- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യക്ക് ദയനീയ പരാജയം; തോൽവി എട്ടുവിക്കറ്റിന്; കളിച്ച എട്ട് പകൽരാത്രി മത്സരങ്ങളിലും വിജയമെന്ന റെക്കോർഡും സ്വന്തമാക്കി ഓസീസ്; ആദ്യ ടെസ്റ്റോടെ കോഹ്ലിയും മടങ്ങുമ്പോൾ രണ്ടാം ടെസ്റ്റിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ടീം; പിങ്ക്ബോൾ ഇന്ത്യയെ വീഴ്ത്തുമ്പോൾ
അഡ്ലെയ്ഡ്: ഒരു രാത്രിയുടെ ഇടവേളകളിൽ രണ്ടു റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവി.രണ്ടു ദിവസത്തെ കടുത്ത പോരാട്ടം കൊണ്ട് നേടിയെടുത്ത മുൻതൂക്കമത്രയും ഒറ്റ സെഷൻ കൊണ്ട് കൈവിട്ടുകളഞ്ഞാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.
പകൽരാത്രി മത്സരമെന്ന പ്രത്യേകതയുമായി അഡ്ലെയ്ഡിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എട്ട് വിക്കറ്റിനാണ് ആതിഥേയർ ജയിച്ചുകയറിയത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ വെറും 36 റൺസിന് എറിഞ്ഞിട്ട ഓസീസ്, ഒന്നാം ഇന്നിങ്‌സിൽ വഴങ്ങിയ 53 റൺസ് ലീഡ് സഹിതമുള്ള 90 റൺസ് വിജയലക്ഷ്യം വെറും 21 ഓവറിൽ മറികടന്നു. നഷ്ടമാക്കിയത് രണ്ടു വിക്കറ്റ് മാത്രം. സിക്‌സടിച്ച് വിജയറൺ കുറിച്ച ഓപ്പണർ ജോ ബേൺസ് 51 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ മാത്യു വെയ്ഡ് ബേൺസ് സഖ്യം 70 റൺസ് ചേർത്തപ്പോൾത്തന്നെ ഇന്ത്യയുടെ വിധി വ്യക്തമായിരുന്നു.
ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 1-0ന് മുന്നിലുമെത്തി. ഒന്നാം ഇന്നിങ്‌സിൽ തകർപ്പൻ അർധസെഞ്ചുറിയുമായി ഓസീസിനെ താങ്ങിനിർത്തിയ ക്യാപ്റ്റൻ ടിം പെയ്‌നാണ് കളിയിലെ കേമൻ. ബാറ്റിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക്, രണ്ടാം ഇന്നിങ്‌സിൽ ബോൾ ചെയ്യാനായില്ല. ഒരുവിക്കറ്റ് അശ്വിൻ നേടിയപ്പോൾ മറ്റൊന്ന് റണ്ണൗട്ടായി.സ്‌കോർ: ഇന്ത്യ 244 ; 36/9 ഡിക്ലയേർഡ്, ഓസ്‌ട്രേലിയ 191 ; 92/2
ഇന്ത്യ ഉയർത്തിയ 90 റൺസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം അനായാസമാണ് ഓസ്‌ട്രേലിയ മറികടന്നത്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ വെറും 36 റൺസിനിടെ മുട്ടുകുത്തി വീണ അതേ പിച്ചിൽ, അപകടം ഒളിച്ചിരിക്കുന്നുവെന്ന തോന്നൽ ലവലേശമില്ലാതെയാണ് ഓസീസ് താരങ്ങൾ ബാറ്റുവീശിയത്. 53 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസെടുത്ത് ഓസീസിന് മികച്ച തുടക്കം സമ്മാനിച്ച മാത്യു വെയ്ഡ്, 10 പന്തിൽ ആറു റൺസുമായി മാർനസ് ലബുഷെയ്ൻ എന്നിവർ മാത്രമാണ് പുറത്തായത്.
ഒരു നിമിഷത്തെ ആവേശത്തിൽ രവിചന്ദ്രൻ അശ്വിനെതിരെ ക്രീസ് വിട്ടിറങ്ങി കളിക്കാനുള്ള ശ്രമത്തിൽ വെയ്ഡ് റണ്ണൗട്ടായി. അനാവശ്യ ഷോട്ടിന് ശ്രമിച്ച ലബുഷെയ്‌നെ അശ്വിന്റെ പന്തിൽ മായങ്ക് അഗർവാളും പിടികൂടി. പിന്നീടെത്തിയ സ്റ്റീവ് സ്മിത്തിനെ സാക്ഷിനിർത്തി ജോ ബേൺസാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. ബേൺസ് 63 പന്തിൽ ഏഴു ഫോറും ഒരു സിക്‌സും സഹിതം 51 റൺസുമായി പുറത്താകാതെ നിന്നു. സ്മിത്ത് ഒരു റണ്ണുമായി വിജയത്തിലേക്ക് ബേൺസിനു കൂട്ടുനിന്നു. ഉമേഷ് യാദവെറിഞ്ഞ 21ാം ഓവറിലെ അവസാന പന്ത് സിക്‌സർ പറത്തിയാണ് ബേൺസ് ടീമിനെ വിജയത്തിലെത്തിച്ചത്.
