- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓരോ മാസവും ലക്ഷങ്ങളുടെ ഇടപാടുകൾ; കൊലക്കേസ് പ്രതികളുടെ കേസ് നടത്തിപ്പ് വരെ; പാർട്ടിക്ക് തലവേദനയായി കുറികളും സംഘങ്ങളും; പേരാവൂരും കരുവന്നൂരും പോലെ സഹകരണ തട്ടിപ്പുകളും; അനധികൃത സാമ്പത്തിക സമാഹരണങ്ങൾ നിർത്തലാക്കാൻ സിപിഎം
കണ്ണൂർ: പാർട്ടിക്ക് തീരാ തലവേദനയായ ചെറുകിട ചിട്ടികളും സംഘങ്ങളും നിയന്ത്രിക്കാൻ സിപിഎം ഒരുങ്ങുന്നു. ഇതിനായുള്ള മാർഗരേഖ ജില്ലാ സമ്മേളനങ്ങളിൽ അവതരിപ്പിക്കാനാണ് തീരുമാനം. വടക്കെ മലബാറിലാണ് ഗ്രാമീണ അനൗപചാരിക സമ്പാദ്യ പദ്ധതിയെന്ന പേരിൽ സിപിഎം നിയന്ത്രിത സാംസ്കാരിക കേന്ദ്രങ്ങളും വായനശാലകളും പാർട്ടി ക്ളബ്ബുകളും പോഷക സംഘടനകളും സാമ്പത്തിക സമാഹരണം തുടങ്ങിയത്.
എൺപതുകളിൽ നെയ്ത്തുശാലകൾ, ബീഡി കമ്പനികൾ, കയർപിരി കമ്പനികൾ എന്നിവ കേന്ദ്രീകരിച്ചു തൊഴിലാളികളുടെ കൂട്ടായ്മകൾ ഇതു നടത്തിയിരുന്നു. തുടക്കത്തിൽ ഞാഴിലാളികളുടെ വ്യക്തിഗതമായ ആവശ്യങ്ങളായ വിവാഹം, ചോറുണ്, മരണാനന്തര കർമ്മങ്ങൾ, ഭവന നിർമ്മാണം, മക്കളുടെ വിദ്യാഭ്യാസം ആശുപത്രി ചികിത്സ തുടങ്ങിയവയ്ക്കു താങ്ങും തണലുമായിരുന്നു ഇത്തരം ലഘു സമ്പാദ്യ പദ്ധതികൾ. തങ്ങളുടെ കൂലിയിൽ നിന്നൊരു വിഹിതം മാറ്റിവയ്ക്കാനും തൊഴിലാളികൾക്കു അധികം പ്രയാസമില്ലാത കഴിഞ്ഞിരുന്നു
എന്നാൽ തൊണ്ണൂറുകളിൽ നാടിന്റെ മുക്കിലും മൂലയിലും സിപിഎം സ്ഥലം വാങ്ങി കുട്ടുകയും പാർട്ടി ഓഫിസുകളും ക്ളബ്ബുകളും നിർമ്മിക്കാൻ തുടങ്ങിയതോടെ തൊഴിൽ ശാലകളിൽ നിന്നും നാട്ടുമ്പുറങ്ങളിലേക്ക് ഇത്തരം സംഘങ്ങളും കുറികളും വിപുലപ്പെടുത്തി.
ബക്കറ്റ് പിരിവിനോടൊപ്പം ഇത്തരം സമ്പാദ്യ നിധിയിൽ നിന്നുള്ള ലാഭവുമാണ് സ്ഥലം വാങ്ങിക്കാനും കെട്ടിടനിർമ്മാണത്തിനുമായി ഉപയോഗിച്ചിരുന്നത്. രണ്ടായിരം പിന്നിടുമ്പോഴെക്കും ലക്ഷങ്ങൾ പിരിച്ചെടുക്കുന്ന കൊള്ള പലിശവാങ്ങുന്ന സാമ്പത്തിക ഇടപാടുകളായി ഇതു മാറി കഴിഞ്ഞിരുന്നു. സർക്കാർ സർവീസിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും അടുത്തൂൺ പറ്റിയ പാർട്ടിക്കാരായ ചിലർക്കായി ഇതിന്റെ കടിഞ്ഞാൺ.
ഓരോ മാസവും ലക്ഷങ്ങളുടെ ഇടപാട് തന്നെയാണ് ഇത്തരം സമ്പാദ്യ പദ്ധതിയിലൂടെ ഇവർ നടത്തിയിരുന്നത്. തലശേരി താലൂക്കിൽ ഇങ്ങനെ സമാഹരിക്കുന്ന പണത്തിൽ നിന്നും ഒരു വിഹിതം ചെലവഴിച്ചു കൊലക്കേസ് പ്രതികളുടെ കേസ് വരെ നടത്തിയിരുന്നു. ലാഭവിഹിതമായി കിട്ടിയിരുന്ന ലക്ഷങ്ങളിൽ നിന്നും കൈയറിയാതെ ഒരു വിഹിതം സി.പി. എം പ്രാദേശിക നേതൃത്വത്തിന് ലഭിച്ചിരുന്നതിനാൽ പാർട്ടി ഘടകങ്ങൾ ഇതിനു പിൻതുണയും സംരക്ഷണവും നൽകിയിരുന്നു. പാർട്ടി നടത്തുന്ന ചിട്ടികളായതുകൊണ്ടുപണമിടപാടുകൾ സുതാര്യമായിരിക്കുമെന്ന വിശ്വാസം ഇതിൽ ചേരുന്ന ജനങ്ങൾക്കുമുണ്ടായിരുന്നു.
