കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരത്തിന് പിന്തുണയുമായി ബിജെപി എത്തിയതോടെ പന്ത് ബിജെപിയുടെ കോർട്ടിലേക്ക് വിട്ട് പ്രശ്‌നം പരിഹരിക്കാൻ സന്നദ്ധമായി സിപിഎം. ദേശീയ തലത്തിൽ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകുകയും പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കർഷക സമരത്തെ അടിച്ചമർത്തുകയും ചെയ്യുന്നു എന്ന നിലയിൽ കീഴാറ്റൂർ വിഷയത്തിലെ നിലപാട് പാർട്ടിക്ക് തിരിച്ചടിയാകുന്നു എന്നു കണ്ടാണ് പാർട്ടിയിൽ പുനർ ചിന്തനം ഉണ്ടായത്. ഇതോടെ ഇന്ന് 'നാടുകാവൽ' എന്ന നിലയിൽ കീഴാറ്റൂർ സമരത്തിന് എതിരെ സംഘടിപ്പിക്കുന്ന പാർട്ടിയുടെ പ്രതിരോധ നീക്കം അതോടെ പ്രഖ്യാപിച്ചതുകൊണ്ടു മാത്രം ഒരു ചടങ്ങുമാത്രമായി അവസാനിപ്പിക്കുന്നു എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.

ദേശീയ പാതാ ബൈപാസ് വിഷയത്തിൽ കീഴാറ്റൂരിൽ ഏറെ തർക്കത്തിന് ഒടുവിൽ തീരുമാനിക്കപ്പെട്ട മൂന്നാമത്തെ അലൈന്മെന്റിന് എതിരെയാണ് സിപിഎമ്മിൽ തന്നെ എതിർപ്പുയർന്നതും ഒരു വിഭാഗം പാർട്ടിവിട്ട് വയൽസംരക്ഷണത്തിന് സമരപാതയിൽ ഇറങ്ങിയതും. സിപിഎമ്മിന് എതിരെ പാർട്ടി ഗ്രാമത്തിൽ അവരിൽതന്നെ ഒരുവിഭാഗം കർഷകർ അണിനിരന്നതോടെയാണ് വിഷയം ചർച്ചയാകുന്നതും. അടുത്ത കാലംവരെ ഈ സമരം നിശബ്ദമായി തുടർന്നെങ്കിലും ദേശീയപാതാ ബൈപാസിനായി സർവേ നടപടികൾ പിണറായി സർക്കാർ ഊർജിതപ്പെടുത്തിയതോടെ സമരവും ശക്തമായി. അങ്ങനെയാണ് സമരക്കാർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മാഹൂതിക്ക് തയ്യാറായി മണ്ണും വെള്ളവും രക്ഷിക്കാൻ രംഗത്തെത്തുന്നത്. എന്നാൽ സമരത്തെ അടിച്ചമർത്താനാണ് സർക്കാർ സംവിധാനം ശ്രമിച്ചത്. പൊലീസും ജില്ലാ ഭരണകൂടവും പ്രദേശത്തെ സിപിഎമ്മും ഇതിന് കുടപിടിച്ചു. സമരക്കാരെ അറസ്റ്റുചെയ്ത് നീക്കിയതിന് പിന്നാലെ സമരപ്പന്തൽ പൊലീസ് നോക്കിനിൽക്കെ സിപിഎം കത്തിച്ചു.

ഇത്തരത്തിൽ സമരക്കാരെ നേരിട്ടതാണ് സിപിഎമ്മിന് വലിയ തിരിച്ചടിയായത്. ഈ സംഭവത്തോടെ വിഷയം വലിയ ചർച്ചയായി. മണ്ണിനും വെള്ളത്തിനുമായി സമരം ചെയ്ത കർഷകരെ ഇടതുസർക്കാർ ഇങ്ങനെ അടിച്ചമർത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. സമരത്തിന് പിന്തുണയുമായി ബിജെപിയും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. ആദ്യമെല്ലാം സമരത്തെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ ഉൾപ്പെടെ രംഗത്തെത്തി. എന്നാൽ സ്ഥിതി വീണ്ടും വീണ്ടും വഷളായി. പാർട്ടിക്ക് പരിഹരിക്കാൻ പറ്റാത്തവിധം സമരം വളരുമെന്ന് വ്യക്തമായതോടെ ഇപ്പോൾ അനുനയ പാതയിലേക്ക് എത്തിയിരിക്കുകയാണ് സിപിഎം.

ദേശീയപാതയുടെ തളിപ്പറമ്പ് ബൈപാസ് വയലിലൂടെ തന്നെ വേണമെന്ന് വാശിപിടിക്കുന്നില്ലെന്ന നിലപാട് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി തന്നെയാണ് പ്രഖ്യാപിച്ചത്. ഇതോടെ പാർട്ടി സമരത്തിന് എതിരല്ലെന്ന സന്ദേശം എത്തി. കൂടുതൽ പ്രശ്‌നങ്ങൾക്കു മുതിരാതെ ഇരുവിഭാഗവും സമരപരിപാടികൾ അവസാനിപ്പിക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണിപ്പോൾ. കേന്ദ്രം അംഗീകരിക്കുകയാണെങ്കിൽ തളിപ്പറമ്പ് ടൗണിലൂടെ മേൽപ്പാത എന്നതടക്കമുള്ള നിർദേശങ്ങൾക്കു പാർട്ടി എതിരല്ലെന്ന് കഴിഞ്ഞദിവസം കോടിയേരി വ്യക്തമാക്കിയിരുന്നു. അലൈന്മെന്റ് മാറ്റുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും പ്രതികരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ബിജെപിയുടെ കോർട്ടിലേക്ക് കാര്യങ്ങൾ വിട്ടുകൊടുത്ത് ജനങ്ങൾക്കൊപ്പമെന്ന നിലപാട് സ്വീകരിക്കുകയാണ് സിപിഎം.

