റിയാദ്; രാജ്യത്ത് പ്രവാസികളെ ഏറെ ജോലി ചെയ്യുന്ന മേഖലകളായ സെക്യൂരിറ്റിയും സ്വകാര്യ മേഖലകളിലും പരിശോധന കർശനമായതോടെ പ്രവാസികൾ ആശങ്കയിലാണ്. രാജ്യത്തെ നിതാഖാത് ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതൽ കർശന നടപടികൾ വരുന്നത് സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാർ ഓഫീസ് രേഖകൾ കൈകാര്യം ചെയ്യുന്നതിന് മുനിസിപ്പാലിറ്റികൾ വിലക്കേർപ്പെടുത്തിയതും, സെക്യൂരിറ്റി തൊഴിലിടങ്ങളിലെ പരിശോധനകൾ കർശനമായതും മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്

അനുമതിയില്ലാതെ പ്രവാസികൾക്ക് ജോലി നൽകുന്നതുൾപ്പെടെയുള്ള നിയമ ലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയത്. സ്വദേശികളെ ജോലിക്കെടുക്കുമ്പോൾ പ്രതിമാസം കുറഞ്ഞത് 3000 സൗദി റിയാൽ (ഏകദേശം 48,000 രൂപ) നൽകണമെന്ന് നിയമമുണ്ട്.

എന്നാൽ പ്രവാസികൾ 1000 സൗദി റിയാലിന് (ഏകദേശം 16,500 രൂപ) ജോലി ചെയ്യാൻ തയാറാകുന്ന സാഹചര്യമാണ് സെക്യൂരിറ്റി സ്ഥാപനങ്ങൾ മുതലെടുക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിലെ പരിശോധനകൾ കർശനമാക്കിയതോടെ നൂറുകണക്കിന് മലയാളികൾക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.

മുനിസിപ്പാലിറ്റി നിയമങ്ങൾ കർശനമാക്കിയതാണ് പ്രവാസികൾക്ക് മറ്റൊരു തിരിച്ചടി. സ്വകാര്യ സ്ഥാപനങ്ങളിലെ ഓഫീസ് രേഖകൾ കൈകാര്യം ചെയ്യുന്നതിന് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയതോടെ ആയിരക്കണക്കിനാളുകൾക്ക് ജോലി നഷ്ടമാകും. ഇവർക്ക് പകരമായി സ്വദേശികളെ തന്നെ നിയമിക്കാൻ തൊഴിലുടമകൾ നിർബന്ധിതരാകുന്ന
സാഹചര്യമാണ് പുതിയ നിയമം സൃഷ്ടിച്ചിരിക്കുന്നത്. ചെറിയ കടകളിൽപ്പോലും മുനിസിപ്പാലിറ്റിയുടെ എംബ്ലം പതിച്ചിരിക്കണമെന്നും കച്ചവടക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ വിദേശികൾ, തൊഴിൽസ്ഥലത്ത് നിന്ന് ഒളിച്ചോടിയവർ, ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങാത്തവർ എന്നിവരെ ലക്ഷ്യമിട്ടാണ് ഇപ്പോൾ പരിശോധനകൾ നടക്കുന്നത്. നിതാഖാത് നിയമം അനുസരിക്കാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഒരു ലക്ഷം സൗദി റിയാൽ പിഴയിടുമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ മേധാവിക്ക് രണ്ട് വർഷത്തെ തടവുശിക്ഷയും പുതിയ നിയമത്തിൽ പറയുന്നുണ്ട്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങാൻ താമസിക്കുന്നവരെക്കുറിച്ച് ഹജ്ജ്, ഉംറ കമ്പനികൾ അധികൃതരെ അറിയിക്കാതിരുന്നാലും ഒരു ലക്ഷം റിയാൽ പിഴയിടുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.