഡി തിരിച്ചെത്തിയതും തദ്ദേശ തിരഞ്ഞെടുപ്പിൽ എന്നതു പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രയോജനം ചെയ്തു. പത്തനംതിട്ടയിൽ 5 സീറ്റു നേടാൻ കഴിഞ്ഞതിൽ കേരള കോൺഗ്രസ് വഴി വന്ന ക്രിസ്ത്യൻ പിന്തുണ നിർണായകമായി. അതുകൊണ്ടുതന്നെ നിയമസഭാ പരാജയത്തിന്റെ പേരിൽ കേരളാ കോൺഗ്രസിനെയും എൽജെഡിയേയും പിണക്കാൻ സിപിഎം തയ്യാറല്ല. പാലായിലും കൽപറ്റയിലും സർവശക്തിയുമെടുത്തു സിപിഎം പോരാടിയോയെന്ന് നേതൃത്വം പരിശോധിക്കും. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ കുണ്ടറയും തൃപ്പൂണിത്തുറയും നഷ്ടപ്പെട്ട അതേ ഗൗരവത്തോടെ ഘടകകക്ഷികൾ പരാജയപ്പെട്ട ഈ സീറ്റുകളുടെ കാര്യത്തിലും നടപടിയുണ്ടാകും.

പാലായിൽ സിപിഎം വോട്ടുകൾ പൂർണമായും വീണില്ല എന്ന് ജോസ് കെ മാണി സിപിഎം നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഘടകകക്ഷി നേതാക്കളുടെ പരാജയം പരിശോധിക്കാൻ സിപിഎം മുന്നോട്ടുവന്നത്.
സിപിഎം തീരുമാനത്തോട് തന്ത്രപൂർവം ആണ് ജോസ് കെ മാണി പ്രതികരിച്ചത്. സിപിഎം വിലയിരുത്തൽ നടത്തിയത് ആ പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് ജോസ് കെ മാണി പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനോട് പ്രതികരിക്കാൻ താല്പര്യമില്ല. കേരള കോൺഗ്രസും ഇക്കാര്യത്തിൽ പ്രത്യേകം പരിശോധന നടത്തി വരുന്നുണ്ട്. ആദ്യഘട്ട പരിശോധന പൂർത്തിയായിട്ടുണ്ട്. ഇനിയും കൂടുതൽ പരിശോധന നടത്തേണ്ടത് ഉണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം പാലായിലെ തോൽവി സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ പാർട്ടി നടത്തിയത് എന്താണ് എന്ന ചോദ്യത്തോട് ജോസ് കെ മാണി പ്രതികരിച്ചില്ല. ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ആണ് എന്ന് മാത്രം പറഞ്ഞ് ജോസ് കെ മാണി ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പാലായിൽ സിപിഎം കേരള കോൺഗ്രസ് എം വിഭാഗങ്ങൾ തമ്മിൽ പലയിടത്തും നിസ്സഹകരണം ഉണ്ടായിരുന്നു. സിപിഎം അംഗമായ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് നേതാവായ ബൈജു കൊല്ലം പറമ്പിലും നഗരസഭയിൽ അടി പിടി ഉണ്ടാക്കിയത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു.


കേരള കോൺഗ്രസ് പലയിടത്തും സിപിഎം നേതൃത്വത്തെ വേണ്ടവിധത്തിൽ പരിഗണിച്ചില്ല എന്ന പരാതിയും പ്രാദേശിക സിപിഎം നേതൃത്വത്തിന് ഉണ്ട്. പ്രചരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിന് അടക്കം കേരള കോൺഗ്രസ് ഒറ്റയ്ക്ക് പല ആസൂത്രണങ്ങളും നടത്തിയെന്നും സിപിഎം നേതാക്കൾക്ക് അഭിപ്രായമുണ്ട്. പാർട്ടി അന്വേഷണം വരുന്ന സമയത്ത് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനാകും പ്രാദേശിക സിപിഎം നേതൃത്വം ശ്രമിക്കുക.