ഒരു രാത്രിക്കപ്പുറം ഇന്ത്യയെ കാത്തിരുന്നത്
പകൽരാത്രി ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്കെതിരെ ആദ്യമായി ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീമെന്ന ഖ്യാതിയുമായി അഡ്ലെയ്ഡിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രമെഴുതിയ ഇന്ത്യയെ മണിക്കൂറുകൾക്കിപ്പുറം കാത്തിരുന്നത് നാണക്കേടിന്റെ ചരിത്രങ്ങൽ. ടീമിലെ 11 പേരിൽ ഒരാൾക്കു പോലും രണ്ടക്കം കടക്കാനായില്ലെന്ന നാണക്കേടുമായാണ് ഇന്ത്യ 36 റൺസിൽ പോരാട്ടം അവസാനിപ്പിച്ചത്.
40 പന്തിൽനിന്ന് ഒരേയൊരു ഫോർ സഹിതം ഒൻപത് റൺസെടുത്ത ഓപ്പണർ മായങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ എന്നത് പതനത്തിന്റെ ആക്കം വ്യക്തമാക്കുന്നു. പതിനൊന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഷമി (നാലു പന്തിൽ ഒന്ന്) പരുക്കേറ്റ് മടങ്ങിയതോടെ ഒൻപതിന് 36 റൺസ് എന്ന നിലയിൽ ഇന്ത്യ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ഉമേഷ് യാദവ് നാലു റൺസുമായി പുറത്താകാതെ നിന്നു.അഞ്ച് ഓവറിൽ മൂന്ന് മെയ്ഡൻ സഹിതം എട്ട് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ജോഷ് ഹെയ്‌സൽവുഡ്, 10.2 ഓവറിൽ നാല് മെയ്ഡൻ സഹിതം 21 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ പാറ്റ് കമ്മിൻസ് എന്നിവർ ചേർന്നാണ് ഇന്ത്യയെ കശക്കിയെറിഞ്ഞത്. ഓസീസ് നിരയിൽ വിക്കറ്റ് ലഭിക്കാതെ പോയത് ആറ് ഓവറിൽ മൂന്ന് മെയ്ഡൻ സഹിതം ഏഴ് റൺസ് വഴങ്ങിയ മിച്ചൽ സ്റ്റാർക്കിനു മാത്രം.
ഒന്നിന് ഒൻപത് റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 7.4 ഓവറിൽ 10 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും നഷ്ടമാക്കിയത് അഞ്ച് വിക്കറ്റ്. നൈറ്റ് വാച്ച്മാൻ ജസ്പ്രീത് ബുമ്ര (17 പന്തിൽ രണ്ട്), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (എട്ട് പന്തിൽ നാല്), വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ (0) എന്നിവരാണ് 10 റൺസിനിടെ വിലപ്പെട്ട വിക്കറ്റുകൾ നഷ്ടമാക്കിയത്.
ഏഴാം വിക്കറ്റിൽ ഹനുമ വിഹാരി വൃദ്ധിമാൻ സാഹ സഖ്യം കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും ഏഴു റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും കൂട്ടുകെട്ട് പിരിഞ്ഞു. 15 പന്തിൽ നാലു റൺസെടുത്ത സാഹയെ ജോഷ് ഹെയ്‌സൽവുഡ് പുറത്താക്കി. തൊട്ടടുത്ത പന്തിൽ രവിചന്ദ്രൻ അശ്വിനെയും (0) ഹെയ്‌സൽവുഡ് ടിം പെയ്‌ന്റെ കൈകളിൽ എത്തിച്ചതോടെ ഇന്ത്യ എട്ടിന് 26 റൺസ് എന്ന നിലയിലായി. വിക്കറ്റുകൾ കൂട്ടത്തോടെ നിലംപൊത്തിയതോടെ റൺനിരക്ക് ഉയർത്താൻ ശ്രമിച്ച് ഹനുമ വിഹാരിയും (22 പന്തിൽ എട്ട്) ഹെയ്‌സൽവുഡിന് അഞ്ചാം വിക്കറ്റ് സമ്മാനിച്ചതോടെ ഇന്ത്യ ഒൻപതിന് 31 റൺസ് എന്ന നിലയിലായി. ഇതിനിടെ ഉമേഷ് യാദവ് ഒരു ഫോർ നേടിയെങ്കിലും തൊട്ടുപിന്നാലെ കമ്മിൻസിന്റെ പന്തിൽ മുഹമ്മദ് ഷമിക്ക് പരുക്കേറ്റതോടെ ഇന്ത്യൻ ഇന്നിങ്‌സിന് വിരാമം.
ഈ ജയത്തോടെ കളിച്ച എട്ട് പകൽരാത്രി മത്സരങ്ങളിലും വിജയമെന്ന റെക്കോർഡും ഇനി ഓസീസിനു സ്വന്തം. പകൽ രാത്രി മത്സരങ്ങളിൽ ഒന്നാം ഇന്നിങ്‌സിൽ ലീഡ് വഴങ്ങിയ ടീം ജയിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2018ൽ വെസ്റ്റിൻഡീസിനെതിരെ ബ്രിജ്ടൗണിൽ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശ്രീലങ്ക ജയിച്ചതാണ് ആദ്യ സംഭവം.
അഡ്‌ലെയ്ഡിൽ ഒന്നാം ഇന്നിങ്‌സിൽ 53 റൺസ് ലീഡ് വഴങ്ങിയ ശേഷമാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചെടുത്തത്. മറുവശത്ത്, ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലി ടോസ് നേടിയ 26 ടെസ്റ്റുകളിൽ ഇതാദ്യമായാണ് ഇന്ത്യ തോൽക്കുന്നത്.