തിരുവനന്തപുരം: ഭാരത ക്ഷേത്രം വാഴും പ്രജാപതി നരേന്ദ്ര 'മോന്തി' ജിയുടെ കറൻസിമേധത്തിനെതിരെ ചോദ്യങ്ങളുന്നയിച്ചും പരിഹാസവർഷം ചൊരിഞ്ഞും സിപിഎമ്മിന്റെ ജനകീയ വിചാരണ. നോട്ട് നിരോധനത്തിനെതിരെയും ഗാന്ധിജി ചർക്കയിൽ നൂൽ നൂൽക്കുന്ന ചിത്രത്തിനു പകരം സ്വന്തം ചിത്രം കലണ്ടറിൽ അച്ചടിച്ച നരേന്ദ്ര മോദിയുടെ പരിഷ്‌കാരങ്ങളെ കണക്കിന് പരിഹസിക്കുന്നതുമായിരുന്നു കലാസംഘം അവതരിപ്പിച്ച ലഘു നാടകം. പ്രധാനമന്ത്രിയുടെ ഏത് തീരുമാനത്തെയും കണ്ണടച്ച് വിശ്വസിക്കുന്ന അനുയായികളെയും നാടകം കണക്കിന് പരിഹസിച്ചു. എസ്എഫ്ഐ കലാസംഘം രംഗാവിഷ്‌കാരം നടത്തിയ നാടകത്തിന്റെ രചനയും സംവിധാനവും നടത്തിയത് സിപിഐ(എം) സംസ്ഥാന സമിതി അംഗം പിരപ്പൻകോട് മുരളിയായിരുന്നു.

കള്ളപ്പണം തിരികെ കൊണ്ട് വരുന്നതിനായുള്ള പോരാട്ടത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ദുഷ്ടശക്തികളായ 500, 1000 എന്നീ കറൻസികൾ പിൻവലിച്ച് കൊണ്ട് കറൻസിമേധം ആരംഭിച്ചിരിക്കുകയാണ് ഭാരത ക്ഷേത്രം വാഴും പ്രജാപതി 'മോന്തി'ജി എന്ന പെരുമ്പറ മുഴക്കിയുള്ള വിളംബരത്തോടെയായിരുന്നു നാടകത്തിന്റെ തുടക്കം. ഏകദേശം 20 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന ലഘു നാടകത്തിൽ സംഘപരിവാരത്തിന്റെ സംസ്ഥാന ദേശീയ നേതാക്കളും കഥാപാത്രങ്ങളായി. പിന്നീട് ജനകീയ പ്രക്ഷോഭം പൊട്ടിപുറപ്പെടുന്നതും മോന്തിയെ കൈയോടെ പിടികൂടി ജനങ്ങൾ കോടതിയിലെത്തിക്കുന്നതുമാണ് കഥാസാരം. ജനങ്ങളുടെ പ്രശ്നങ്ങൾ കോടതിയിലെത്തിയപ്പോൾ തനിക്ക് ഇവ പരിഹരിക്കുന്നതിനെ കുറിച്ച് ചില വിദേശ നേതാക്കളോട് ചർച്ച നടത്തേണ്ടതുണ്ടെന്ന് പറഞ്ഞ് സ്ഥലം വിടുന്ന മോദിയുടെ രംഗമായിരുന്നു നാടകത്തിന്റെ അവസാനം

കറൻസിമേധം വിളംബരത്തിന് ശേഷം 'മോന്തിജിയും കുബുദ്ധി കുലശേഖരനും കൗശിക് അംബാനിയും വരുൺ ഇറ്റ്ലി'യും ഏവരും രംഗപ്രവേശനം ചെയ്യുന്നു. തുടർന്ന് ഹൈന്ദവ മന്ത്രങ്ങളുയർത്തി കൈയിൽ തോക്കുമായി എത്തുന്ന ഒരു സ്വാമി തന്റെ കൈവശമുള്ള തോക്ക് മോന്തിജിക്ക് സമ്മാനിക്കുകയാണ്. തുടർന്ന് ഏവരും മോന്തിയുടെ നോട്ട് നിരോധനത്തെ വാനോളം പുകഴ്‌ത്തുന്നു.എല്ലാം ജനങ്ങൾക്ക് വേണ്ടിയാണെന്നും ഇതിനെ എതിർക്കുന്നവർ രാജ്യദ്രോഹികളും രാജ്യ പുരോഗതിക്ക് തടസ്സം നിൽക്കുന്ന കള്ളപ്പണക്കാരുടെ കൈയിലെ പാവകളാണെന്നുമുള്ള വിവരം നാട്ടുകാരെ അരിയിക്കാൻ ഇപ്പോൾ തന്നെ അവരിലേക്ക് ഇറങ്ങി ചെല്ലണം എന്ന് മോന്തിജി ആഹ്വാനം ചെയ്യുമ്പോൾ അത് ഇപ്പോൾ തന്നെ വേണോ എന്ന ഒരു അനുയായിയുടെ ചോദ്യം സദസ്സിൽ ചിരിയും കൈയടിയും പടർത്തി.