പാലായിൽ സിപിഎം വോട്ടുകൾ ചേർന്നിട്ടില്ല എന്നായിരുന്നു അന്ന് ജില്ലാ സെക്രട്ടറിയും ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയുമായ വി എൻ വാസവൻ പ്രതികരിച്ചത്. ബിജെപി വോട്ടുകൾ ചോർന്നത് മൂലമാണ് മാണി സി കാപ്പൻ വിജയിച്ചത് എന്നും സിപിഎം ആരോപിച്ചിരുന്നു. ഇതേ നിലപാട് തന്നെയായിരുന്നു ജോസ് കെ മാണിയും തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ അറിയിച്ചിരുന്നത്. അതിനുശേഷമാണ് സിപിഎം വോട്ട് ചോർന്നു എന്ന പരാതി ജോസ് കെ മാണി നൽകിയത്. ബിജെപി വോട്ടുകൾ മാണി സി കാപ്പന് ലഭിച്ചതാണ് തോൽവിക്ക് കാരണം എന്ന് പരസ്യമായി കൊണ്ടുവരാനാണ് കേരള കോൺഗ്രസ് എമ്മും സിപിഎമ്മും ശ്രമിക്കുക. എന്നാൽ പ്രാദേശികതലത്തിൽ ഉണ്ടായ തർക്കം തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമായി എന്ന വിലയിരുത്തലാണ് ആഭ്യന്തരമായി പാർട്ടികൾ നടത്തിവരുന്നത്.

മാറിയ സാഹചര്യത്തിൽ ന്യൂനപക്ഷവോട്ടുകൾ എൽഡിഎഫിലേയ്ക്ക് വന്നത് വിജയകാരണമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ചാഞ്ചാടുന്ന ഈ വിഭാഗങ്ങളെ ഉറപ്പിച്ചു നിർത്താനുള്ള ശ്രമമാണ് ഇനി വേണ്ടത്.

യുഡിഎഫിന് വലിയ പരാജയം സംഭവിച്ചെങ്കിലും അവരെ വില കുറച്ചു കാണാൻ കഴിയില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. അതേസമയം ബിജെപിയുടെ തള്ളിക്കയറ്റത്തെ പ്രതിരോധിക്കാൻ കഴിഞ്ഞു. ചില ശക്തികേന്ദ്രങ്ങൾ ബിജെപിക്ക് ഉണ്ടെങ്കിലും നേതൃത്വത്തിന്റെ ദൗർബല്യങ്ങൾ തിരഞ്ഞെടുപ്പിൽ പ്രകടമായി. എൻഡിഎ മുന്നണി സംവിധാനം പേരിനു മാത്രമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര ഏജൻസികളെ മുൻനിർത്തിയുള്ള ആക്രമണത്തിന്റെ തോതു കുറഞ്ഞതോടെ അതിനു പിന്നിലെ രാഷ്ട്രീയ ലാക്ക് ജനങ്ങൾക്കു ബോധ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കോവിഡ് കാല വാർത്താ സമ്മേളനങ്ങൾ ജനങ്ങളെ സർക്കാരിനോടും എൽഡിഎഫിനോടും ബന്ധിപ്പിച്ചു നിർത്തിയെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

തുടർഭരണം പിണറായി വിജയന്റെ നേട്ടമാണെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. 1957 മുതലുള്ള ഇടതു സർക്കാരുകൾ ലക്ഷ്യമിട്ട നേട്ടമാണു മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ഭരണത്തിലൂടെ നേടിയത്. മാറി മാറി മുന്നണി സർക്കാരുകൾ വരുന്ന കേരളത്തിലെ രീതി തന്നെ ഇതോടെ ഇല്ലാതായി. പ്രളയം, കോവിഡ് ദുരന്തങ്ങളെ സർക്കാർ നേരിട്ട രീതി ജനസ്വീകാര്യത വർധിപ്പിച്ചെന്നും സിപിഎം വിലയിരുത്തി.