- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലാളിമാർക്കു വേണ്ടിയുള്ള കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിനെതിരെ തന്റേടത്തോടെ നിലപാടെടുത്ത സിപിഎമ്മിന് കൈയടി; മറുനാടൻ നിലപാടിൽ ഉറച്ചതോടെ സോഷ്യൽ മീഡിയയിൽ ശീമാട്ടിക്കെതിരെ പ്രതിഷേധം; ബീനാ കണ്ണനും പാവപ്പെട്ടവർക്കും രണ്ടു നീതിക്കെതിരെ ജനവികാരം ശക്തം
കൊച്ചി: പാവപ്പെട്ടവനും പണമുള്ളവനും ദൈവത്തിന്റെ സ്വന്തം നാട്ടിൽ രണ്ടുതരം നീതിയോ? കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന കൊച്ചി മെട്രോ എന്ന ബൃഹത് പദ്ധതിയുടെ കാര്യത്തിൽ പോലും പണമുള്ളവനു മുന്നിൽ മുട്ടുമടക്കുന്ന അധികൃതരുടെ നിലപാട് കണ്ടാൽ ഇക്കാര്യം പകൽ പോലെ വ്യക്തമാകും. ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി മുതലാളിമാർക്കുവേണ്ടി ക
കൊച്ചി: പാവപ്പെട്ടവനും പണമുള്ളവനും ദൈവത്തിന്റെ സ്വന്തം നാട്ടിൽ രണ്ടുതരം നീതിയോ? കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന കൊച്ചി മെട്രോ എന്ന ബൃഹത് പദ്ധതിയുടെ കാര്യത്തിൽ പോലും പണമുള്ളവനു മുന്നിൽ മുട്ടുമടക്കുന്ന അധികൃതരുടെ നിലപാട് കണ്ടാൽ ഇക്കാര്യം പകൽ പോലെ വ്യക്തമാകും.
ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി മുതലാളിമാർക്കുവേണ്ടി കൊച്ചി മെട്രോയെപ്പോലും വഴിതിരിച്ചു വിടാൻ ശ്രമിക്കുന്ന അധികൃതർക്കെതിരെ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷിയായ സിപിഐ(എം) കടുത്ത നിലപാടാണ് സ്വീകരിച്ചത്. ശീമാട്ടിക്കുമുന്നിൽ അധികൃതർ മുട്ടുമടക്കുന്നതിനെതിരെ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങുമെന്ന് സിപിഐ(എം) നേതാക്കൾ വ്യക്തമാക്കിയതോടെ ജനങ്ങളുടെ പിന്തുണയും അവർക്കു ലഭിച്ചിട്ടുണ്ട്. ശീമാട്ടിക്കുവേണ്ടി ചട്ടങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ ആദ്യം മുതൽ തന്നെ ശക്തമായ നിലപാട് എടുത്തിരുന്ന മറുനാടൻ മലയാളിയും നിലപാടിൽ ഉറച്ചുനിന്നതോടെ സോഷ്യൽ മീഡിയയിലും ശീമാട്ടിക്കെതിരായ പ്രതിഷേധം വ്യാപകമായി.
കൊച്ചി മെട്രോയ്ക്കായി പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുമായി ധാരണാപത്രം ഒപ്പിടാനുള്ള കെഎംആർഎൽ നീക്കം വൻ പ്രതിഷേധത്തിനാണ് വഴിതെളിച്ചത്. ശീമാട്ടിയുടെ ഉടമസ്ഥതയിൽ ഭൂമി നിലനിർത്തി മെട്രോ നിർമ്മാണം നടത്താൻ കെഎംആർഎലിനെ അനുവദിക്കാനാണ് അധികൃതർ നീക്കം നടത്തുന്നത്.
പദ്ധതിക്കായി ചർച്ചപോലുമില്ലാതെ കുടിയൊഴിപ്പിക്കപ്പെട്ടവർ അനവധിയാണ്. നൂറുകണക്കിനാളുകളെ ബലമായി ഒഴിപ്പിച്ചാണ് പദ്ധതി നിർമ്മാണം നടക്കുന്നത്. നിത്യവൃത്തിക്കായി കച്ചവടം നടത്തിയിരുന്നവരുൾപ്പെടെ ഒഴിപ്പിക്കപ്പെട്ട സാഹചര്യത്തിൽ ശീമാട്ടിയെപ്പോലുള്ള വൻകിടക്കാരുടെ മുന്നിൽ മുട്ടുമടക്കുന്ന നിലപാടാണ് സർക്കാരിനെന്നും ഇത് അവസാനിപ്പിക്കണമെന്നും ഭൂമി ഏറ്റെടുത്ത് നിർമ്മാണം മുന്നോട്ടുകൊണ്ടുപോകണമെന്നുമാണ് സിപിഐ(എം) ആവശ്യപ്പെടുന്നത്.
