കണ്ണൂർ: ഉത്തരകേരളത്തിലെ ആരാധനാമൂർത്തികളിൽ ഔന്നത്യത്തിൽ നിൽക്കുന്ന ദൈവമാണ് മുത്തപ്പൻ. ഉടയാടകൾ ധരിച്ച് ഭക്തന്റെ മുന്നിൽ നേരിട്ടെത്തുന്ന ദൈവമായതിനാൽ തന്നെ ജനകീയദൈവം എന്ന കീർത്തിയും മുത്തപ്പനുണ്ടായി. ഒരു ജനതയുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും നിത്യസാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മുത്തപ്പനെ ഇക്കാരണങ്ങൾകൊണ്ടുതന്നെ കമ്യൂണിസ്റ്റുകാരും അംഗീകരിക്കുന്നു. ഇത്രത്തോളം ജനകീയ അടിത്തറയിൽ ആരാധിക്കപ്പെടുന്ന മറെറാരു മൂർത്തിയും വടക്കേ മലബാറിലില്ല. മുന്നൂറ്റിയെട്ടു മുത്തപ്പൻ മടപ്പുരകളാണ് മുത്തപ്പന്റെ ആസ്ഥാനത്തുണ്ടായിരുന്നതെന്ന് വിശ്വാസം. എന്നാൽ ഇന്നു മുക്കിനുമുക്കിനു മുത്തപ്പൻ മടപ്പുരകൾ ഉയർന്നുവരികയാണ്.

വിശ്വാസത്തേയും ആരാധനയേയും കുറിച്ചുള്ള കമ്യൂണിസ്റ്റ് സമീപനങ്ങളിൽ അടുത്ത കാലത്തുണ്ടായ മാറ്റങ്ങൾ സിപിഐ.(എം). ഉൾക്കൊണ്ടതിന്റെ തെളിവാണ് കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിലെ പാർട്ടി നിയന്ത്രണത്തിലുള്ള മുത്തപ്പൻ മടപ്പുര. സിപിഐ.(എം) കറ്റിയാട് ബ്രാഞ്ച് കമ്മിറ്റിയാണ് പാർട്ടിക്കാർക്കായി പാർട്ടി നടത്തുന്ന മുത്തപ്പൻ ദേവസ്ഥാനം ഒരുക്കിയത്. തെയ്യക്കോലം കെട്ടിയാടുന്ന പാർട്ടി അംഗത്തെ പുറത്താക്കുന്ന കാലമൊക്കെ ഇന്ന് പഴങ്കഥയായി മാറിയിരിക്കയാണ്. പതിവു തെറ്റാതെ എല്ലാ വർഷവും തിരുവപ്പന ഉത്സവം പോലും ഇവിടത്തെ പാർട്ടി നേതൃത്വമാണ് നടത്തുന്നത്. ഗോത്ര വർഗ ഭൂരിപക്ഷമുള്ള കറ്റിയാട് മേഖലയിൽ അവരുടേതായ ഒട്ടേറെ കാവുകൾ നിലകൊള്ളുന്നുണ്ട്. നായാട്ടിനു പ്രാമുഖ്യം നൽകുന്ന മുത്തപ്പനോട് അവർക്ക് അഭേദ്യബന്ധമുണ്ട്.

പാർട്ടി മുത്തപ്പൻ മടപ്പുര പണിയാൻ കാരണമായത് ഇങ്ങനെ- ഇവിടെയുള്ള തറവാട്ട് ദേവസ്ഥാനത്ത് നാട്ടുകാർ സഹകരിച്ചു നടത്തിവരുന്ന ഉത്സവത്തിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. അതേ തുടർന്നാണ് ഈ പ്രദേശത്ത് ഒരു ആരാധനാലയം വേണമെന്ന ആവശ്യത്തിന് പാർട്ടി അംഗീകാരം നൽകിയത്. വിശ്വാസത്തിന്റെ കാര്യത്തിൽ ഏറെ ജനകീയാടിത്തറയുള്ള മുത്തപ്പനെത്തന്നെ ഇവിടെ കുടിയിരുത്താമെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.

അങ്ങനെ പത്തു വർഷം മുമ്പു സ്ഥാപിച്ചതാണ് കറ്റിയാട് മുത്തപ്പൻ മടപ്പുര. ദേവസ്ഥാനം പണിയാൻ സിപിഐ.(എം)കാരായ കറ്റിയാട്ട് ചന്തുവും എം. വാസുവുമാണ് രംഗത്തിറങ്ങിയത്. സ്വന്തം ഭൂമി പകരം നൽകിയാണ് പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം എം. വാസു, ചന്തു വൈദ്യരുടെ ഒമ്പതര സെന്റ് സ്ഥലം വാങ്ങിയത്. ഇരുവരും ചേർന്നാണ് മടപ്പുര നിർമ്മാണ പ്രവർത്തനം നടത്തിയത്. മടപ്പുരയുടെ ഭരണം ഇപ്പോൾ പൂർണ്ണമായും പാർട്ടിയുടെ നിർവ്വഹണത്തിലാണ്.

പാർട്ടി നിശ്ചയിക്കുന്ന കമ്മിറ്റിക്കാണ് ഉത്സവം നടത്തുന്നതിനുള്ള മേൽനോട്ടം. മുത്തപ്പൻ മടപ്പുരക്ക് തൊട്ടടുത്ത സ്ഥലം പാർട്ടിയുടേതാണ്. മടപ്പുര പാർട്ടിയുടേതാണെങ്കിലും മടപ്പുര സ്ഥലത്ത് പാർട്ടി കൊടികൾ വയ്ക്കാറില്ല. മടപ്പുര സ്ഥിതി ചെയ്യുന്ന സ്ഥലത്തുകൊടികൾ വയ്ക്കുന്നത് പാർട്ടി തന്നെ വിലക്കിയിട്ടുണ്ട്. മടപ്പുരക്ക് ചുറ്റുമുള്ള പാർട്ടിവക സ്ഥലത്തുകൊടികൾ ഉയർത്താറുണ്ട്. മറ്റു ദൈവങ്ങളിൽ വിശ്വസിക്കാത്ത, മുത്തപ്പനിൽ മാത്രം വിശ്വാസം പ്രകടിപ്പിക്കുന്നവരുമുണ്ട്. മുൻ കാലങ്ങളിലും ഈ അവസ്ഥ ഉണ്ടായിരുന്നു. കണ്ണൂർ പറശ്ശിനിക്കടവിലും കുന്നത്തൂർ പാടിയിലും പോകുന്ന സിപിഐ.(എം)ക്കാർ മുത്തപ്പനെ സഖാവ് മുത്തപ്പനെന്ന് കളിയായും കാര്യമായും പറയാറുണ്ട്.

മുത്തപ്പന്റെ ഉടയാടകളെല്ലാം കടും ചുവപ്പ് നിറത്തിലായതിനാൽ പാർട്ടി പ്രവർത്തകരെ ഏറെ ആകർഷിക്കുന്ന ദൈവമായി മുത്തപ്പൻ മാറിയെന്നും കരുതാം. എന്നാൽ മുത്തപ്പൻ വേഷം കെട്ടുന്ന കോലധാരികൾ ഭക്തജനങ്ങളോട് ഭാവി പ്രവചനം നടത്തുന്നതിനെ പാർട്ടി എങ്ങനെയാണു കാണുന്നതെന്നു വ്യക്തമാക്കിയിട്ടില്ല.