പത്തനംതിട്ട: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിലല്ല. പക്ഷേ, ഈ പഞ്ചായത്തിൽ, ടൗണിന്റെ ഒത്തനടുക്കായി നടക്കുന്ന ഒരു അനധികൃത നിർമ്മാണത്തിന് ചെങ്ങന്നൂരിൽ നാലു വോട്ടുണ്ട്. അതു കൊണ്ടു തന്നെ ആ അനധികൃതം അധികൃതമാക്കി മാറ്റാൻ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് ആദർശധീരരായ സിപിഎം ജില്ലാ നേതൃത്വം.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കാൻ കോഴഞ്ചേരിയിലെ അനധികൃത നിർമ്മാണം സാധുവാക്കണമെന്ന് അടിയന്തര ഇടതു മുന്നണി യോഗത്തിൽ സിപിഎം ജില്ലാ നേതൃത്വമാണ് ആവശ്യമുന്നയിച്ചത്. കോഴഞ്ചേരി കോളേജ് റോഡിൽ പഴയ അനുപമ കോളജിന്റെ ഒന്നാം നിലയിൽ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ നിർമ്മിച്ച മുറികൾക്ക്, നിർമ്മാണം ക്രമപ്പെടുത്തിയാണെന്ന് കാണിച്ച് ലൈസൻസ് നൽകാനാണ് നിർദ്ദേശം. പഞ്ചായത്ത് ഭരിക്കുന്നത് ഇടതുമുന്നണിയാണ്.

പ്രാദേശിക ഭാരവാഹികളെ പോലും വിഷയം അറിയിക്കാതെയാണ് ഇടതുപക്ഷ മുന്നണി പഞ്ചായത്ത് ഏകോപന സമിതി യോഗം കഴിഞ്ഞ ദിവസം രാവിലെ സിപിഎം ഓഫീസിൽ വിളിച്ചത്. ഏകോപന സമിതി അംഗങ്ങൾക്ക് പുറമെ പഞ്ചായത്തിലെ ഇടതു മുന്നണി ജനപ്രതിനിധികളും എത്തണമെന്ന് നിർദേശിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ് യോഗം വിളിച്ചു ചേർത്തത്. കെട്ടിട ഉടമകളായ റാന്നിക്കാർക്ക് ചെങ്ങന്നൂർ മണ്ഡലത്തിൽ കാര്യമായ സ്വാധീനം ഉണ്ടെന്നും ഇത് പ്രയോജനപ്പെടുത്താൻ സ്റ്റോപ്പ് മെമോ ഒഴിവാക്കി അനുമതി നൽകണമെന്നും ആവശ്യം ഉയർന്നു.

അനധികൃത നിർമ്മാണം സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്ന് പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ്കുമാറാണ് അനധികൃത നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചത്. സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളും ആദ്യ ഘട്ടത്തിൽ ഇതിനെ അനുകൂലിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുകയും ചെയ്തു.

എന്നാൽ മുകളിൽ നിന്നുള്ള നിർദ്ദേശം വന്നതോടെ ഇവർ പിൻവലിഞ്ഞു. ജനപ്രതിനിധികളായ ചിലർ അനധികൃത നിർമ്മാണം അനുകൂലിച്ച് രംഗത്തു വരികയും ചെയ്തു. ഇതോടെ വർഷങ്ങൾ നീണ്ട പ്രശ്നത്തിന് പരിഹാരം കാണാനാണ് ഇന്നലെ അടിയന്തര യോഗം വിളിച്ചത്. യോഗത്തിൽ പങ്കെടുത്ത ഘടകകക്ഷി നേതാക്കൾ ആരും നിർമ്മാണത്തെ സാധൂകരിക്കാൻ തയാറായില്ല. ഇതോടെ യോഗം വിളിച്ച സിപിഎം നേതാക്കൾ ഒറ്റപ്പെടുകയും ചെയ്തു.

എതിർപ്പ് കടുത്തതോടെ പ്രശ്നം നിയമപരമായ അപേക്ഷ സ്വീകരിച്ചു പരിഗണിക്കാൻ നിർദേശിച്ചു നേതാക്കൾ മടങ്ങി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയ കോഴഞ്ചേരിയിൽ നിന്നുള്ള ജില്ലാ കമ്മറ്റി അംഗം ബാബു കോയിക്കലേത്തിന്റെ അസാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിയേറ്റംഗം പിബി ഹർഷകുമാർ ഏരിയ സെക്രട്ടറി ആർ അജയകുമാർ, ലോക്കൽ സെക്രട്ടറി എംകെ വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, സിപിഎം. പഞ്ചായത്തംഗങ്ങൾ, ഡിവൈഎഫ്ഐ. ബ്ലോക്ക് പ്രസിഡന്റ് ബിജിലി പി ഈശോ, സിപിഐ. പ്രതിനിധി ചന്ദ്രശേഖര കുറുപ്പ് പഴഞ്ഞിയിൽ, ജനതാദൾ പ്രതിനിധി ബിജോ പി മാത്യു, സിപിഐ(എം.എൽ) പ്രതിനിധി കെഐ ജോസഫ് എന്നിവരാണ് പങ്കെടുത്തത്.