പ്രശസ്ത ടി.വി സീരിയൽ സംവിധായകൻ സജിൻലാൽ ഒരുക്കുന്ന ആദ്യ സിനിമാ സംവിധാന സംരംഭമായ ക്രയോൺസിന്റെ ഷൂട്ടിങിനു തിരുവനന്തപുരത്ത് വർണ്ണാഭമായ തുടക്കം. 60ലേറെ മലയാള സിനിമകളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ അനുഗൃഹീത നടൻ ജോസ് ക്രയോൺസിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. മാതാപിതാക്കളും കുട്ടികളും തമ്മിലൂള്ള പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും നർമ്മത്തിൽ ചാലിച്ചു ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ക്രയോൺസ് സിനിമ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പഴയകാല നായകനായ ജോസ് പറഞ്ഞു.

ഡിസർട്ട് ഡ്രീംസ് ഫിലിംസ് , മീഡിയ, ആൻഡ് ഈവന്റിന്റെ ബാനറിൽ ഡോ.എം.ഫയാസ് അസീസ്, സനീന എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ക്രയോൺസ് കുട്ടികളുടെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള കുടുംബ ചിത്രമാണ്. ചിരിയും ചിന്തയും ഉണർത്തുന്ന കഥാമൂഹൂർത്തങ്ങളും മികച്ച ഗാനങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുട്ടികളെ വീടിന്റെ കോൺക്രീറ്റ് ചുമരുകൾക്കിടയിൽ തളച്ചിടാതെ, പ്രകൃതിയോട് ഇണക്കി സാമൂഹ്യ ജീവിയായി വളർത്തണമെന്ന് ന്യൂ ജനറേഷൻ പാരന്റ്‌സിനെ ചിത്രം ഓർമ്മിപ്പിക്കുന്നു.

ബോബൻ ആലുമ്മൂടൻ,ദിനേശ് പണിക്കർ,ഡോ.എം.ഫയാസ് അസീസ് , സംഗീത ബക്കർ , മാസ്റ്റർ ധനഞ്ജയ് (മമ്മൂട്ടിയുടെ ഡാഡികൂൾ  ഫെയിം) , മാസ്റ്റർ ശബരീകൃഷ്ണൻ, മാസ്റ്റർ സിബിൻ സക്കറിയ  (ബാലഗണപതി ഫെയിം ), ദേവിശ്രീ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഐ.ടി പ്രൊഫഷണലുകളായ പ്രകാശ് ദേവ്  അനാമിക ദമ്പതികളുടെയും തൊഴിലാളിയായ സൈമന്റെയും കുടുംബങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയിലൂടെയാണ് പുതുമയാർന്ന പാറ്റേണിൽ സംവിധായകൻ സജിൻലാൽ ക്രയോൺസ് ഒരുക്കുന്നത്.

നിർമ്മാതാവ് ഫയാസിന്റേതാണ് ചിത്രത്തിന്റെ കഥ. ഹയർസെക്കന്ററി അദ്ധ്യാപകനും തിരക്കഥാകൃത്തുമായ അനിൽ കെ.വിയും ഫയാസും സംയുക്തമായാണ് ക്രയോൺസിന്റെ തിരക്കഥ എഴുതിയത്. സംഭാഷണം അനിലിന്റേതാണ്. പ്രശസ്ത ഗാനരചയിതാക്കളായ ചുനക്കര രാമൻകുട്ടിയും എം.കെ ശ്രീകുമാറുമാണ് ക്രയോൺസിനു പാട്ടുകളെഴുതിയത്. അഞ്ച് ഗാനങ്ങൾ ചിത്രത്തിലുണ്ട്. സിനിമ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ രവിശങ്കർ ഈണം നൽകി. മികച്ച ഷോട്ടുകളിലൂടെ ദൃശ്യ വിരുന്നൊരുക്കുന്ന രാജീവ് വിജയ് ആണ് ഛായാഗ്രഹകൻ.

ആർട്ട് : അജയൻ കെ.ജി , മെയ്‌ക്കപ്പ് : ബിജു , കോസ്റ്റിയൂ മർ: രാജീവ് , കൊറിയോഗ്രാഫി: സജീഷ് ഫൂട്ട്‌ലൂസേഴ്‌സ് ,പ്രൊഡക്ഷൻ കൺട്രോളർ  പ്രകാശ് തിരുവല്ല, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ദീപു കീഴാറൂർ, അസോസിയേറ്റ് ഡയറക്റ്റർ : സുനിൽ മാനസി, പി.ആർ.ഒ.: കീഴാറൂർ പ്രകാശ് . തിരുവനന്തപുരം നഗരവും പരിസര പ്രദേശങ്ങളുമാണ് ക്രയോൺസിന്റെ ലൊക്കേഷൻ.