- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാന ക്രിക്കറ്റ് ടൂർണ്ണമെന്റുകൾ വേണ്ടെന്ന് വച്ചത് രോഗ ഭീതിയിൽ; കേരളാ വെറ്ററൻസ് പ്രിമിയർ ലീഗ് നടത്തിയത് അടിച്ചു പൊളിക്കായി ഗോവയിൽ; ഗാംഗുലിക്കൊപ്പം ഐപിഎൽ കണ്ട് ജയേഷ് ജോർജ് ഓടിയെത്തിയത് മുൻ താരങ്ങളുടെ കളി കണ്ട് കൈയടിക്കാൻ; നാട്ടിലെത്തിയ പത്ത് പേർക്ക് കോവിഡ്; കേരളാ ക്രിക്കറ്റിലും 'വൈറസ്' ഭീഷണി
കൊച്ചി: കേരളത്തിലെ മുതിർന്ന കളിക്കാരെ എല്ലാം ഏകോപിപ്പിക്കാനായി ഗോവയിൽ വെച്ച് നടത്തപ്പെട്ട വെറ്ററൻസ് പ്രീമിയർ ലീഗിൽ പങ്കെടുത്ത്, മൂന്നു ദിവസത്തെ മൽസരങ്ങൾ കഴിഞ്ഞ് രണ്ടു ബോഗികളിലായി കേരളത്തിൽ തിരിച്ചെത്തിയ പത്തോളം മുൻ ക്രിക്കറ്റ് കളിക്കാർക്ക് ഇതു വരെ കോവിഡ് സ്ഥിരീകരിച്ചു. ഇതു വഴി അത്യന്തം ഗുരുതരമായ ഒരു പുതിയ ഒരു ക്ലസ്റ്ററിനു സാധ്യതയൊരുങ്ങിക്കഴിഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉത്ഘാടനമൽസരത്തിനു ശേഷം ബയോ ബബിളിൽ ഇരുന്നു സൗരവ് ഗാഗുലിക്കൊപ്പം കളികണ്ട ബി സി സി ഐ ജൊയിന്റ് സെക്രട്ടറി ജയേഷ് ജോർജ്ജ് അവിടെ നിന്നും തിരക്കിട്ട് നേരെ ഗോവയിലെത്തിച്ചേർന്ന് മൂന്നു ദിവസവും സജീവമായി ടിമുകളുടെ ഒപ്പം സന്നിഹിതനായിരുന്നു.
കേരളത്തിലെ ഈ വർഷത്തെ മിക്കവാറും എല്ലാ ക്രിക്കറ്റ് ലീഗു മൽസരങ്ങളും കോവിഡിനെ തുടർന്ന് റദ്ദ് ചെയ്ത് പ്രതിബദ്ധത തെളിയിച്ച കേരളാ ക്രിക്കറ്റ് അസ്സോസ്സിയേഷൻ, അവരുടെ കൂടി വലിയ പങ്കാളിത്തത്തോടെ, യാതൊരു വിധ പ്രാധാന്യവുമില്ലാത്ത ഈ ടൂർണ്ണമെന്റ്, വലിയ പ്രാധാന്യത്തോടെ, അതിലേറെ സന്നാഹത്തൊടെ, കേരളത്തിലെ നിയന്ത്രണങ്ങൾ മറികടക്കാനായി ഈ വർഷം ഗോവയിൽ വെച്ച് നടത്തുകയായിരുന്നു. ഇത് എന്തിനാണെന്ന് ഇനിയും ആർക്കും മനസ്സിലായിട്ടില്ല. ഇതിനിടെയാണ് കോവിഡ് വ്യാപന വിവാദവും.
മൽസരങ്ങൾ കഴിഞ്ഞ്, കേരളത്തിലെത്തിയ പലരും ഇവിടെയുള്ള പതിനാലു ദിവസത്തെ ക്വാറന്റൈൻ മറികടക്കാൻ വന്നയുടനെ ആർ ടി പി സി ആർ ടെസ്റ്റ് ചെയ്തപ്പോഴാണ് പലർക്കും കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ നല്ലൊരു വിഭാഗവും യാതൊരു ക്വാറന്റൈൻ നിയന്ത്രണവുമില്ലാതെ തന്നെ അവരുടെ ജോലി സ്ഥലങ്ങളിൽ ഹാജരാവുകയും ചെയ്തിട്ടുണ്ട്. വളരെ ചുരുക്കം ചിലർ വന്നയുടനെ ചെയ്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി ക്വാറന്റൈൻ മറികടന്ന് പല ക്രിക്കറ്റ് സെന്ററുകളിലും കുട്ടികളുമായി ഇടപഴകുന്നമുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ പതിനാലു ദിവസം സ്വയം ഐസൊലേഷനിൽ പോകണം എന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം കാറ്റിൽ പറത്തിയാണ് പലരും ഇത്തരം നീച പ്രവൃത്തികൾ ചെയ്യുന്നത്. ഇതുവരെ ഏകദേശം പത്തോളം കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. കൂടാതെ പതിനഞ്ചോളം പേർ ലക്ഷണങ്ങൾ കണ്ടയുടനെ ഐസൊലേഷനിൽ പോയിട്ടുണ്ട്്. എന്നാൽ ഈ ക്ലസ്റ്ററിൽ നിന്നും രോഗബാധിതരായവരുടെ യഥാർത്ഥ കണക്കുകൾ വരും ദിവസങ്ങളിൽ വരാനിരിക്കുന്നതേയുള്ളൂ.
