കരുനാഗപ്പള്ളി: ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യം നേടിത്തന്ന മഹത്തായ പാരമ്പര്യം പേറുന്ന പാർട്ടി രാജ്യത്തും സംസ്ഥാനത്തും ഉരുക്കിതീരുന്നതു സഹിക്കാൻ വയ്യാതെയാണ് സി.ആർ. മഹേഷ് കോൺഗ്രസ് വിട്ടിരിക്കുന്നത്. ചീഞ്ഞുനാറി പാർട്ടിക്കുള്ളിൽ നിൽക്കാൻ താത്പര്യമില്ലെന്നും മറ്റെന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാനാണു പദ്ധതിയെന്നും ഈ യുവനേതാവു വ്യക്തമാക്കിയിരിക്കുന്നു. അധികാരത്തിനും പണത്തിനും വേണ്ടി പാർട്ടിക്കുള്ളിലും പുറത്തും തമ്മിൽ തല്ലി നടക്കുന്ന കോൺഗ്രസ് നേതാക്കളിൽ അധികം കണ്ടു പരിചയമില്ലാത്ത നടപടികളാണ് കരുനാഗപ്പള്ളിയിലെ ഈ നേതാവിൽനിന്ന് ഉണ്ടായിരിക്കുന്നത്.

മുതിർന്ന നേതാവ് എ.കെ. ആന്റണിക്കും പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എതിരേ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കൂടിയായ സി.ആർ. മഹേഷ് പാർട്ടിയിൽനിന്നു പുറത്തുവരുന്നത്. തത്കാലം മറ്റു പാർട്ടികളിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. സ്ഥിരം ശത്രുക്കളില്ലാത്ത രാഷ്ട്രീയത്തിൽ മഹേഷിൽനിന്ന് കൂടുതൽ തന്ത്രപരമായ നീക്കളുണ്ടാകുമോ എന്നു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ത്യ കീഴടക്കുമ്പോൾ കോൺഗ്രസ് കളത്തിൽനിന്നും മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിലും കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. കെപിസിസി പ്രസിഡന്റായിരുന്ന സുധീരൻ രാജിവച്ചിട്ടു ദിവസങ്ങൾ ഏറെയായിട്ടും പകരം ഒരാളെ കണ്ടെത്താൻ കഴിയുന്നില്ല. എ, ഐ ഗ്രൂപ്പുകൾക്കിടയിലെ തർക്കങ്ങളടക്കം എല്ലാവർക്കും സ്വീകാര്യനായ പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്തുന്നതിനു തടസമാകുന്നു. ഇത്തരത്തിൽ രാജ്യത്തും കേരളത്തിലും കോൺഗ്രസ് ദുർബലമാകുന്നുവെന്ന മഹേഷിന്റെ ആരോപണം അക്ഷരാർത്ഥത്തിൽ ശരിയാണ്.

ശക്തമായ നേതൃഗുണവും സംഘാടനമികവുമാണ് ഐ ഗ്രൂപ്പുകാരനായ സി.ആർ. മഹേഷിനെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവരാൻ സഹായിച്ച ഘടകങ്ങൾ. കമ്യൂണിസ്റ്റ് പാരമ്പര്യം പേറുന്ന കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് രാഷ്ട്രീയം സ്വീകരിച്ച മഹേഷിന് മികച്ച നേതാവെന്ന പ്രതിച്ഛായ വിദ്യാർത്ഥി കാലം മുതൽ സ്വന്തമായിരുന്നു. പഞ്ചായത്ത് മെംബർ എന്ന നിലയിലുള്ള പ്രവർത്തനത്തെ പ്രതിപക്ഷം പോലും പ്രശംസിച്ചിരുന്നു.

കരുനാഗപ്പള്ളിയിലെ തഴവ തെക്കുംമുറിമേക്ക് ചെമ്പകശ്ശേരിൽ വീട്ടിൽ രാജശേഖരൻ- ലക്ഷ്മിക്കുട്ടിഅമ്മ ദമ്പതികളുടെ മകനായ മഹേഷ് വിദ്യാർത്ഥികാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കുടുംബത്തിന്റെ രാഷ്ട്രീയം കമ്മ്യൂണിസം ആയിരുന്നെങ്കിലും മഹേഷിന്റെ രാഷ്ട്രീയപാത കോൺഗ്രസിന്റേതായി. കെഎസ്‌യു സ്ഥാനാർത്ഥിയായി ശാസ്താംകോട്ട ഡിബി കോളേജ് യൂണിയൻ ചെയർമാനായത് ആദ്യ തിരഞ്ഞടുപ്പ് വിജയം. 2005-ൽ സ്വന്തം വാർഡിൽ നിന്ന് തഴവ ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പെട്ടു. അതേവർഷം തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.

