- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിനാഥിനെ നേരിടാൻ റഹിം? നേമത്ത് ശിവൻകുട്ടിയെ മാറ്റി യുവരക്തം; തിരുവനന്തപുരം സെൻട്രലിൽ ടി എൻ സീമ; ആന്റണി രാജുവിന് സീറ്റ് കിട്ടാനിടയില്ല; കോവളം ഏറ്റെടുക്കാനുള്ള മോഹത്തെ തകർക്കാൻ നീലനും; ലക്ഷ്യം തിരുവനന്തപുരത്തെ 13 സീറ്റിലെ വിജയം; തലസ്ഥാനം പിടിക്കാൻ ഉറച്ച് സിപിഎം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലിൽ 13 നേടാനാണ് സിപിഎമ്മിന് താൽപ്പര്യം. തിരുവനന്തപുരത്തെ വിജയികളാണ് എന്നും കേരളം ഭരിക്കുന്നത്. കഴിഞ്ഞ തവണ 14ൽ 9 സീറ്റിൽ ഇടതുപക്ഷം ജയിച്ചു. ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പിൽ ബോണസായി വട്ടിയൂർക്കാവും കിട്ടി. കോവളവും അരുവിക്കരയും തിരുവനന്തപുരവും കോൺഗ്രസ് സിറ്റിങ് സീറ്റുകൾ. നേമം ബിജെപിക്കൊപ്പവും. ഇതെല്ലാം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പദ്ധതികളാണ് അണിയറയിൽ സിപിഎം ഒരുക്കുന്നത്.
തിരുവനന്തപുരവും കോവളവും തോൽക്കാൻ കാരണം സ്ഥാനാർത്ഥി നിർണ്ണത്തിലെ വീഴ്ചയാണ്. കോവളത്ത് ജനതാദള്ളും തിരുവനന്തപുരത്ത് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജുവും മത്സരിച്ചു. ഈ രണ്ട് സീറ്റും ഏറ്റെടുത്താൽ ജയിക്കാമെന്ന് സിപിഎം കരുതുന്നു. തിരുവനന്തപുരം ഏറ്റെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. ജില്ലയിൽ ഒരു വനിതാ സ്ഥാനാർത്ഥിയുണ്ടാകും. ഇത് തിരുവനന്തപുരത്ത് ടിഎൻ സീമയാകാനാണ് സാധ്യത. ഇതിനൊപ്പം മുസ്ലിം മുഖവും ജില്ലയിൽ സിപിഎം പട്ടികയിലുണ്ടാകും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ റഹിം മത്സരിക്കാനാണ് സാധ്യത. റഹിമിന് വേണ്ടി വർക്കലയും വാമനപുരവും പരിഗണിക്കുന്നുണ്ട്. എന്നാൽ രണ്ടിടത്തും സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാരുണ്ട്. ഈ സാഹചര്യത്തിൽ അരുവിക്കരയിലേക്ക് റഹിമിനെ നിയോഗിക്കാനും സാധ്യതയുണ്ട്.
അരുവിക്കരയിൽ കോൺഗ്രസിന്റെ കെ എസ് ശബരിനാഥാകും സ്ഥാനാർത്ഥി. റഹിം എത്തിയാൽ ശബരിനാഥിനെ തോൽപ്പിക്കാമെന്നാണ് കണക്കു കൂട്ടൽ. തിരുവനന്തപുരത്ത് വി എസ് ശിവകുമാറിനേയും ടിഎൻ സീമയ്ക്ക് മറികടക്കാനാകും എന്നാണ് വിലയിരുത്തൽ. കോവളം സീറ്റ് ജനതാദൾ വിട്ടു കൊടുക്കാൻ സാധ്യതയില്ല. നീലലോഹിത ദാസൻ നാടാർ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. നീലന്റെ ഭാര്യയും മുൻ എംഎൽഎയുമായ ജമീലാ പ്രകാശമാണ് മത്സരിക്കാൻ സജീവമായി രംഗത്തുള്ളത്. ഇതിനൊപ്പം ജനതാദള്ളിൽ ചേർന്ന ടി എൻ സുരേഷും സ്ഥാനാർത്ഥിയാകാൻ കരുക്കൾ നീക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി കോവളത്ത് എൻഡിഎയ്ക്ക് വേണ്ടി മത്സരിച്ച നേതാവാണ് സുരേഷ്. സിപിഎമ്മിനും സുരേഷിന്റെ പേരിനോട് താൽപ്പര്യമുണ്ട്. എസ് എൻ ഡി പിയുടെ നേതാവ് കൂടിയാണ് സുരേഷ്.
നേമത്ത് ശിവൻകുട്ടി പ്രചരണം തുടങ്ങി കഴിഞ്ഞു. ബിജെപിയുടെ സിറ്റിങ് സീറ്റിൽ മറ്റൊരു മുഖത്തെ പരീക്ഷിക്കാനും സിപിഎമ്മിന് താൽപ്പര്യമുണ്ട്. കോവളം ഏര്യാ സെക്രട്ടറിയായ പിഎസ് ഹരികുമാറിനാണ് ചർച്ചകളിൽ മുൻതൂക്കം. തിരുവനന്തപുരത്ത് ടി എൻ സീമ മത്സരിച്ചില്ലെങ്കിൽ സീമയേയും പരിഗണിക്കും. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേര് ആദ്യ ഘട്ടത്തിൽ പരിഗണിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു. പി എസ് ഹരികുമാറിനെ കോവളം സീറ്റ് കിട്ടിയാൽ അവിടേക്കും പരിഗണിക്കുന്നുണ്ട്. നെയ്യാറ്റിൻകരയിൽ സിറ്റിങ് എംഎൽയായ അൻസലൻ തന്നെ വീണ്ടും മത്സരിക്കും. കാട്ടക്കടയിൽ ഐബി സതീഷും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും സ്ഥാനാർത്ഥിയാകും.