കഴിഞ്ഞ ഒരു വർഷക്കാലമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ചെയ്യുന്ന കോവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള നിസ്വാർത്ഥസേവനങ്ങളെ തൃണവൽഗണിച്ചാണ് കേരളത്തിലെ മുതിർന്ന കളിക്കാർ ആഘോഷങ്ങൾക്കായി ഗോവയിൽ ശരണം പ്രാപിച്ചതെന്ന് അസോസിയേഷനിലെ പ്രധാനപ്പെട്ടവർ തന്നെ പറയുന്നു. പങ്കെടുത്തവരിൽ പ്രമുഖരായ ബി സി സി ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, മുൻ രഞ്ജിട്രോഫി കളിക്കാരും തുടങ്ങി ഒട്ടേറെ പേർ ഈ ആഘോഷരാവുകളിൽ പങ്കെടുത്ത് താളത്തിനൊക്ക് നൃത്തം വെച്ചു.
ഐ പി എൽ പോലുള്ള മൽസരങ്ങളിൽ ഭാഗമാവേണ്ട ബി സി സി ഐയുടെ ജോയിന്റ് സെക്രട്ടറിയൊക്കെ കാഴ്ചപ്പാടും ദീർഘവീക്ഷണവും പ്രതിബദ്ധതയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. രോഗം ബാധിച്ചവരുടെ കോൺ ടാക്ട് കണ്ടെത്തുന്നത് തികച്ചും അസാധ്യമാണ്. കാരണം ഇവരിൽ പലരും ഇവരുടെ മേൽനോട്ടത്തിൽ തന്നെ നടത്തപ്പെടുന്ന ക്രിക്കറ്റ് കോച്ചിങ് സെന്ററുകളിലും പല ക്രിക്കറ്റ് മാച്ചുകളിലും കേരളത്തിലെത്തിയതിനു ശേഷം പങ്കെടുത്തിട്ടുണ്ട്. ഏറ്റവും ഗുരുതരമായത് ഇവരിൽ ചിലർ ഇപ്പോഴും ഐസോലേഷനിൽ പോയിട്ടില്ലെന്നതാണ്.
കേരളത്തിലെ പല കോച്ചിങ് സെന്ററുകളിലും വളരെ ചെറു പ്രായത്തിലുള്ള കുട്ടികൾ പരിശീലനം നടത്തിവരുന്ന ഇടങ്ങളിലേക്കാണ് ഇവർ വന്നയുടെനെ ചെയ്ത ആർ ടി പി സി ആർ നെഗറ്റീവ് എന്ന ഒരു സർട്ടിഫിക്കറ്റുമായി പലരും ചെന്നു കയറിയത്. ഒന്നിച്ച് എയർകണ്ടീഷൻ ചെയ്ത മുറികളിൽ കിടന്നുറങ്ങിയവരും പാർട്ടികളിൽ ഒന്നിച്ച് ആഘോഷിച്ചവരും ട്രയിനിൽ പന്ത്രണ്ട് മണിക്കൂറോളം ഒന്നിച്ച് സഞ്ചരിച്ചവരും ഒരോന്നായി പോസിറ്റീവ് ആയപ്പോൾ മാത്രമാണ് ക്വാറന്റൈനെ ക്കുറിച്ച് ചിലർക്കെങ്കിലും ബോധം വന്നു തുടങ്ങിയത്. അപ്പോഴേക്കും ഇവർ എത്രപേർക്ക് കൈമാറീക്കഴിഞ്ഞിട്ടുണ്ടാവും എന്ന് വരും ദിവസങ്ങളിൽ അറിയാനിരിക്കുന്നതേയുള്ളൂവെന്ന് കേരളാക്രിക്കറ്റിലെ പ്രമുഖൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