തിരുവനന്തപുരം: വി എസ് അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ച് മത്സരിച്ചതിനാൽ ജയം ഉറപ്പാണെന്ന് മിക്കവാറും എല്ലാ സിറ്റിങ് എംഎൽഎമാരും കരുതുന്നു. കഴിഞ്ഞ തവണ ജയിച്ച സീറ്റുകളിൽ ബഹുഭൂരിഭാഗവും സിപിഐ(എം) നിലനിർത്തും. അതുകൊണ്ട് തന്നെ മത്സര്തതിന് എല്ലാവരും തയ്യാർ. എന്നാൽ വിട്ടുവീഴ്ചയ്ക്ക് സിപിഐ(എം) തയ്യാറല്ല. രണ്ടുതവണ എന്ന കടമ്പയിൽ തട്ടി ഇത്തവണ പല സിപിഐ(എം) എംഎൽഎമാരും സീറ്റ് നഷ്ടമാകും. രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചവരെ പരിഗണിക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റിയുടെ വ്യവസ്ഥ കർശനമായി നടപ്പാക്കും.

കൊല്ലത്തു സിറ്റിങ് എംഎൽഎമാരായ പി. കെ. ഗുരുദാസൻ, അയിഷാ പോറ്റി എന്നിവരുടെ പേരുകൾ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശുപാർശ ചെയ്തില്ല. വ്യവസ്ഥ നടപ്പായാൽ തിരുവനന്തപുരം ജില്ലയിലെ വാമനപുരം മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ കോലിയക്കോട് കൃഷ്ണൻനായർക്കു മാറേണ്ടിവരും. അഞ്ചു തവണയാണു കോലിയക്കോട് മത്സരിച്ചത്. ആലപ്പുഴയിൽ എംഎൽഎമാരായ സി. കെ. സദാശിവനും എ. എം. ആരിഫുമാണ് സാധ്യതാ പട്ടിക അനുസരിച്ചു പുറത്തു നിൽക്കുന്ന രണ്ടുപേർ. എന്നാൽ ആരിഫിന് സീറ്റ് കിട്ടാനാണ് സാധ്യത. സിപിഐ(എം) സംസ്ഥാന സമിതി അനുകൂല തീരുമാനം എടുത്തേക്കും. മുൻ മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്കിനും ജി. സുധാകരനും ഇളവു നൽകണമെന്നു ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തിരുന്നു. അരൂരിൽ വിജയസാധ്യത എ. എം. ആരിഫിനാണെന്ന അഭിപ്രായത്തോടെയാണ് വിഷയം സംസ്ഥാന സമിതിക്ക് വിട്ടത്. പത്തനംതിട്ട ജില്ലയിലെ ഏക സിറ്റിങ് സിപിഐ(എം) എംഎൽഎയായ രാജു ഏബ്രഹാം വീണ്ടും മത്സരിക്കും. റാന്നിയിൽ രാജു എബ്രഹാമിന് മാത്രമേ ജയിക്കാൻ കഴിയൂ എന്നാണ് സൂചന.

കോട്ടയം ജില്ലയിലെ ഏക എംഎൽഎ സുരേഷ് കുറുപ്പ് എംപിയും എംഎൽഎയുമൊക്കെയായി അഞ്ചു ടേം പൂർത്തിയാക്കിയതിനാൽ മത്സരിക്കണമെങ്കിൽ ഇളവു കിട്ടണം. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പട്ടികയിൽ ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളിൽനിന്നു കഴിഞ്ഞ തവണ വിജയിച്ച കെ. കെ. ജയചന്ദ്രൻ, എസ്. രാജേന്ദ്രൻ എന്നിവരുടെ പേരില്ല. ജില്ലാ സെക്രട്ടറികൂടിയായ കെ. കെ. ജയചന്ദ്രൻ ഇത്തവണ മത്സരിക്കില്ല. ഉടുമ്പൻചോലയിൽ പകരം സെക്രട്ടേറിയറ്റ് അംഗം എം. എം. മണി മത്സരിക്കും. പാലക്കാട്ട് സിറ്റിങ് എംഎൽഎ കെ. വി. വിജയദാസിന്റെ പേരു മാത്രമാണുള്ളത്. ഇദ്ദേഹം ഒരു തവണ മാത്രമാണു മത്സരിച്ചത്. രണ്ടു തവണയിലേറെ മത്സരിച്ച വി. ചെന്താമരാക്ഷൻ (നെന്മാറ), എം. ഹംസ (ഒറ്റപ്പാലം), കെ. എസ്. സലീഖ (ഷൊർണൂർ), എ. കെ. ബാലൻ (തരൂർ), എം. ചന്ദ്രൻ (ആലത്തൂർ) എന്നിവരുടെ പേര് പട്ടികയിലില്ല. എ. കെ. ബാലൻ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായതിനാലാണ് ഇവിടെനിന്നു പേരു നിർദേശിക്കാത്തത്.

