കണ്ണൂർ: കണ്ണൂർ മയ്യിലിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകരുടെ പ്രകടനം. കൊല്ലേണ്ടവരെ പ്രസ്ഥാനം കൊന്നിട്ടുണ്ടെന്നും തല്ലേണ്ടവരെ തല്ലിയിട്ടുണ്ടെന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. ഇനിയും മടിക്കില്ല ഇതിനെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. ലീഗ് പ്രവർത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും പ്രകടനത്തിൽ പ്രവർത്തകർ ഭീഷണി മുഴക്കി.

ട്രെയിനിങ്ങൊന്നും കിട്ടേണ്ട. ഓർത്തുകളിച്ചോ തെമ്മാടികളേ.. കയ്യുംവെട്ടി കാലും വെട്ടി പച്ചക്കൊടിയിൽ പൊതിഞ്ഞുകെട്ടുമെന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കുന്നുണ്ട്. മയ്യിലെ മുസ്ലിം ലീഗുകാർക്കെതിരെയുള്ള സിപിഎം പ്രകടനത്തിന്റെ വീഡിയോ ആണ് പുറത്തായത്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മയ്യിൽ ചെറുപുഴശേരിയിൽ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ ദിവസം സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ന്ന് 7 ലീഗ് പ്രവർത്തകർക്കെതിരെയും ആറ് സിപിഎം പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ജയിലിലായ ആറ് സിപിഎം പ്രവർത്തകർ പുറത്തിറങ്ങിയപ്പോൾ നടത്തിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയർന്നത്. പ്രകടനത്തിനെതിരെ മുസ്ലിം ലീഗ് പ്രവത്തകർ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

എന്നാൽ, സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം മയ്യിൽ ഏരിയ സെക്രട്ടറി പറഞ്ഞു. ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം പാർട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇതല്ല പാർട്ടി നിലപാടെന്നും സിപിഎം മയ്യിൽ ഏരിയ സെക്രട്ടറി പ്രതികരിച്ചു. പ്രാദേശിക തലത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം വ്യക്തമാക്കി.