- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടിക്കടി വരവും ഭീഷണിയും; മുതുകാട്ടിൽ മാവോയിസ്റ്റുകൾക്ക് എതിരെ സി പി എം; പോരാട്ടങ്ങൾ നയിച്ചത് നിങ്ങളെ പോലെ ഒളിച്ചിരുന്ന് അല്ലെന്ന് പോസ്റ്റുകൾ; നാളെ മുതുകാട് മേഖലയിൽ പ്രതിഷേധ ജ്വാല; ചക്കിട്ടപ്പാറ പഞ്ചായത്തിൽ പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും
കോഴിക്കോട്: മാവോയിസ്റ്റുകൾ നിരന്തരമായി എത്തുകയും സി പി എം നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പതിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പേരാമ്പ്രയ്ക്കടുത്തുള്ള മുതുകാട്ടിൽ മാവോയിസ്റ്റുകൾക്കെതിരെ രംഗത്തിറങ്ങി സി പി എം. പ്രദേശത്തെ ഇരുമ്പയിർ ഖനന വിഷയം ഉയർത്തിക്കാട്ടി എളമരം കരീം ഉൾപ്പെടെയുള്ള സി പി എം നേതാക്കൾക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന് എതിരെയും നിരന്തരം ഭീഷണികൾ ഉണ്ടാവുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധവുമായി സിപി എം രംഗത്തിറങ്ങുന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരണങ്ങളും പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകൾ ഭീഷണി മുഴക്കുന്ന ജനനേതാക്കളിൽ ഒരാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ആണ്. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഇറങ്ങി വന്ന് യുവജന പ്രസ്ഥാനത്തിന്റെ പേരാമ്പ്രയിലെ അമരക്കാരനായി ജില്ലയുടെയും സംസ്ഥാനത്തിന്റെയും നേതൃത്വ നിരയിലേക്ക് ഉയർന്നുവന്ന കെ സുനിൽ പോരാട്ടങ്ങൾ നയിച്ചത് നിങ്ങളെപ്പോലെ ഒളിച്ചിരുന്നല്ലെന്നാണ് പോസ്റ്റുകളിൽ വ്യക്തമാക്കുന്നത്.
വർഗീയവാദികളും മതതീവ്രവാദികളും ഭരണകൂട അജണ്ടകളുള്ള ഏമാന്മാരും പ്രസ്ഥാനത്തിന് എതിരെ വന്നപ്പോൾ പ്രതിരോധിക്കാൻ സുനിൽ ഈ നാടിന്റെ തെരുവുകളിൽ ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങൾക്കും കാട്ടുനീതികൾക്കും മുമ്പിൽ പതറാതെ നെഞ്ചു വിരിച്ച് മലയോര മേഖലയിലെ തൊഴിലാളികൾക്കും കൃഷിക്കാർക്കുമൊപ്പം അദ്ദേഹം ഒരു ഭീഷണിയും വകവയ്ക്കാതെ ഇനിയും ഉണ്ടാകുമെന്നും പ്രവർത്തകർ വ്യക്തമാക്കുന്നു.
ഇതേ സമയം മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് ചക്കിട്ടപ്പാറ പഞ്ചായത്തിൽ പൊലീസും തണ്ടർബോൾട്ടും പരിശോധന ശക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന് ഭീഷണിയുള്ളതിനാൽ തണ്ടർ ബോൾട്ട് മുഴുവൻ സമയ സുരക്ഷയുമൊരുക്കിയിട്ടുണ്ട്.
ഇരുമ്പ് ഖനനവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകൾ ഉയർത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് കെ സുനിൽ പറയുന്നത്. ഉമ്മൻ ചാണ്ടി ഭരിക്കുമ്പോഴാണ് പ്രദേശത്ത് ഇരുമ്പ് ഖനനത്തിന് സർവ്വേ നടത്താൻ കർണ്ണാടകയിലെ കമ്പനിക്ക് അനുവാദം നൽകിയത്. സർവ്വേ പ്രവർത്തനം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ജനങ്ങൾ തടഞ്ഞതാണ്. ഒരു മാവോയിസ്റ്റുകളുടെയും സഹായമില്ലാതെയാണ് സർവ്വേ തടഞ്ഞതെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണയാണ് പ്രദേശത്ത് സായുധരായ മാവോയിസ്റ്റ് സംഘമെത്തിയത്. ദിവസങ്ങൾക്ക് പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റ് മാനേജറുടെ ക്വാർട്ടേഴ്സിലെത്തിയ മാവോയിസ്റ്റ് സംഘം മാനേജർക്ക് ലഘുലേഖകൾ നൽകി. മുതുകാട്ടിലെ ഇരുമ്പയിര് ഖനനം തടയുകയാണ് ലക്ഷ്യമെന്നും അതിനായി എസ്റ്റേറ്റ് തൊഴിലാളികളിൽ നിന്ന് ഫണ്ട് പിരിച്ചു നൽകണമെന്നുമായിരുന്നു ആവശ്യം. പൊലീസിനെ അറിയിച്ചാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അവർ ഭീഷണി മുഴക്കിയിരുന്നു.
പ്ലാന്റേഷൻ ഗവ. ഹൈസ്കൂൾ പരിസരങ്ങളിലും മുൻവശത്തെ ബസ് സ്റ്റോപ്പിലും പോസ്റ്ററുകൾ പതിച്ചശേഷം 20 മിനിറ്റോളം ഇവിടെ വിശദീകരണ യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിനെതിരെയും ഭീഷണി ഉയർത്തിയാണ് ഇവർ മടങ്ങിയത്. ഇതിന് മുമ്പ് പയ്യാനിക്കോട്ട ദേവീക്ഷേത്രത്തിനടുത്തുള്ള ആനിക്കാട്ട് തോമസ്, ഉള്ളാട്ടിൽ ചാക്കോ എന്നിവരുടെ വീടുകളിൽ സ്ത്രീ അടങ്ങുന്ന മൂന്നംഗ സംഘം രാത്രി അതിക്രമിച്ചുകയറി ഭക്ഷണസാധനങ്ങൾ ബലമായി കൈക്കലാക്കിയിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.