- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൂട്ടിട്ട് ചവിട്ടുന്നതിന് മുമ്പ് പൊലീസുദ്യോഗസ്ഥൻ കോൺഗ്രസ് പ്രവർത്തകന്റെ മുഖത്തടിച്ചു; പുതിയ വീഡിയോ പുറത്തു വന്നതോടെ സിപിഒ ഷബീറിനെ സ്ഥലം മാറ്റി പേരിന് നടപടി; അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിൽ പിടിച്ച ചരിത്രവും ഷബീറിന്; മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ചതിനും കസ്റ്റഡിയിലായി; നേരിട്ടത് അഞ്ച് സസ്പെൻഷനും
തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ സിൽവർലൈൻ കല്ലിടൽ തടഞ്ഞ കോൺഗ്രസ് പ്രവർത്തകനെ സിപിഒ ഷബീർ മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നു. ബൂട്ടിട്ട് ചവിട്ടുന്നത്തിന് മുൻപ് കോൺഗ്രസ് പ്രവർത്തകനായ ജോയിയെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. പുതിയ മർദ്ദന വീഡിയോ കൂടി പുറത്തുവന്നതോടെ പൊലീസുകാരനെതിരെ നടപടിയും വന്നു. സ്ഥലം മാറ്റം മാത്രമാണ് ഇയാൾക്കെതിരെ കൈക്കൊണ്ടിരിക്കുന്നത്.എ ആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റം. സംഭവത്തിൽ ഷബീറിനെതിരെ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ എസ്പി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സിൽവർലൈൻ വിരുദ്ധ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകൻ ജോയിയെ മംഗലപുരം സിപിഒ ഷബീർ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഷബീർ ജോയിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത്. മുഖത്ത് അടിച്ചതിനെ ശേഷമാണ് ഷെബീർ ജോയിയെ ചവിട്ടി വീഴ്ത്തുന്നത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷബീറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ഷബീറിനെതിരെ നടപടി ഉടൻ ഉണ്ടാകുമെന്നാണ് വിവരം. നേരത്തെയും നിരവധി തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ഷബീർ. ഷബീറിന് ഇത് വരെ അഞ്ച് സസ്പെൻഷനും ലഭിച്ചിട്ടുണ്ട്. ഇയാൾ ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരനാണെന്ന് മുമ്പും തെളിയിച്ച വ്യക്തിയാണ്. വ്യാഴാഴ്ചയാണ് കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലൈൻ സർവ്വേക്കിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരെ ക്രൂരമായി ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം അടക്കം ആവശ്യപ്പെട്ടിരുന്നു.
അതേസമയം സി പി ഒ ഷബീറിനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. സമരത്തിനിടെ ഷബീർ പ്രതിഷേധക്കാരെ ചവിട്ടിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. സംഘർഷ സാദ്ധ്യതയുണ്ടായിട്ടും പൊലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പൊലീസ് മർദ്ദിച്ചത്.
അതേസമയം സിൽവലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ വിവാദത്തിലായ പൊലീസുദ്യോഗസ്ഥനെതിരെ മുമ്പും പരാതികളുണ്ടായിരുന്നു. കഴക്കൂട്ടം ചന്തവിള മങ്ങാട്ടുകോണം സ്വദേശിയായ എം. ഷബീർ എന്ന സിവിൽ പൊലീസുദ്യോഗസ്ഥൻ മുമ്പ് സമാനമായ നിരവധി വിഷയങ്ങളിൽ സസ്പെൻഷനിലായ ആളാണ്. ഇതിൽ ഏറ്റവും വിവാദമായ സംഭവം അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിൽ പിടിച്ചതാണ്.
2019ലാണ് ഇതിന് ആസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച ഷബീറിനെ കഴക്കൂട്ടം പൊലീസ് 2019 ജൂൺ ഏഴിന് കസ്റ്റഡിയിലെടുത്തിരുന്നു. അപകടകരമായി വാഹനം ഓടിച്ചതിന് കസ്റ്റഡിയിലെടുത്ത ഇയാളെ സ്റ്റേഷനിലെത്തിച്ച സമയത്ത് അവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിൽ പിടിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് വകുപ്പുതല നടപടി നേരിട്ടിരുന്നു. ഇതിന്റെ പേരിൽ സസ്പെൻഷൻ കിട്ടി തിരികെ സർവീസിൽ കയറിയിട്ട് അധിക നാളായിട്ടില്ല.
2011ൽ കേബിൾ കണക്ഷന്റെ വാടക ചോദിച്ചെത്തിയ ആളെ ആക്രമിച്ച വിഷയത്തിലും ഷബീറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുമ്പ പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച കേസുണ്ട്. ഇതേവർഷം തന്നെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മറ്റൊരാളെ ആക്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ അഭിഭാഷകനെ മർദ്ദിച്ച കേസും ഇയാൾക്കെതിരെ ഉണ്ട്. ഇങ്ങനെ തുടർച്ചയായി അഞ്ച് സസ്പെൻഷൻ വാങ്ങിയ ഷബീറാണ് ഇന്നലെ സിൽവർലൈൻ വിഷയത്തിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ വിഷയത്തിൽ വീണ്ടും വിവാദത്തിലായത്.
മറുനാടന് മലയാളി ബ്യൂറോ