കോൺഗ്രസ് ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ കേരളത്തിലെ നിയോജകമണ്ടലം തലത്തിലുള്ള പരിപാടികളിൽ ഏറ്റവും കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിച്ചു കേരളത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ചു ഈ യുവ നേതാവ്. ഏറ്റവും കൂടുതൽ ജില്ല തല പരിപാടികൾ സങ്കടിപ്പിച്ചും സമരങ്ങളിൽ പൊലീസ് മർദനം ഏറ്റുവാങ്ങിയും ജയിൽവാസം അനുഭവിച്ചും മഹേഷ് നേതൃനിരയിലേക്ക് ഉയർന്നുവന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസ്സംബ്ലി തെരഞ്ഞെടുപ്പിലും സീറ്റ് വാഗ്ദാനം നല്കപ്പെടുകയും പിന്നീട് മറ്റുള്ളവർക്കു വേണ്ടി മാറി നില്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അച്ചടക്കമുള്ള പ്രവർത്തകനായി അനുസരണ കാട്ടുകയും ചെയ്തിട്ടുണ് മഹേഷ്. 2013 ൽ എ ഗ്രൂപ്പിലെ ഡീൻ കുര്യാക്കോസ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ ഐ ഗ്രൂപ്പിലെ മഹേഷിനാണ് വൈസ് പ്രസിഡന്റാകാൻ നിയോഗമുണ്ടായത്.

ചവറ കെ.എം.എം.എല്ലിലെ നിയമങ്ങളിലെ അഴിമതിക്കെതിരെ മഹേഷ് നയിച്ച യുവജനസമരങ്ങൾ അടുത്ത കാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റി. സമരത്തെ തുടർന്ന് നിയമന നടപടികൾ കമ്പനി നിർത്തിവച്ചത് മഹേഷിന്റെ ജനപ്രീതി വർധിപ്പിക്കുകയും കോൺഗ്രസ് നേതൃത്വത്തിനുള്ള അദ്ദേഹത്തോടു കൂടുതൽ മതിപ്പുളവാക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചപ്പോഴും ഉയർന്നുവന്നത് മഹേഷിന്റെ പേരായിരുന്നു. മുമ്പത്തെ മൂന്നു തെരഞ്ഞെടുപ്പുകളിലും സഖ്യകക്ഷികൾക്കായിരുന്നു യുഡിഎഫ് സീറ്റ്. കരുനാഗപ്പള്ളിയെ ഇടതുപിടിയിൽനിന്നു മോചിപ്പിക്കാൻ നിയോഗം ലഭിച്ചെങ്കിലും അതു വിജയത്തിലെത്തിക്കാൻ മഹേഷിനായില്ല. സിപിഐയുടെ ആർ. രാമചന്ദ്രൻ നായരുമായുള്ള വാശിയേറിയ പോരാട്ടത്തിൽ 1759 വോട്ടുകൾക്കാണു മഹേഷ് തോറ്റത്. ചിലരുടെ കാലുവാരൽ മൂലമാണ് താൻ പരാജയപ്പെട്ടതെന്ന് അന്ന് മഹേഷ് ആരോപിച്ചിരുന്നു.

കോൺഗ്രസിനെതിരേ മാത്രമല്ല യുഡിഎഫ് സഖ്യകക്ഷികൾക്കെതിരെയും നിശിത വിമർശനം ഉന്നയിച്ചിട്ടുണ്ട് സി.ആർ. മഹേഷ്. കെ.എം. മാണി യുഡിഎഫ് വിടാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ തന്നെ ഇതിനു തെളിവ്. മാണിയെപ്പോലെ തരം താണ രാഷ്ട്രീയം കളിക്കുന്നവർക്ക് വഴങ്ങാതിരിക്കാനുള്ള ഇച്ഛാശക്തി കോൺഗ്രസ് നേതൃത്വം കാട്ടണമെന്നാണ് മഹേഷ് ആവശ്യപ്പെട്ടത്. മാണിയെ തിരിച്ചു യുഡിഎഫിലെത്തിക്കാനുള്ള ചരടുവലികൾ അണിയറയിൽ സജീവമായിക്കേയാണ് മഹേഷ് കോൺഗ്രസിൽനിന്നുതന്നെ പുറത്തുപോകുന്നതെന്നത് ശ്രദ്ദേയം.

