ഷാർജ: ടി-20 ലോക കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ഒന്നിലെ ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ മൂന്ന് റൺസിന് കീഴടക്കി വെസ്റ്റ് ഇൻഡീസിന് ആദ്യ വിജയം. തുടർച്ചയായി മൂന്നാം മത്സരത്തിലെ തോൽവിയോടെ ബംഗ്ലാദേശിന്റെ സാധ്യതകൾ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസിൽ അവസാനിപ്പിച്ചതോടെ നിലവിലെ ചാമ്പ്യന്മാരായ കരീബിയൻ പട ജയം കൊയ്തു.

അവസാന ഓവറിൽ ബംഗ്ലാദേശിന് 13 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ ആന്ദ്രെ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ ഒൻപത് റൺസേ ബംഗ്ലാദേശിന് കണ്ടെത്താൻ സാധിച്ചുള്ളു. 43 പന്തിൽ 44 റൺസെടുത്ത ലിറ്റൻ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ മഹമുദുള്ള 24 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഓപ്പണർ മുഹമ്മദ് നയീം 17 റൺസെടുത്തു. സൗമ്യ സർക്കാരും 17 റൺസ് കണ്ടെത്തി. ഷാകിബ് അൽ ഹസൻ (ഒൻപത്), മുഷ്ഫുഖർ റഹീം (എട്ട്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. അഫിഫ് ഹൊസൈൻ രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു.

വിൻഡീസിനായി പന്തെറിഞ്ഞവരെല്ലാം ഒരോ വിക്കറ്റുകൾ വീഴ്‌ത്തി. രവി രാംപോൾ, ജാസൻ ഹോൾഡർ, ആന്ദ്രെ റസ്സൽ, അകെൽ ഹൊസൈൻ, ഡ്വെയ്ൻ ബ്രാവോ എന്നിവരാണ് വിക്കറ്റുകൾ വീഴ്‌ത്തിയത്. ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വിൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. 22 പന്തിൽ 40 റൺസെടുത്ത നിക്കോളാസ് പൂരനാണ് ടോപ് സ്‌കോറർ. റോസ്ടൺ ചേസ്(39), കിറോൺ പൊള്ളാർഡ്(14), ജേസൺ ഹോൾഡർ(15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ, മുസ്തഫിസുർ റഹ്മാൻ, ഷോരിഫുൾ ഇസ്ലാം എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.