ഇതു തന്നെയാണ് എല്ലാ ജില്ലകളിലേയും പൊതുവികാരം. അതിനിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മത്സരിക്കണമെന്ന് സിപിഐ(എം) അവയ്‌ലബിൾ പോളിറ്റ് ബ്യൂറോ തീരുമാനിച്ചതായി സൂചന. തീരുമാനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കും. കഴിഞ്ഞ രണ്ടു തവണ വി.എസിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉണ്ടായതു പോലുള്ള തർക്കം ഇത്തവണ ഉണ്ടാകാതിരിക്കാനാണ് പി.ബി തീരുമാനം ആദ്യമേ തന്നെ സംസ്ഥാന ഘടകത്തിന് നൽകുന്നത്. 2006 ലും 2011 ലും വി.എസിന് സംസ്ഥാന കമ്മിറ്റി സ്ഥാനാർത്ഥിത്വം നിഷേധിച്ച ശേഷം പി.ബി ഇടപെട്ട് അത് തിരുത്തുകയായിരുന്നു.

പശ്ചിമ ബംഗാളിൽ നിന്നുള്ള ഭൂരിപക്ഷം അംഗങ്ങളും വി എസ് മത്സരിക്കണമെന്നും പ്രചാരണത്തിന് നേതൃത്വം നൽകണമെന്നുമാണ് ആവശ്യപ്പെട്ടതെന്ന് അറിയുന്നു. ഇക്കാര്യം യെച്ചൂരി അവയ്‌ലബിൾ പി.ബിയിൽ റിപ്പോർട്ടു ചെയ്തു. വി എസ് മത്സരിക്കാതെ പ്രചാരണം മാത്രം നടത്തിയാൽ മതിയെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും അദ്ദേഹം പി.ബിയെ അറിയിച്ചു.സംസ്ഥാനത്തെ ഇപ്പോഴത്തെ അനുകൂല സാഹചര്യം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത് എന്ന നിലപാടാണ് പി.ബി അംഗങ്ങൾ സ്വീകരിച്ചത്. വി.എസും പിണറായിയും മത്സരിക്കുന്നതിലൂടെ പാർട്ടിക്കും ഇടതു മുന്നണിക്കും വന്മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് പി.ബി വിലയിരുത്തിയത്. വി.എസിനെ ഒഴിവാക്കിയാൽ അത് തിരിച്ചടി ഉണ്ടാക്കുമെന്നും പി.ബി വിലയിരുത്തി.

അതിനിനടെ തെരഞ്ഞെടുപ്പിനു രണ്ടുമാസത്തിലേറെ ഉള്ളതിനാൽ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പതുക്കെമതിയെന്ന് ഇടതുമുന്നണിയിൽ ചിന്തയെന്നും സൂചനയുണ്ട്. ഈമാസം 20ന് സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാൻ നേരത്തെ കൈക്കൊണ്ട തീരുമാനത്തിലാണു പുനരാലോചന. എന്നാൽ സിപിഐ(എം) നേരത്തെ നിശ്ചയിച്ച സ്ഥാനാർത്ഥിനിർണയ പ്രക്രിയയിൽ മാറ്റമൊന്നും ഇതുവരെയില്ല. പുറത്തുനിൽക്കുന്ന 11 കക്ഷികളെ സഹകരിപ്പിച്ചു മുന്നോട്ടുപോകും. പുതിയ പാർട്ടിയായ കേരള കോൺഗ്രസിന്റെ (ഡി) കാര്യത്തിലും ഇതായിരിക്കും സമീപനം. ഇവരടക്കമുള്ളവരുമായി രണ്ടാംറൗണ്ട് സീറ്റ് ചർച്ച 15ന് ആരംഭിക്കും. സീറ്റ് വിഭജനചർച്ച തീരാൻ ഒരാഴ്ചയിലേറെ എടുക്കുമെന്നാണു കണക്കുകൂട്ടൽ.