- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദ യാത്ര പുറപ്പെടുന്നതിന് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം; ഞൊടിയിടയിൽ തീപടർന്നു; ബസ് ജീവനക്കാരുടെ അഭ്യാസ പ്രകടനത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി
കൊല്ലം: വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പ് ബസിന് മുകളിൽ അപകടകരമായ രീതിയിൽ പൂത്തിരി കത്തിച്ച് ബസ് ജീവനക്കാരുടെ അഭ്യാസപ്രകടനം. പെരുമൺ എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ വിനോദയാത്രയ്ക്കായി ബുക്ക് ചെയ്ത കൊമ്പൻ എന്ന ബസിനാണ് തീ പിടിച്ചത്. പൂത്തിരിയിൽ നിന്നും തീ ബസിലേക്ക് പടരുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാനായിരുന്നു ബസ് ജീവനക്കാരുടെ പ്രകടനം. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. യാത്രയ്ക്കായി രണ്ട് കമ്പനികളുടെ ബസ്സാണ് വിദ്യാർത്ഥികൾ ബുക്ക് ചെയ്തിരുന്നത്. ബസുകൾ തമ്മിലുള്ള മത്സരമാണ് വലിയ അപകടത്തിന് വഴിവയ്ക്കാമായിരുന്ന സംഭവത്തിലേക്ക് കടന്നത്. തീ പടർന്നയുടൻ ബസ് ജീവനക്കാരൻ മുകളിൽ കയറി തീ അണയ്ക്കുകയായിരുന്നു.
ബസ് ജീവനക്കാരാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചതെന്നും ഇതുമായി കോളേജിനോ വിദ്യാർത്ഥികൾക്കോ ബന്ധമില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. അദ്ധ്യാപകർ വിലക്കിയിട്ടും ബസ് ജീവനക്കാർ പൂത്തിരി കത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസ് വയനാട് വഴി കർണാടകയിലേക്ക് പോയിരിക്കുകയാണെന്നും ഉടമയെ കണ്ടെത്തിയെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊമ്പൻ എന്ന പേരിലെ ബസ്സിലാണ് അപകടകരമായ അഭ്യാസപ്രകടനം അരങ്ങേറിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടരുകയായിരുന്നു. പൂത്തിരി കത്തിച്ചതിന് പിന്നാലെ അതിവേഗം ബസിന് മുകളിൽ തീ പടരുകയായിരുന്നു. അടുത്തിടെ തിരുവനന്തപുരത്ത് ശബരിമല യാത്രയ്ക്കെത്തിയപ്പോഴും ടൂറിസ്റ്റ് ബസിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കോളേജ് ടൂറിനിടയിൽ നടക്കുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾക്കെതിരെ മുൻപും നടപടി എടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