തൃശൂർ: ഇസ്‌ളാം മതം സ്വീകരിച്ച് മുഹമ്മദായ സൈമൺ മാസ്റ്ററുടെ മൃതദേഹം ഇസ്‌ളാമിക ആചാരപ്രകാരം കബറടക്കാൻ ബന്ധുക്കൾ സമ്മതിച്ചില്ലെന്ന് ആക്ഷേപം. തന്റെ മരണ ശേഷം മൃതദേഹം ഇസ്‌ളാമിക രീതിയിൽ മറമാടണം എന്ന് ഒസ്യത്ത് എഴുതിവച്ചിരുന്നു മുഹമ്മദ് എന്ന സൈമൺ മാസ്റ്റർ. എന്നാൽ അത് തെറ്റിച്ച് ബന്ധുവായ എംഎൽഎയെ കൂട്ടുപിടിച്ച് ബന്ധുക്കൾ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിന് കൈമാറിയെന്ന ആക്ഷേപമാണ് ഉയരുന്നത്.

മരണശേഷം മൃതദേഹം പൊതുദർശനത്തിനു വയ്ക്കരുതെന്നും ഇസ്‌ളാമിക ആചാരങ്ങളോടെ സംസ്‌കരിക്കണമെന്നും അദ്ദേഹം ഒസ്യത്തിൽ എഴുതിവച്ചിരുന്നു. എന്നാൽ അതു പാലിക്കാതെ ബന്ധുവായ എംഎൽഎയുടെ സഹായത്തോടെ കുടുംബം മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുകയായിരുന്നു. പതിനെട്ട് വർഷങ്ങൾക്കു മുമ്പാണ് സൈമൺ മാസ്റ്റർ ഇസ്‌ളാം മതം സ്വീകരിച്ച് മുഹമ്മദായി മാറിയത്.

തന്റെ വിശ്വാസമനുസരിച്ച് ഇസ്ലാമിക ആചാരപ്രകാരം ഭൗതികദേഹം പള്ളി കബർസ്ഥാനിൽ മറമാടണമെന്ന് 2000 സെപ്റ്റംബർ എട്ടാം തിയ്യതി മക്കളെ സാക്ഷിനിർത്തി ഒസ്യത്ത് എഴുതി ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വിശദീകരണം. ബന്ധുക്കളെ സ്വാധീനിച്ച് ക്രൈസ്തവ സഭയിലുള്ളവരാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന ആക്ഷേപമാണ് ഒരു വിഭാഗം ഉയർത്തുന്നത്.

ഗ്രന്ഥകാരനും മതംമാറിയതിന് പിന്നാലെ ഇസ്ലാംമത പ്രചാരകനുമായിരുന്നു ഇ സി സൈമൺ മാസ്റ്റർ. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ഇന്നലെയാണ് തന്റെ 86-ാം വയസ്സിൽ സൈമൺ മാസ്റ്റർ എന്ന മുഹമ്മദ് മരണപ്പെട്ടത്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എടവിലങ്ങ് ഇലഞ്ഞിക്കൽ ചിക്കുവിന്റെയും ഏലിയയുടെയും മകനായി 1932ന് ജനിച്ച സൈമൺ മാസ്റ്റർ 25 വർഷത്തോളം അദ്ധ്യാപകനായിരുന്നു.

ഹെഡ്‌മാസ്റ്ററായിട്ടാണ് വിരമിച്ചത്. ക്രിസ്തുമത പണ്ഡിതനായിരുന്ന അദ്ദേഹം പിന്നീട് ഇസ്ലാമിനെ പറ്റി പഠിക്കുകയും ആകൃഷ്ടനായി മുഹമ്മദായി മാറി മതപരിവർത്തനം നടത്തുകയുമായിരുന്നു. 2000 ഓഗസ്റ്റ് 18ന് മതംമാറി മുസ്ലിമായി. പിന്നീട് ഇസ്ലാംമത പ്രചാരകനായി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയ അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.

ബൈബിളും ഖുർആനും, യേശുവും മറിയമും ബൈബിളിലും ഖുർആനിലും, യേശുവിന്റെ പിൻഗാമി, ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും, എന്റെ ഇസ്ലാം അനുഭവങ്ങൾ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. ഇസ്ലാംമത വിശ്വാസിയായപ്പോഴും തന്റെ കുടുംബക്കാരുമായി സഹകരിച്ചുപോന്നിരുന്നു അദ്ദേഹം. 2000 സെപ്റ്റംബർ എട്ടാം തിയ്യതിയാണ് ഒസ്യത്ത് എഴുതുന്നത്. കൊടുങ്ങല്ലൂർ കാതിയാളം ജമാഅത്ത് പള്ളിയിൽ വെച്ച് മുസ്ലിമായ വിവരം സൂചിപ്പിച്ചിട്ടുള്ള ഒസ്യത്തിൽ, എപ്പോൾ മരണപ്പെട്ടാലും തന്നെ ഇസ്ലാമിക ആചാപ്രകാരം കാതിയാളം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യത്തിൽ തന്റെ മക്കൾ പൂർണമായി സഹകരിക്കേണ്ടതാണെന്നും അദ്ദേഹത്തിന്റെ ഒപ്പോടു കൂടി സ്വന്തം കൈപ്പടയിൽ തീർത്ത എഴുത്തിൽ വ്യക്തമാക്കുന്നു ഇതിനു താഴെ സാക്ഷികളായി മക്കൾ ഒപ്പിട്ടുനൽകിയിട്ടുമുണ്ട്. ഈ ഒസ്യത്ത് പൗരപ്രമുഖനും ജമാഅത്തെ ഇസ്ലാമി നേതാവുമായ എൻ എം അബ്ദുറഹ്മാന്റെ കൈവശമാണ് ഏൽപ്പിച്ചത്.

ഇന്നലെ രാവിലെ മരണവാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ കാതിയാളം മഹല്ല് ഭാരവാഹികൾ മയ്യിത്ത് മറമാടുന്നതിനെ പറ്റി അന്വേഷിച്ചു. അപ്പോൾ പിതാവിന്റെ ആഗ്രഹപ്രകാരം എല്ലാം ചെയ്യുമെന്ന് മക്കൾ അറിയിച്ചു. അതിൻപ്രകാരം മരണാനന്തര ചടങ്ങുകൾക്ക് തയ്യാറെടുക്കുമ്പോഴാണ് മയ്യിത്ത് മെഡിക്കൽ കോളേജിനു കൈമാറി എന്ന വിവരം അറിയുന്നത്.

വിരലടയാളം പതിച്ച സ്റ്റാംപ് പേപ്പറിൽ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകാൻ അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കിയാണ് കുടുംബക്കാരുടെ നടപടി ഉണ്ടായത്. തുടർന്ന് വീട്ടിലേക്കു പോലും കൊണ്ടുപോവാതെ മൃതദേഹം മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി. ബന്ധുമിത്രാദികൾ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിറവേറ്റിയില്ലെന്നും അനാദരവ് കാണിച്ചെന്നും ആരോപിക്കുകയാണ് സുഹൃത്തുക്കളും വിശ്വാസികളും. വിഷയം വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.