- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവതാരങ്ങളെ സൂക്ഷിക്കണമെന്ന് ആദ്യ ഊഴത്തിൽ പിണറായി മുന്നറിയിപ്പ് നൽകിയിട്ടും പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്; രണ്ടാമൂഴത്തിൽ അവതാരങ്ങളെ പിടിക്കാൻ പാർട്ടി തന്നെ നേരിട്ട്; സൗഹൃദചൂണ്ടയുമായി വരുന്നവരെ കരുതിയിരിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം; പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും പാർട്ടി പിടിമുറുക്കുന്നു
തിരുവനന്തപുരം: തന്റെ ബന്ധുക്കളെന്ന് പറഞ്ഞ് വരുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയത് ഒന്നാമൂഴത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പാണ്. 'ഞാൻ മുഖ്യമന്ത്രിയായാൽ ബന്ധുക്കളെന്ന് പറഞ്ഞ് ചിലർ വരാം. ഇങ്ങനെ പറഞ്ഞ് ചിലർ നടക്കുന്നതായി അറിഞ്ഞു. അത്തരം അവതാരങ്ങളെ സൂക്ഷിക്കണം എന്നായിരുന്നു പിണറായിയുടെ വാക്കുകൾ. തന്റെ പേര് പറഞ്ഞ് അഴിമതി ചെയ്താൽ തനിക്കും ഉത്തരവാദിത്തമെന്നും പിണറായി പറഞ്ഞിരുന്നു. മെയ് 20 ന് രണ്ടാമൂഴം തുടങ്ങുന്നതിന് മുമ്പുള്ള ഇടവേളയിൽ എന്തൊക്കെ ആരോപണങ്ങൾ സർക്കാർ കേട്ടു എന്ന് എല്ലാവർക്കും അറിയാം. സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റേത് പോലുള്ള സൗഹൃദ വലയങ്ങൾ ഇനി സർക്കാരിലെ ഉന്നതരെ പിടികൂടരുതെന്നാണ് സിപിഎമ്മിന്റെ പുതിയ നിശ്ചയം. അതെ അവതാരങ്ങളോട് മുഖം തിരിച്ച് നിൽക്കാൻ തന്നെയാണ് പാർട്ടി നിർദ്ദേശം.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് എം.ശിവശങ്കർ വഴി മുഖ്യമന്ത്രിയുടെ ഓഫീസ്, മതഗ്രന്ഥ വിതരണ പ്രശ്നം വഴി മുൻ മന്ത്രി കെ.ടി.ജലീലിന്റെ ഓഫീസ്, സ്പീക്കർ ശ്രീരാമകൃഷ്ണനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ച സംഭവങ്ങൾ, അങ്ങനെ നെഗറ്റീവ് വാർത്തകൾ ഏറെയായിരുന്നു. ഇനി അതാവർത്തിക്കരുത് എന്നാണ് പാർട്ടി നൽകുന്ന കർശന നിർദ്ദേശം. കാര്യങ്ങൾ സാധിക്കാനും സ്വാധീനിക്കാനും മന്ത്രി ഓഫീസ് പരിസരങ്ങളിൽ ചൂണ്ടയുമായി എത്തുന്നവരോട് ജാഗ്രത കാട്ടണമെന്നാണ് പാർട്ടി നിർദ്ദേശം.
വെറും നിർദ്ദേശം മാത്രമല്ല, മന്ത്രിമാരുടെ ഓഫിസുകളിൽ സ്ഥിരം സന്ദർശനം നടത്തുന്നവരെ നിരീക്ഷിക്കാൻ പാർട്ടിതലത്തിൽ സംവിധാനമുണ്ടാക്കും. സ്വകാര്യ പരിപാടികളിൽ മന്ത്രിമാർ പങ്കെടുക്കും മുമ്പ് പാർട്ടിയുടേതായ അന്വേഷണമുണ്ടാകും. കളങ്കിത വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധന ഉണ്ടാകും. സ്പെഷൽ ബ്രാഞ്ചിനെ കൂടാതെ പാർട്ടി പ്രദേശിക ഘടകവും അന്വേഷണം നടത്തും. മന്ത്രിമാരായതിന് പിന്നാലെ സ്വീകരണ ചടങ്ങുകൾ പരമാവധി ഒഴിവാക്കാനും, വകുപ്പിനെ കുറിച്ച് ആഴത്തിൽ പഠിക്കാനും മുഖ്യമന്ത്രി ആദ്യമന്ത്രിസഭായോഗത്തിൽ നിർദ്ദേശം നൽകിയതും ഈ പശ്ചാത്തലത്തിലാണ്.
പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിയുടെ ഇരുമ്പ് മുഷ്ടി
രണ്ടാം ഇടതു സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ പാർട്ടി പിടിമുറുക്കുന്നു. സിപിഐഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരിൽ പാർട്ടിക്കാർ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം കൂട്ടില്ല. നിലവിലെ അംഗ സംഖ്യയായ 25 തന്നെ തുടരും.
ഒപ്പം സർക്കാർ ഡെപ്യൂട്ടേഷനിൽ വരുന്ന ഉദ്യോഗസ്ഥരിൽ 51 വയസ്സിൽ കൂടുതലുള്ളവർ വേണ്ടെന്നും പാർട്ടി തീരുമാനമെടുത്തു. സർക്കാർ കാലാവധിക്ക് മുമ്പ് വിരമിക്കുന്നവരെ പേഴ്സണൽ സറ്റാഫ് അംഗങ്ങളാക്കേണ്ടെന്ന തീരുമാനത്തിനു പുറത്താണിത്.
സ്ഥാനാർത്ഥി നിർണയത്തിലും മന്ത്രിമാരെ നിയമിച്ചതിലുമുള്ള അതേ കണിശതയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിലും സിപിഐഎം കൊണ്ടു വരുന്നത്. കഴിഞ്ഞ ഭരണ സമയത്ത് സർക്കാരിന്് പേരുദോഷമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളുടെ വീഴ്ചയുടെ പുറത്തായിരുന്നു. അത് ആവർത്താക്കാതിരിക്കാനാണ് സിപിഐഎം ശ്രമം.
മറുനാടന് മലയാളി ബ്യൂറോ