ശീമാട്ടിക്ക് അനുസരിച്ച് ധാരണാപത്രം ഒപ്പിട്ടാൽ ഈഭാഗത്തെ തൂണുകളിൽ പരസ്യം പതിക്കാൻ ശീമാട്ടിക്ക് മുൻഗണന ഉണ്ടാകും. ധാരണാപത്രം നിലവിൽവന്നാൽ ആലുവമുതൽ എംജി റോഡുവരെ മെട്രോയ്ക്കായി വീടും സ്ഥലവും കച്ചവടസ്ഥാപനങ്ങളും വിട്ടുകൊടുത്ത നൂറുകണക്കിനാളുകൾ വഞ്ചിക്കപ്പെടും. ധാരണാപത്രം അനുസരിച്ച് നിർമ്മാണം പൂർത്തിയായാൽ മെട്രോ തൂണുകൾ നിർമ്മിക്കുന്ന ഏക സ്വകാര്യസ്ഥലം ശീമാട്ടിയുടേതാകും എന്ന അവസ്ഥയാണ് നിലവിൽ വരിക.
കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് കഴിഞ്ഞ ദിവസം ധാരണാപത്രത്തിന്റെ കാര്യത്തിൽ തങ്ങൾക്കു ബന്ധമൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും ഇക്കാര്യം സംബന്ധി്ച്ച് ഏകദേശ ധാരണ ആയതായാണ് റിപ്പോർട്ടുകൾ. ഒരുവർഷത്തിലേറെയായി ശീമാട്ടിയുമായി ജില്ലാ ഭരണവൃന്ദം മുപ്പതോളം തവണ ചർച്ച നടത്തിയെങ്കിലും ഭൂമി വിട്ടുനൽകാൻ അവർ തയ്യാറായിരുന്നില്ല. തുടർന്ന് കഴിഞ്ഞ ആഴ്ച രണ്ടുതവണ അന്ത്യശാസനവും നൽകി. എന്നിട്ടും ഭൂമി നൽകാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് ധാരണാപത്രം ഒപ്പിടാൻ നീക്കം നടത്തിയത്. കൊച്ചി മെട്രോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു തീരുമാനം. പാവപ്പെട്ടവന്റെ ഭൂമി വിവിധ പദ്ധതികൾക്കായി ബലമായി പിടിച്ചെടുക്കുന്ന സർക്കാർ വൻകിടക്കാർക്കുവേണ്ടി നിയമത്തെ മാറ്റിയെഴുതുന്ന കാഴ്ചയ്ക്കാണ് കൊച്ചി മെട്രോ സ്ഥലമെടുപ്പ് വേദിയാകുന്നത്.
മെട്രോക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ശീമാട്ടിയുമായി കെഎംആർഎൽ ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്നാണ് എംഡി ഏലിയാസ് ജോർജ് പറഞ്ഞത്. കൊച്ചി മെട്രോ പദ്ധതിക്കായി ഭൂമി എടുത്തുനൽകേണ്ട ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും റവന്യൂ വകുപ്പിനും ആണെന്നു പറഞ്ഞ് കൈകഴുകുകയാണ് ഏലിയാസ് ജോർജ് ചെയ്തത്.
പക്ഷേ, നേരെത്ത സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റവന്യൂവകുപ്പാണ് എല്ലാ കാര്യങ്ങളിലും ഉത്തരവാദിയെന്ന നിലപാടിലാണ് കെഎംആർഎൽ.
ഭൂമി ഏറ്റെടുക്കലിനുള്ള അന്ത്യശാസനം അവസാനിക്കുമ്പോൾ കലക്ടർക്ക് നേരിട്ട് ഭൂമി ഏറ്റെടുക്കാമെന്നിരിക്കേ ഇതു മറികടന്നാണ് ധാരണാപത്രത്തിന് കെഎംആർഎൽ നീക്കം. രണ്ടുദിവസമായി കലക്ടറുടെ ക്യാമ്പ് ഓഫീസിൽ ബീന കണ്ണൻ നേരിട്ടെത്തി നിരവധിതവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ചെറുകിട കച്ചവടക്കാർ ഉൾപ്പെടെ നിരവധി പേരെയാണ് കൊച്ചി മെട്രോ നിർമ്മാണത്തിനായി ബലംപ്രയോഗിച്ച് ഒഴിപ്പിച്ചത്. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതിലെ അനാസ്ഥയ്‌ക്കെതിരെ വൻ വിമർശനം ഉയർന്നപ്പോഴാണ് 48 മണിക്കൂറിനകം ബലമായി സ്ഥലം ഏറ്റെടുക്കുമെന്ന് ജില്ലാ അധികൃതർ അറിയിച്ചത്.
