ആലപ്പുഴ : പ്രവാസിവോട്ടുകളുണ്ടായാൽ പത്തു നിയമസഭാസീറ്റിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണു സി പി എം. പ്രവാസജീവിതം നയിക്കുന്നവർക്ക് സ്വന്തം നാട്ടിൽ വോട്ടു ചെയ്യാനുള്ള അനുമതി നൽകുന്നതിന്റെ ഭാഗമായി നടന്ന അഭിപ്രായ സർവേയിലാണ് സി പി എം ആശങ്ക അറിയിച്ചത്. വിദേശരാജ്യങ്ങളിൽനിന്നും വോട്ടു രേഖപ്പെടുത്തുമ്പോൾ ക്രമക്കേടുകൾ ഉണ്ടാകുമെന്നാണ് സി പി എം കണ്ടെത്തിയിട്ടുള്ളത്.

ഇരുപത്തഞ്ചു ലക്ഷത്തോളം മലയാളികൾ പ്രവാസജീവിതം നയിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ കുടുംബസമേതം കഴിയുന്നവരാണ് അധികവും. ഇവരിൽ ഏറിയ ഭാഗവും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽനിന്നുള്ളവരാണ്. ഈ മേഖലയിൽനിന്നുള്ളവരുടെ വോട്ടുകൾ പൊതുവെ യു ഡി എഫ്, ലീഗ് വോട്ടുകൾ ആയതുകൊണ്ടുതന്നെ സി പി എം പ്രവാസിവോട്ടുകളോട് അത്ര പ്രിയം കാട്ടുന്നില്ല. പ്രവാസി വോട്ടുകൾ രേഖപ്പെടുത്തിയാൽ ഏകദേശം പത്തു നിയമസഭാ സീറ്റുകളിൽ പ്രതിഫലനം ഉണ്ടാകുമെന്നാണ് കണക്ക്. ഇത് ഇടതനുകൂലമാകാൻ സാദ്ധ്യത കുറവുമാണ്.

ഇതുതന്നെയാണ് സി പി എമ്മിനെ ഭയപ്പെടുത്തുന്നതും. കഴിഞ്ഞ നാലു കൊല്ലത്തിനിടയിൽ കേരളത്തിലെവിടെയും ഉപതെരഞ്ഞെടുപ്പ് വിജയം കടാക്ഷിക്കാത്ത സിപിഎമ്മിന് പ്രവാസി വോട്ടുകൾ നൽകുന്ന പ്രഹരം കൂടി താങ്ങാൻ കഴിയില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അതേസമയം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കാര്യമായ സംഭാവന ചെയ്യുന്ന പ്രവാസികൾക്ക് വോട്ടു രേഖപ്പെടുത്താൻ സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പെ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ വോട്ടുചെയ്യാൻ കഴിയുന്നതരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

പ്രവാസികൾക്കും സൈനികർക്കും അന്യനാട്ടിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കും വോട്ടു രേഖപ്പെടുത്താൻ കഴിയുന്ന സമഗ്ര നിയമഭേദഗതി ബില്ല് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണെന്നാണു കേന്ദ്രസർക്കാർ സുപ്രിം കോടതിയെ അറിയിച്ചത്. മന്ത്രിസഭ പാസാക്കിയാലുടൻ ജനപ്രാതിനിധ്യ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുമെന്ന് ചീഫ് ജസ്റ്റീസ് എച്ച്. എൽ ദത്തു അദ്ധ്യക്ഷനായ മുന്നംഗ ബഞ്ചിന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. പ്രവാസികൾക്ക് ഏതുവിധത്തിൽ വോട്ടിംഗിൽ പങ്കെടുക്കാൻ കഴിയുമെന്ന് അറിയിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനെയും സുപ്രിം കോടതി സമീപിച്ചിട്ടുണ്ട്.

ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകാൻ സംസ്ഥാന സർക്കാരും നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനായി ചേർന്ന സർവ്വ കക്ഷി യോഗത്തിലും പ്രോക്‌സി വോട്ട് സംവിധാനം ഏർപ്പെടുത്തുന്നതിനോട് സിപിഐ(എം) ഒട്ടും യോജിപ്പില്ല. ഓൺലൈൻ വോട്ടിങ് സംവിധാനം ഏർപ്പെടുത്തുന്നത് സാങ്കേതികമായി ശരിയാകില്ലെന്നാണ് നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസി മലയാളികൾക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം നൽകണമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്.

പ്രവാസിവോട്ടവകാശം ആദ്യമായി നടപ്പാക്കിയത് കേരളമാണ്. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസികൾക്ക് മാത്രമേ വോട്ട് ചെയ്യാനാവൂ. ഇത് വളരെ കുറച്ച് പേർക്ക് മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. ഈ സാഹചര്യത്തിൽ എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്ന ആവശ്യവുമുയർന്നു. ഗൾഫ്രാജ്യങ്ങളിൽ ഉൾപ്പെടെ ബൂത്തുകൾ സ്ഥാപിക്കുക അപ്രായോഗികമാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ വോട്ടിങ് അല്ലെങ്കിൽ പ്രോക്‌സി വോട്ടിങ് എന്നിവയിൽ ഏതെങ്കിലുമൊന്ന് പരിഗണിക്കേണ്ടിവരുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി കഴിഞ്ഞു.