എന്നാൽ ഇത്തരം ചിട്ടികൾ (വടക്കെമലബാർ ഭാഷയിൽ കുറി) പൊട്ടാൻ തുടങ്ങിയതോടെ സി.പി. എമ്മിന്റെ വിശ്വാസ്യതയ്ക്കു തന്നെ പലസ്ഥലങ്ങളിലും പോറലേൽക്കാൻ തുടങ്ങിയിരുന്നു. കുറിയിൽ നിന്നും ലഭിക്കുന്ന വൻതുകയ്ക്കു കണക്കും കൈയുമില്ലാതെയായതോടെ പലയിടങ്ങളിലും സി.പി. എം നേതൃത്വത്തിന് മധ്യസ്ഥത തന്നെ വിളിക്കേണ്ടി വരുന്നു. സാമ്പത്തിക ആരോപണങ്ങളിൽ കുടുങ്ങി ഉശിരൻ പ്രവർത്തകരെയും നേതാക്കളെയും പുറത്താക്കേണ്ടി വരികയും പണം തിരിച്ചു കൊടുക്കാനാവാതെ ഇടപാടുകാരുടെ മുൻപിൽ നാണം കെടുകയും ചെയ്തതോടെ സഹകരണബാങ്കുകകൾ മാത്രമേ ഇത്തരം ചിട്ടി നടത്താൻ പാടുള്ളുവെന്ന സർക്കുലർ പാർട്ടി ഇറക്കി.
എന്നാൽ കന്നിനെ കയം കാണിച്ചതു പോലെ മേലനങ്ങാതെ കിട്ടുന്ന ലാഭവിഹിതത്തിൽ മഞ്ഞളിച്ചു പലരും പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ഇത്തരം കുറികൾ പാർട്ടി സഥാപനങ്ങളിൽ നിന്നും മാറ്റി സ്വന്തമായി വാടകയ്ക്കെടുത്തു ക്ലബുകൾ തുടങ്ങി നടത്തുന്ന പ്രവണതയുമുണ്ടായി. ഇതിനിടെയാണ് രണ്ടായിരത്തിന്റെ തുടക്കത്തിൽ സിപിഎം സമ്മേളനങ്ങളിൽ തെറ്റുതിരുത്തൽ രേഖ അവതരിപ്പിക്കപ്പെടുന്നത്.
ഈ രേഖയുടെ കാതലായ ഭാഗം തന്നെ പാർട്ടി അംഗങ്ങളോ ബന്ധുക്കളോ, സ്ഥാപനങ്ങളോ, വർഗബഹുജന സംഘടനാഭാരവാഹികളോ ഇത്തരം സാമ്പത്തിക കാര്യങ്ങളിൽ ഇടപെടരുതെന്നായിരുന്നു. എന്നാൽ സഹകരണസംഘങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾ പാർട്ടി വിലക്കിയുമില്ല. ഈ ലൂപ് ഹോൾ ഉപയോഗിച്ചാണ് തട്ടിക്കൂട്ടി സഹകരണ സംഘങ്ങളുണ്ടാക്കി പേരാവൂരിലേതു സഹകരണ ഹൗസിങ് ബിൽഡിങ് സൊസെറ്റി നടത്തിയതുപോലെ നറുക്കുലഭിച്ചാൽ പണം അടയ്ക്കേണ്ടെയെന്ന മട്ടിലുള്ള ചിട്ടികൾ നടത്തുന്നത് തുടങ്ങിയത്.
സി.പി. എം നിയന്ത്രിത സഹകരണസ്ഥാപനങ്ങളിൽ പലതിലും ഇത്തരം വെട്ടിപ്പുകൾ തുടർച്ചയായി നടക്കുന്നുണ്ട്. പാർട്ടി ഇരുമ്പുമറ ഭേദിച്ചു ഇതിൽ പലതും പുറത്തുവരാറില്ലെന്നു മാത്രം.കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി പുറത്തുവന്നതോടെയാണ് ഇത്തരം പുഴുക്കുത്തുകൾ കൂടുതലായി പാർട്ടിയിൽ ചർച്ചയാകാൻ തുടങ്ങിയത്.സി.പി. എമ്മിന്റെ നട്ടെല്ലായ സഹകരണ മേഖലയിലുണ്ടായിരിക്കുന്ന സാമ്പത്തിക അരാജകത്വം ഗൗരവത്തോടെയാണ് പാർട്ടി സംസ്ഥാന നേതൃത്വം കാണുന്നത്. അതുകൊണ്ടു തന്നെ വരുന്ന ജില്ലാസമ്മേളനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട മാർഗരേഖ ചർച്ചയ്ക്കു വിധേയമാക്കി ഭാവിയിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്