തൊടുപുഴ: ഫെയ്ബുക്കിൽ കമന്റിട്ട മധ്യവയസ്‌കന്റെ കൈയും കാലും സിപിഎമ്മുകാർ തല്ലിയൊടിച്ചു. ഇടുക്കി കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂരിനാണ്(51) ക്രൂരമർദ്ദനമേറ്റത്. സിപിഎം കരിമണ്ണൂർ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമിച്ചതെന്ന് ജോസഫ് പറയുന്നു. സംഭവത്തിൽ രണ്ടു സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

സിപിഎം പ്രവർത്തകരായ സോണി, അനന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു. പരാതിയിന്മേൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഗുരുതര പരിക്കേറ്റ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടയിലേക്ക് ഇരച്ചെത്തിയ സിപിഎം പ്രവർത്തകർ ഇരുമ്പ് പൈപ്പ് കൊണ്ടും കമ്പി വടി കൊണ്ടും ക്രൂരമായി ആക്രമിച്ചു എന്ന് ജോസഫ് പൊലീസിനോട് പറഞ്ഞു. ജോസഫിന്റെ കൈയും കാലും അക്രമികൾ തല്ലിയൊടിച്ചു. ചൊവ്വാഴ്ച രാത്രി കരിമണ്ണൂർ സിപിഎം ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നും ജോസഫ് പറയുന്നു.

കഴിഞ്ഞദിവസം കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ജോസഫ് കമന്റ് ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കാറിലും ബൈക്കിലുമായി എത്തിയ സംഘം, സംസാരിക്കാനുണ്ടെന്ന് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടാണ് ജോസഫിനെ പുറത്തെത്തിച്ച് ആക്രമിച്ചത്.