ഞായറാഴ്ച വയൽക്കിളികളും പരിസ്ഥിതി പ്രവർത്തകരും കീഴാറ്റൂരിലേക്കു നടത്തുന്ന മാർച്ചിനെ അവഗണിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഈ സന്ദേശം പ്രവർത്തകരിലും എത്തിച്ചു. ഇന്നത്തെ പാർട്ടിയുടെ പ്രതിരോധ മാർച്ചിലും നാളെ 'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിൽ വയൽക്കിളികളും പരിസ്ഥിതി പ്രവർത്തകരും നടത്തുന്ന മാർച്ചിനെതിരെയും ഒരു പ്രകോപനവും ഉണ്ടാകരുതെന്ന കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ഞായറാഴ്ച വയൽക്കിളി മാർച്ചിന്റെ സമയത്തു കീഴാറ്റൂർ വയലിൽ ഒറ്റ പാർട്ടി പ്രവർത്തകൻ പോലുമുണ്ടാകരുതെന്നും എതിർപ്പുയർത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ വയൽക്കിളികൾ തടഞ്ഞപ്പോൾ സിപിഎം പ്രവർത്തകർ ഇടപെട്ടതും വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ചതും പാർട്ടിക്ക് ഏറെ ക്ഷീണം ചെയ്‌തെന്നാണു പ്രാഥമിക വിലയിരുത്തൽ. പന്തൽ കത്തിച്ചതു പുറത്തു നിന്നുള്ളവർക്കു കീഴാറ്റൂരിൽ ഇടപെടാൻ അവസരമൊരുക്കിക്കൊടുത്തുവെന്നും പാർട്ടി കരുതുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേർക്ക് ആക്രമണം നടന്നതും പാർട്ടിക്ക് എതിരെ പ്രചരണം ശക്തമാകാൻ കാരണമായി.

ഇനിയും വയൽക്കിളി സമരം മുന്നോട്ടു പോകുന്ന സ്ഥിതി വന്നാൽ ദേശീയ തലത്തിൽ ശ്രദ്ധകിട്ടുംവിധം സമരം മാറുമെന്ന തിരിച്ചറിവിലാണ് സിപിഎം എതിർപ്പുകൾ അവസാനിപ്പിക്കുന്നതെന്നാണ് വിവരം. മേധാ പട്കർ ഉൾപ്പെടെയുള്ളവർ എത്തുന്നതരത്തിൽ സമരം മാറുന്നതോടെ ഇക്കാര്യം കൂടുതൽ ചർച്ചയാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സിപിഎം തീരുമാനം. മാത്രമല്ല, കേന്ദ്രത്തിന്റെ തീരൂമാനത്തിലേക്ക് മേൽപ്പാലം എന്ന വിഷയം ബിജെപി ഇടപെട്ട് ഏൽപിച്ച സാഹചര്യത്തിൽ ബിജെപിയുടെ കോർട്ടിലേക്ക് കാര്യങ്ങൾ വിടാമെന്ന നിലയും എത്തിയത് സിപിഎമ്മിന് ആശ്വാസമാകുകയും ചെയ്തു.

കീഴാറ്റൂർ വയൽ നികത്തി പാത നിർമ്മിക്കാൻ സിപിഎം അച്ചാരം വാങ്ങിയെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായതും പാർട്ടിയെ പുനർചിന്തനത്തിന് പ്രേരിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദേശീയപാത അഥോറിറ്റിയിലെയും (നാഷനൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ) സംസ്ഥാന സർക്കാരിന്റെയും ഉദ്യോഗസ്ഥരും കീഴാറ്റൂരിലെ പ്രതിഷേധക്കാരും തമ്മിലുള്ള പ്രശ്‌നത്തിൽ പാർട്ടി അനാവശ്യമായി തലയിട്ടു ചീത്തപ്പേരു വാങ്ങിക്കൂട്ടുകയായിരുന്നു എന്ന നിലയിലാണ് ഇപ്പോൾ പാർട്ടി ഈ വിഷയത്തെ വിലയിരുത്തുന്നത്.

മേൽപ്പാത നിർമ്മാണ നിർദേശത്തെ പിന്തുണയ്ക്കുന്നതിലൂടെ വിവാദങ്ങളിൽനിന്നു തലയൂരുകയും പന്ത് ബിജെപിയുടെയും കേന്ദ്രത്തിന്റെയും കോർട്ടിലാക്കുകയും ചെയ്യാമെന്നാണു സിപിഎം കണക്കുകൂട്ടുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ഈ നിലപാട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, ആവർത്തിക്കുന്നതിനു ജില്ലാ നേതൃത്വത്തിനു ബുദ്ധിമുട്ടില്ല. കർഷകർക്കും നാട്ടുകാർക്കും പരിസ്ഥിതിക്കും സിപിഎം എതിരല്ല എന്ന സന്ദേശം നൽകിക്കൊണ്ട് ഇന്നത്തെ സമരം സിപിഎം അവസാനിപ്പിക്കാനാണു സാധ്യത.