- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവാഗതരോട് വല്യേട്ടൻ കുഞ്ഞനിയന്മാരോടുള്ള സ്നേഹം കാട്ടും; കേരള കോൺഗ്രസ് ജോസ് വിഭാഗവും എൽജെഡിയും അടക്കമുള്ള പുതുകക്ഷികൾക്ക് കൂടുതൽ സീറ്റുകൾ; ഭൂരിപക്ഷവും സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്ന് തന്നെ; സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി മാർച്ച് 10 ന് മുമ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ തീരുമാനം
തിരുവനന്തപുരം: തെക്കൻ-വടക്കൻ മേഖലാ ജാഥകൾ പൂർത്തിയായതോടെ സിപിഎം സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ തവണ സിപിഎം 92 സീറ്റിലാണ് മത്സരിച്ചത്. സിപിഐ 27 എണ്ണത്തിലും. മുന്നണിയിലേക്ക് പുതുതായിവന്ന കേരള കോൺഗ്രസ് ജോസ് വിഭാഗം, എൽജെഡി എന്നീ കക്ഷികൾക്ക് കൂടുതലായി സീറ്റ് കണ്ടെത്തണം. സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ച ചെയ്യാനാണ് പാർട്ടി തീരുമാനം. എൽഡിഎഫിലെ പുതിയ കക്ഷികൾക്ക് കൂടുതൽ സീറ്റുകൾ വിട്ടുനൽകും. പുതുതായി എത്തിയിട്ടുള്ള കക്ഷികൾക്ക് നൽകുന്ന ഭൂരിപക്ഷം സീറ്റുകളും സിപിഎമ്മിന്റെ അക്കൗണ്ടിൽനിന്ന് വിട്ടുനൽകാനാണ് തീരുമാനം. ഇതനുസരിച്ച് എട്ടോ ഒൻപതോ സീറ്റുകളിൽ സിപിഎമ്മിന് വീട്ടുവിഴ്ച ചെയ്യേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ മാർച്ച് പത്തിനു മുമ്പു പ്രഖ്യാപിക്കും. സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാനുള്ള ജില്ലാ കമ്മിറ്റി യോഗങ്ങൾ തിങ്കളാഴ്ച മുതൽ വിളിച്ചു ചേർക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നാലിനും അഞ്ചിനുമായി സംസ്ഥാന സമിതി ചേരും.
സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കു കടക്കും മുമ്പ് മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കും. രണ്ടു ദിവസത്തിനകം ഘടകക്ഷികളുമായുള്ള രണ്ടാംവട്ട ഉഭയകക്ഷി ചർച്ച നടത്തും. സീറ്റിനെച്ചൊല്ലിയുള്ള ചർച്ച നീണ്ടുപോവാതെ നോക്കണമെന്നാണ് സിപിഎം നേതൃയോഗത്തിലുണ്ടായ ധാരണ. രണ്ടു ഘടകക്ഷികൾ പുതിയതായി മുന്നണിയിലേക്കു വന്നതിനാൽ സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. നേതൃത്വം നൽകുന്ന പാർട്ടിയെന്ന നിലയിൽ സിപിഎം കൂടുതൽ സീറ്റുകൾ വി്ട്ടുനൽകാൻ ധാരണയായിട്ടുണ്ട്.
കേരള കോൺഗ്രസ് എം, എൽജെഡി എന്നീ കക്ഷികൾ മുന്നണിയിലേക്കു വന്നതോടെ എൽഡിഎഫിൽ പാർട്ടികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാവും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ആയിരുന്നപ്പോൾ മാണി വിഭാഗം 15 സീറ്റിലാണ് മത്സരിച്ചത്. അന്ന് ജെഡിയു ആയിരുന്ന എൽജെഡി ഏഴു സീറ്റിലും. ഇവർ മത്സരിച്ചു വന്ന 22 സീറ്റിൽ 15 എണ്ണമെങ്കിലും ഇത്തവണ ഇടതു മുന്നണി നൽകുമെന്നാണ് സൂചനകൾ. ഇതിനായി മുന്നണിയിലെ മുഖ്യകക്ഷികളായ സിപിഎമ്മും സിപിഐയും വിട്ടുവീഴ്ച ചെയ്യും.
സിപിഎം കഴിഞ്ഞ തവണ 87 പേരെ പാർട്ടി ചിഹ്നത്തിലും അഞ്ചു പേരെ സ്വതന്ത്രരായും മത്സരിപ്പിച്ചു. സിപിഐക്ക് 27 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇക്കുറി കേരള കോൺഗ്രസിനും എൽജെഡിക്കുമായുള്ള വിഭജനം പൂർത്തിയാവുമ്പോൾ സിപിഎമ്മിന്റെ സീറ്റുകളുടെ എണ്ണം 85 ആയി കുറഞ്ഞേക്കും. സിപിഐ രണ്ടു സീറ്റുകളാണ് വിട്ടുനൽകുക. കാഞ്ഞിരപ്പള്ളി വിട്ടുനൽകാനും സിപിഐക്ക് എതിർപ്പില്ല. 15 സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും കടുംപിടുത്തമില്ലെന്ന് കേരള കോൺഗ്രസും വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകളിൽ മത്സരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടുപ്രാവശ്യത്തിൽ കൂടുതൽ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് സിപിഎമ്മിലെ പൊതുധാരണയെങ്കിലും, വിജയ സാധ്യത നിർണായക ഘടകമാകും. അതേസമയം, സിപിഐയാകട്ടെ മൂന്നുപ്രാവശ്യത്തിൽ കൂടുതൽ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