' കെ.എം.മാണി പോകുന്നെങ്കിൽ പോകട്ടെ, ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അധികാരത്തോടുള്ള ആർത്തിയും, കോഴകേസുകളിലെ അന്വേഷണങ്ങളിൽ നിന്നും രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോഴത്തെ കാട്ടികൂട്ടലുകൾ. പ്രതിസന്ധിയിൽ കൂടെ നിൽക്കാത്തവ ആർക്കാണ് ആവശ്യം. പ്രതിപക്ഷ നേതാവും, ഉമ്മൻ ചാണ്ടി സാറും, കെപിസിസി പ്രെസിഡന്റും ഒക്കെ ഫോണിൽ വിളിച്ചിട്ടും നിഷേധാത്മകമായ നിലപാട് കാണിക്കുന്ന വ്യക്തിയോട് ഇനിയും സന്ധി ചെയ്യേണ്ട ആവശ്യമില്ല. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കി അവിടെ ഇരിക്കുമെന്നു കേരള കോൺഗ്രസ് നേതാക്കൾ പറയുന്നതിൽ നിന്നും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നോക്കിയുള്ള അടവ് നയമാണ് അവരുടെ ഉള്ളിലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രത്യേക ബ്ലോക്കായി ഇരിക്കും എന്ന് പറയുന്നവർ ഒന്നോർക്കണം, ആ എംഎ‍ൽഎ സ്ഥാനം നിങ്ങളുടെ അധ്വാനം മാത്രമല്ല. കോൺഗ്രസ് പാർട്ടിയിലെ ആയിരക്കണക്കിന് പ്രവർത്തകർ ചോര നീരാക്കി, ഊണും, ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടത്തിന്റെ ഫലം കൂടിയാണ്. യു.ഡി.എഫ് സംവിധാനത്തിൽ കൂടി ജയിച്ചു വന്നവർ ധാർമികത ഉണ്ടെങ്കിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തുനിയാതെ എംഎ‍ൽഎ സ്ഥാനം രാജിവെക്കണം. യു.ഡി.എഫ് വിട്ട് പോകാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ള ആകും എന്ന കാര്യമുറപ്പാണ്. അങ്ങനെ വരുമ്പോൾ വീണ്ടും യു.ഡി.എഫിലേക്ക് തന്നെ മടങ്ങി വരാനും കെ.എം മാണി ശ്രമം നടത്തും, അപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചാൽ അത് കോൺഗ്രസിലെ സാധാരണ പ്രവർത്തകർക്ക് യാതൊരു കാരണവശാലും ഉൾകൊള്ളാൻ കഴിയില്ല എന്നത് നേതൃത്വം മനസ്സിലാക്കണം. കെ.എം.മാണി യു.ഡി.എഫ് വിട്ടാലും ഈ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയേക്കാൾ വലുതായി ഒന്നും സംഭവിക്കാൻ ഇല്ല. ഇത്തരത്തിൽ തരം താണ രാഷ്ട്രീയം കളിക്കുന്നവർക്ക് വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും, ആർജ്ജവവും കോൺഗ്രസ് നേതൃത്വം കാണിക്കണം.' - ഇതായിരുന്നു മാണി മുന്നണി വിട്ടപ്പോൾ മഹേഷിന്റെ പ്രതികരണം.

ഇതേ നിശിത വിമർശന സ്വഭാവത്തോടുകൂടി തന്നെയാണ് മഹേഷ് രാഹുൽ ഗാന്ധിയെയും എ.കെ. ആന്റണിയെയും വിമർശിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ വിവാദ പ്രസ്താവന. കെഎസ്‌യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാൻ ഞങ്ങൾ മരിക്കാനും തയാറാണ്. പക്ഷേ, ഇനിയും ഈ സ്ഥിരം സെറ്റിൽമെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ കാല് വാരൽ, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കൽ എന്നിങ്ങനെയുള്ള സ്ഥിരം നിർഗുണങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും മഹേഷ് പറഞ്ഞു.

കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനേയും ഗ്രൂപ്പ് രാഷ് ട്രീയത്തേയും കെഎസ്‌യു തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോരിനേയും മഹേഷ് വിമർശിച്ചിരുന്നു. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്നു. പാർട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സർക്കാർ നയങ്ങൾക്ക് എതിരെ പട നയിക്കേണ്ടവർ പകച്ചു നിൽക്കുന്നു. ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം- മഹേഷിന്റെ ഫേസ്‌ബുക്ക് വിമർശന ഉങ്ങനെയായിരുന്നു.

നേതൃത്വത്തിനെതിരേ വിരൽ ചൂണ്ടി തെറ്റു സംഭവിച്ചു എന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത മഹേഷിനെതിരേ കോൺഗ്രസിനുള്ളിൽ എതിർപ്പ് ഉയർന്നിരുന്നു. മഹേഷിന്റെ വിമർശനങ്ങൾ ബിജെപിയെ സഹായിക്കാനാണെന്നുള്ള പി.സി. വിഷ്ണുനാഥിന്റെ പരാമർശം തന്നെ ഇതിന് ഉദാഘരണം. രാഹുൽ ഗാന്ധിക്കും എ.കെ. ആന്റണിക്കും എതിരേ വിമർശനം ഉന്നയിച്ചശേഷം പാർട്ടിയിൽ സുഖകരമായി തുടരനാവില്ലെന്ന തിരിച്ചറിവിൽക്കൂടിയാണ് മഹേഷ് പാർട്ടി വിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാവി പരിപാടി എന്തായിരിക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.