തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്തു ജേക്കബ് തോമസ് തുടരും. ഇപ്പോഴത്തെ വിവാദത്തിൽ സിപിഎമ്മിന്റെ പൂർണ പിന്തുണ ജേക്കബ് തോമസിന്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് മാറേണ്ടെന്നാണു സിപിഐ(എം) തീരുമാനിച്ചത്. എ കെ ജി സെന്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ അവൈലബിൾ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് യോഗവും ചേർന്നു. ഇതിനു പിന്നാലെയാണ് ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന തീരുമാനം.

അതിനിടെ, ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും ജേക്കബ് തോമസിനെ പിന്തുണച്ചു രംഗത്തെത്തി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റരുതെന്നാണു വി എസ് ആവശ്യപ്പെട്ടത്. ഇതെല്ലാം പരിഗണിച്ചാണ് സിപിഐ(എം) തീരുമാനം. ജേക്കബ് തോമസിനെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ച നിലപാട് എടുത്തു. ഇപി ജയരാജന്റെ രാജിയുമായി ബന്ധപ്പെടുത്തി ജേക്കബ് തോമസ് വിഷയം പ്രതിപക്ഷം ചർച്ചയാക്കിയിരുന്നു. ഇതോടെയാണ് ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന നിലപാട് സിപിഐ(എം) എടുത്തതെന്നതും ശ്രദ്ധേയമാണ്. അഴിമതിക്കേസുകളിൽ ജേക്കബ് തോമസിന്റെ നിലപാട് അംഗീകരിക്കാതിരുന്നാൽ തിരിച്ചടിയുണ്ടാകുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. എല്ലാത്തിനുമുപരി മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് നിർണ്ണായകമായത്.

ഈ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം മന്ത്രിസഭ തള്ളു. തൽസ്ഥാനത്ത് തുടരാൻ നിർദ്ദേശിക്കുകയും ചെയ്യും. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ തൽസ്ഥാനത്ത് തുടരുമെന്ന് തന്നെയാണ് ജേക്കബ് തോമിസന്റെ നിലപാട് എന്നാണ് സൂചന. വിജിലൻസ് ഡയറക്ടർസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഡോ. ജേക്കബ് തോമസ് സർക്കാരിന് കഴിഞ്ഞ ദിവസം കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാൽ വിജിലൻസിൽനിന്ന് ഒഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് ജേക്കബ് തോമസ് കത്ത് നൽകിയത്. ഈ കത്ത് രാവിലെ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.

തുറമുഖ ഡയറക്ടറായിരിക്കെ സോളാർ പാനൽ സ്ഥാപിച്ചതിൽ ക്രമക്കേടുണ്ടെന്ന, കെ എം മാണി ധനമന്ത്രിയായിരിക്കെ ധനകാര്യപരിശോധനവിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞദിവസം ചില കേന്ദ്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയിൽ ബഹളംവച്ചിരുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ജേക്കബ് തോമസിനെതിരെ ചില കേന്ദ്രങ്ങൾ രംഗത്തുവന്നത്. യുഡിഎഫ് ഭരണകാലത്ത് കെ എം മാണിക്കെതിരെ ബാർ കോഴക്കേസ് അന്വേഷിച്ചപ്പോഴാണ്, അദ്ദേഹത്തിന്റെതന്നെ വകുപ്പ് ജേക്കബ് തോമസിനെ കുടുക്കാൻ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ജേക്കബ് തോമസിനെ പിന്തുണയ്ക്കാനാണ് സിപിഐ(എം) സെക്രട്ടറിയേറ്റും തീരുമാനിച്ചത്.

ഈ ഘട്ടത്തിൽ ജേക്കബ് തോമസിനെ മാറ്റിയാൽ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ പേരു ദോഷം സിപിഎമ്മിന് നേരെ ഉയരും. കഴിഞ്ഞ ദിവസം പ്രതിപക്ഷ എംഎൽഎ മാർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനിടിയിൽ നടന്ന ചർച്ചയാണ് ജേക്കബ് തോമസിന്റെ സ്ഥാനം ഒഴിയൽ കത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു. സിപിഎമ്മും കോൺഗ്രസും നേതാക്കളെ രക്ഷിക്കാനായി ജേക്കബ് തോമസിനെ ബലിയാടാക്കുന്നുവെന്നായിരുന്നു ബിജെപി നിലാപാട്. ഇത്തരം ചർച്ചകളെ ഇല്ലായ്മ ചെയ്യാൻ കൂടിയാണ് സിപിഐ(എം) സെക്രട്ടറിയേറ്റ് വിജിലൻസ് ഡയറക്ടർക്ക് അനുകൂലമായ നിലപാട് എടുക്കുന്നത്.

നേരത്തെ ജേക്കബ് തോമസിനെ മാറ്റി ഹേമചന്ദ്രനെ വിജിലൻസ് ഡയറക്ടറാക്കാൻ സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചരട് വലികൾ നടത്തിയിരുന്നു. ഇത് മനസ്സിലാക്കി കൂടിയാണ് അതിവേഗം ജേക്കബ് തോമസിന് അനുകൂലമാമായ തീരുമാനം മുഖ്യമന്ത്രി ഇടപെടെടുക്കുന്നത്. അതിനിടെ, ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും വിജിലൻസ് തലപ്പത്തുനിന്ന് മാറേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും പ്രതികരിച്ചു. ജേക്കബ് തോമസിനെതിരെ ചിലർ അപവാദ പ്രചാരണം നടത്തുകയാണ്. അതിനെ അവജ്ഞയോടെ തള്ളിക്കളയുന്നതായും വി എസ് പറഞ്ഞു.