പക്ഷേ, ഇത്തരത്തിൽ സ്വീകരിച്ച നടപടികളെല്ലാം അട്ടിമറിക്കുന്നതാണ് നിലവിലെ നീക്കം. ബാനർജി റോഡിൽനിന്ന് എംജി റോഡിലേക്ക് പ്രവേശിക്കുന്ന ഭഭാഗത്ത് 32 സെന്റ് ഭൂമിയാണ് ശീമാട്ടിയുടേതായി മെട്രോയ്ക്ക് വേണ്ടത്. ആലുവ എംജി റോഡ് പാതയിൽ മെട്രോയ്ക്കായി ഏറ്റെടുക്കാത്ത ഏക സ്ഥലവും ഇതാണ്. സ്ഥലം വിട്ടു കിട്ടാത്തതിനാൽ ഇവിടത്തെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. ധാരണാപത്രവുമായി ജില്ലാ ഭരണവൃന്ദത്തിന് ബന്ധമില്ലെന്നാണ് കൊച്ചി മെട്രോ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ ശോഭന പറയുന്നത്. ഭൂമി ഏറ്റെടുത്തു നൽകുക മാത്രമാണ് തങ്ങളുടെ ചുമതല. നിർമ്മാണത്തിന്റെ ഭാഗമായി ധാരണാപത്രങ്ങൾ തയ്യാറാക്കുന്നത് കെഎംആർഎൽ ആണെന്നും ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ധാരണാപത്രം അനുസരിച്ച് നിർമ്മാണം മുന്നോട്ടുകൊണ്ടുപോകുമെന്ന് കെഎംആർഎൽ അറിയിച്ചാൽ ഏറ്റെടുക്കാനുള്ള ഭൂമിയുടെ പട്ടികയിൽനിന്ന് ശീമാട്ടിയുടെ ഭൂമി ഒഴിവാക്കുമെന്നുമാണ് അവരുടെ നിലപാട്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ശീമാട്ടിയുമായി ധാരണാപത്രം ഒപ്പിടാനുള്ള കെഎംആർഎൽ നീക്കം അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്ത് പദ്ധതി നിർമ്മാണം തുടരണം. ഉടമസ്ഥാവകാശം ശീമാട്ടിയിൽ നിലനിർത്തി നിർമ്മാണം നടത്തുന്നത് അംഗീകരിക്കാനാകില്ല. നിരവധി തവണ ചർച്ച നടത്തിയിട്ടും ശീമാട്ടിയുടെ ഭൂമിയുടെ കാര്യത്തിൽ തീരുമാനമായില്ല. അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സിപിഐ(എം).
രണ്ട് വർഷത്തോളമായി കൊച്ചിയിലെ പ്രമാണിയായ വനിതാ വ്യവസായി ബീന കണ്ണന്റെ ഉടമസ്ഥതയിലുള്ള 32.7 സെന്റ് ഭൂമി മെട്രോയ്ക്ക് വേണ്ടി ഏറ്റെടുക്കാൻ ശ്രമം ആരംഭിച്ച്. ഓരോ തവണയും തൊടു ന്യായങ്ങൾ പറഞ്ഞ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ കബളിപ്പിക്കുകയായിരുന്നു അവർ. പത്രങ്ങൾക്ക് കോടികൾ പരസ്യം നൽകുന്നയാളാണ് എന്നതുകൊണ്ട് ശീമാട്ടിയുടെ പേര് പറയാൻ പോലും ഈ വിഷയത്തിൽ പത്രമുത്തശ്ശിമാർ മടിച്ചിരുന്നു. എന്നാൽ, ദേശാഭിമാനിയും മംഗളവും പോലുള്ള പത്രങ്ങൾ ശീമാട്ടിയുടെ പേര് പറഞ്ഞു തന്നെ വാർത്ത റിപ്പോർട്ടുചെയ്തു.
കാശുള്ളവന് മുന്നിൽ കമിഴ്ന്നടിച്ചു വീണ സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. സോഷ്യൽ മീഡിയയുടെ ശക്തമായ പ്രതിഷേധത്തിനൊപ്പം സിപിഎമ്മിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾ ഒന്നടങ്കം രംഗത്തിറങ്ങുകയാണ്. പണമുള്ളവനു മുന്നിൽ മുട്ടുമടക്കിയ അധികൃതരുടെ തീരുമാനം തിരുത്തിക്കുറിക്കാൻ ഉറച്ചു തന്നെയാണ് ജനങ്ങളുടെ നീക്കം.