ജനങ്ങളിലേക്ക് ഇറങ്ങാൻ നേതാക്കൾ തയ്യാറെടുക്കുമ്പോൾ നോട്ടിനായി ബാങ്കിനുമുന്നിൽ ക്യൂ നിന്നവരും സ്വന്തം പണം സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടും അത്യാവശ്യത്തിന് ഉപയോഗിക്കാനാകാത്തതിൽ പ്രതിഷേധിച്ച് ഒരു സംഘം യുവാക്കൾ നോട്ട് നിരോധനം പിൻവലിക്കണമെന്നും സഹകരണ മേഖലയെ കുളംതോണ്ടരുതെന്നും മുദ്രാവാക്യമുയർത്തി എത്തുന്ന സംഘം കൈയോടെ പിടിച്ച് കോടതിയിൽ നിങ്ങൾ ജനകീയ വിചാരണ നേരിടണമെന്ന പ്രഖ്യാപനത്തോടെ നാടകത്തിന്റെ ആദ്യ രംഗം പൂർണമാകുന്നു.

രണ്ടാമത്തെ രംഗത്തിൽ മോന്തിയെ കോടതിയിലെത്തിക്കുന്നു. തന്റെ തീരുമാനങ്ങൾ മികച്ചതെന്ന ഗൗരവത്തോടെ കോടതിയിലെത്തുന്ന മോന്തി വീണ്ടും സദസ്സിൽ ചിരി പടർത്തി. കോടതിയിൽ തന്റെ തീരുമാനങ്ങൾ ശരിയെന്നും 56 ഇഞ്ച് നെഞ്ചിന്റെ ഉടമയണ് താനെന്നുമുള്ള പ്രഖ്യാപനവും കൈയടി നേടി. മോദിയെ വിചാരണ ചെയ്യുന്ന വക്കീലിനെ മോന്തിയുടെ വക്കീൽ തടസ്സപ്പെടുത്തുന്നതും അദ്ദേഹത്തെ എതിർക്കുന്നത് രാജ്യദ്രോഹമാണെന്നും പ്രസ്താവിക്കുന്നതിനെ കോടതി തടയുന്നതും സദസ്സിൽ ആവേശമുയർത്തി.

കോടതിയിലേക്ക് വീണ്ടും ജനങ്ങൾ മുദ്രാവാക്യം വിളിച്ചെത്തി. മോന്തിയുടെ വാദങ്ങളെ അവർ എതിർത്തു. വിദേശത്തുള്ള കള്ളപ്പണം പിടികൂടാൻ എന്തിനാണ് സാധാരണക്കാരായ തങ്ങളുടെ കഴുത്തിന് പിടിക്കുന്നത്. എവിടെ നിങ്ങൾ വാഗ്ദാനം ചെയ്ത 15ലക്ഷം രൂപ, ഒരിക്കൽ നിങ്ങൾ തന്നെ വാനോളം പുകഴ്‌ത്തിയ സഹകരണ സംഘങ്ങളിൽ കള്ളപ്പണം നിക്ഷേപിക്കുന്നു പാവപ്പെട്ടവർ എന്ന് നിങ്ങൾ എന്തിന് പ്രസ്താവിച്ചു തുടങ്ങിയ ചോദ്യങ്ങൾ 132 കോടി ജനങ്ങഉടെ പ്രതിനിധിയായെത്തിയ യുവാവ് ചോദിക്കുമ്പോൾ അതിന് മറുപടി പറയാൻ കോടതി മോന്തിയോട് ആവശ്യപ്പെടുന്നു. അപ്പോൾ തനിക്ക് വിദേശത്ത് പോയി ചർച്ച നടത്തണമെന്ന് പറയുന്നത് മോദിയുടെ വിദേശ യാത്രകളെ പരിഹസിക്കുന്നതായിരുന്നു. ഇതു തന്നെയായിരുന്നു നാടകത്തിന്റെ അവസാന രംഗവും.

നാടകത്തിന് മുന്നോടിയായി നടന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം മുതൽ മോദി നടത്തിയ പ്രഖ്യാപനങ്ങളും ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് പിണറായി വിജയൻ പ്രധാനമന്ത്രിയെ വിമർശിച്ചു.