- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ വിദഗ്ധൻ സായ് ശങ്കർ ജനുവരി 29ന് താമസിച്ചത് ഹയാത്ത് ഹോട്ടലിലെ ആഡംബര മുറിയിൽ; ദിവസ വാടക 12,000 രൂപ! 30ാം തീയ്യതി ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ച്; നടൻ പണം നൽകിയോ എന്നറിയാൻ അക്കൗണ്ട് പരിശോധിക്കും
കോഴിക്കോട്: നടൻ ദിലീപിന്റെ ഫോൺരേഖകൾ നശിപ്പിക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കർ അടിമുടി തട്ടിപ്പുകാരൻ. ഇയാൾക്കെതിരെ ഹണി ട്രാപ്പ് അടക്കമുള്ള കേസുകളുണ്ട്. കൂടാതെ സാമ്പത്തിക തട്ടിപ്പ് ആരോപണവും സായ് ശങ്കറിനെതിരെ ഉയർന്നിരുന്നു. ഈ കേസുകൾ അടക്കം വീണ്ടും പൊടിതട്ടി എടുക്കുകയാണ് അന്വേഷണം സംഘം. ദിലീപിന്റെ ഫോൺരേഖകൾ സായ് ശങ്കർ നശിപ്പിച്ചതുകൊച്ചിയിലെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഹയാത്ത് ഹോട്ടലിലായിരുന്നു ജനുവരി 29ന് സായ് ശങ്കർ താമസിച്ചത്. ഇവിടെ ദിവസ വാടക 12,000 രൂപ വരുന്ന മുറിയിലായിരുന്നു താമസം. ജനുവരി 30ാം തീയ്യതി ദിലീപിന്റെ ഫോണിലെ വിവരങ്ങളും നശിപ്പിച്ചു. ഹോട്ടലിലെ വൈഫൈ സംവിധാനം ഉപയോഗിച്ചാണ് മൊബൈൽ ഫോണിലെ വിവരങ്ങൾ നീക്കിയത്. ഇതോടെ സായ ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ദിലീപ് ഇയാൾക്ക് പണം നൽകിയോ എന്നാണ് പരിശോധിക്കുന്നത്.
അതേസമയം സായ്ശങ്കറിനെതിരെ തട്ടിപ്പു കേസും നിലവിലുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് 45 ലക്ഷം തട്ടിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി മിൻഹാജ് ആണ് പരാതിക്കാരൻ. പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് സായ്ശങ്കറിനെതിരെ വഞ്ചനാകുറ്റത്തിനു കേസെടുത്തു. ഡിആർഐ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്യുന്നുണ്ടെന്നും അത് കുറഞ്ഞ തുകയ്ക്ക് വാങ്ങി നൽകാമെന്നും പറഞ്ഞ് സായ്ശങ്കർ 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2019-20 വർഷങ്ങളിലാണ് പണം തട്ടിയെടുത്തത്. കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ മറ്റു മൂന്നുപേരിൽനിന്നും ഇതേപേരിൽ പണം തട്ടിയെടുത്തെന്നും മിൻഹാജിന്റെ പരാതിയിൽ പറയുന്നു.
2020 സെപ്റ്റംബറിൽ മിൻഹാജ് ഇതേ പരാതി നൽകിയിരുന്നു. എന്നാൽ, അന്ന് തെളിവുകളൊന്നും ഹാജരാക്കിയില്ല. അതിനാൽ അന്ന് പൊലീസ് കേസെടുത്തില്ല. നടൻ ദിലീപ് കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയത്. ഇപ്പോൾ തെളിവു ഹാജരാക്കിയിട്ടില്ലെന്നും ഉടൻ ഹാജരാക്കുമെന്നും മിൻഹാജ് പറഞ്ഞു.
ഇതിനിടെ ഐ ടി വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ളാറ്റിൽവച്ചാണ് ഭാര്യ ഇസയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തിരുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറിന്റെ സഹായത്തോടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് സായ് ശങ്കറിൽനിന്ന് നേരത്തെ വിവരങ്ങൾ തേടിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ ഫ്ളാറ്റിൽ പരിശോധന നടത്തുകയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു.
ഭാര്യ ഇസയുടെ യൂസർ ഐ.ഡി. ഉപയോഗിച്ചാണ് സായ് ശങ്കർ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് ഇസയെ വിശദമായി ചോദ്യംചെയ്യുന്നത്. അതേസമയം, കേസിൽ അഭിഭാഷകൻ ബി.രാമൻപിള്ളയ്ക്കെതിരേ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതായി സായ് ശങ്കർ നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഐ.ടി. വിദഗ്ധനായ സായ് ശങ്കർ, 2015-ലെ തൃപ്പുണിത്തുറ ഹണിട്രാപ്പ് കേസിലെ പ്രതി കൂടിയാണ്.
അതിനിടെ പൊലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ് ആവശ്യപ്പെട്ടാണ് സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകർ അടക്കമുള്ളവർക്കെതിരെ മൊഴി പറയാൻ ക്രൈംബ്രാഞ്ചിന്റെ സമ്മർദമുണ്ടെന്നും ഹർജിയിലുണ്ട്. എന്നാൽ ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഫോണിലെ നിർണായക വിവരങ്ങൾ ഇയാളുടെ കൈവശമുണ്ടെന്നും പ്രോസിക്യൂഷൻ അറിയിക്കും. ചോദ്യം ചെയ്യലായി സായി ശങ്കറിനെ കഴിഞ്ഞ ദിവസം വിളിച്ചെങ്കിലും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് ഹാജരായില്ല.
മറുനാടന് മലയാളി ബ്യൂറോ