പാറശാലയിൽ സി കെ ഹരീന്ദ്രനാഥിന് ഒരു അവസരം കൂടി കിട്ടിയേക്കും. ഈ മണ്ഡലത്തിൽ മത്സരിക്കാൻ ആനാവൂരിനും മോഹമുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നിർണ്ണായകമാകും. വർക്കലയിൽ വി ജോയിയും വട്ടിയൂർക്കാവിൽ വികെ പ്രശാന്തും തന്നെയാണ് പരിഗണനയിൽ. വർക്കലയിൽ മത്സരിക്കാൻ ആനത്തല വട്ടത്തിനും മോഹമുണ്ട്. വാമനപുരത്ത് ഡികെ മുരളി വീണ്ടും മത്സരിക്കും. വാമനപുരത്ത് ഡികെ മുരളിയെ മാറ്റി മത്സരിക്കാനാണ് റഹിമിന് താൽപ്പര്യം. റഹിമിന്റെ പേര് തിരുവനന്തപുരത്തിന് പുറത്ത് കളമശ്ശേരിയിലേക്കും പരിഗണിക്കുന്നുണ്ട്.
അങ്ങനെ റഹിം തിരുവനന്തപുരം വിട്ടാൽ അരുവിക്കരയിലേക്ക് വികെ മധുവിനേയും പരിഗണിക്കും. മുൻ സ്പീക്കറും മന്ത്രിയുമായ എം വിജയകുമാറും ഏത് സീറ്റിൽ വേണമെങ്കിലും ജയസാധ്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കാൻ സാധ്യതയുള്ള നേതാവാണ്. തിരുവനന്തപുരം നിയമസഭാ മണ്ഡലം ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് സിപിഎം ഏറ്റെടുക്കും എന്ന് തന്നെയാണ് സൂചന. ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവാണ് കഴിഞ്ഞ തവണ സ്ഥാനാർത്ഥിയായത്. 10,905 വോട്ടുകൾക്കാണ് ആന്റണി രാജുവിനെ കോൺഗ്രസിലെ വി എസ്.ശിവകുമാർ തോൽപിച്ചത്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീശാന്ത് 34,764 വോട്ടുകൾ നേടിയിരുന്നു.
സിപിഎം മത്സരിച്ചാൽ മണ്ഡലത്തിൽ വിജയസാധ്യതയുണ്ടെന്നാണ് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം. ഇത് അംഗീകരിക്കുന്ന സംസ്ഥാന നേതൃത്വം ആന്റണി രാജുവിന് ഉചിതമായ സീറ്റോ സ്ഥാനമോ നൽകി മണ്ഡലം ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിന്റെ മുൻരൂപമായ തിരുവനന്തപുരം വെസ്റ്റിലും സിപിഎം ഇതുവരെ മത്സരിച്ചിട്ടില്ല. 2011ൽ വി.സുരേന്ദ്രൻപിള്ളയാണ് ശിവകുമാറിനെതിരെ മത്സരിച്ചു പരാജയപ്പെട്ടത്. 2006ൽ സുരേന്ദ്രൻപിള്ള ഡിഐസി സ്ഥാനാർത്ഥി ശോഭനാ ജോർജിനെ പരാജയപ്പെടുത്തി. 2001ൽ എം വിരാഘവൻ ആന്റണി രാജുവിനെ പരാജയപ്പെടുത്തി. 1996ൽ ആന്റണി രാജു വിജയിച്ചു. 1991ൽ എം.എം.ഹസൻ ആന്റണി രാജുവിനെ പരാജയപ്പെടുത്തി. ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം.
തലസ്ഥാന ജില്ലയിൽ ഒരു വനിതാ സ്ഥാനാർത്ഥി വേണം എന്നു സിപിഎം തീരുമാനിച്ചിട്ടുണ്ട്. പാർട്ടി മത്സരിക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒറ്റത്തവണ മത്സരിച്ചു ജയിച്ച പുരുഷ സ്ഥാനാർത്ഥികൾ ആയതിനാൽ അവരെ മാറ്റി വനിതയെ നിർത്തുക പ്രായോഗികമല്ല. ആറ്റിങ്ങലിൽ ബി. സത്യനാണ് രണ്ടും ടേം നിബന്ധന പിന്നിട്ടത്. സംവരണ സീറ്റായ ആറ്റിങ്ങലിൽ സത്യനു പകരം ചിറയിൻകീഴ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റായ ഒ.എസ് അംബികാ കുമാരിയെ പരിഗണിക്കുന്നുണ്ട്. അംബികാ കുമാരിയുടെ മകനായ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷിനേയും പരിഗണിക്കുന്നുണ്ട്. അരുവിക്കരയിൽ കെ.എസ്. ശബരീനാഥനെതിരെ വനിതാ സ്ഥാനാർത്ഥിയെ പരിഗണിക്കാമെന്നാണു മറ്റൊരു നിർദ്ദേശം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ശൈലജാ ബീഗത്തിനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