- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനദൃശ്യം ദിലീപിന്റെ കൈവശമുണ്ടെന്ന മൊഴിയിൽ തെളിവെടുപ്പു തുടങ്ങി ക്രൈംബ്രാഞ്ച്; ദിലീപിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിലും ദൃശ്യങ്ങൾ പരതി അന്വേഷണ സംഘം; പൾസർ സുനിയെ ജയിലിൽ എത്തി ചോദ്യം ചെയ്തു അന്വേഷണ സംഘം; ഫോൺ പരിശോധിച്ച ഐടി വിദഗ്ധന്റെ മരണവും അന്വേഷണ പരിധിയിൽ
കൊച്ചി: ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരം നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണക്കോടതിയുടെ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കുന്ന പീഡനദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന സാക്ഷിമൊഴികളിൽ തെളിവെടുപ്പു തുടങ്ങി. കേസിൽ തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് തെളിവെടുപ്പു നടത്തുന്നത്. ഈ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിനെ സംബന്ധിച്ചിടത്തോളും അതീവ നിർണായകമാണ്. ദിലീപിന്റെ പക്കൽ നിന്നും ഈ ദൃശ്യങ്ങൾ കണ്ടെടുത്താൽ അത് കേസിൽ വൻ വഴിത്തിവാകുമെന്നത് ഉറപ്പാണ്.
അഭിഭാഷകന്റെ ഉപദേശപ്രകാരം ഫോണുകൾ ഐടി വിദഗ്ധനു കൈമാറിയെന്ന ദിലീപിന്റെ വിശദീകരണവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഈ ഐടി വിദഗ്ധനെ കണ്ടെത്തി മൊഴിയെടുക്കും. ഇതിനിടയിലാണു ദിലീപിന്റെ മറ്റൊരു ഫോൺ പരിശോധിച്ച ഐടി വിദഗ്ധൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി സിനിമാ സംവിധായകനായ ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറും ഇക്കാര്യം നേരത്തെ അന്വേഷണ സംഘത്തോടു സൂചിപ്പിച്ചിരുന്നു. എന്നാൽ റോഡപകടത്തിൽ മരിച്ച ഐടി വിദഗ്ധന്റെ ബന്ധുക്കൾ ഇതുവരെ പരാതി നൽകിയിട്ടില്ല. ഈ മരണത്തിലും ഒരു അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങഉന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച 2017 ഫെബ്രുവരി 17 നു രാത്രി തന്നെ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ 'സുരക്ഷിത' കേന്ദ്രത്തിലെത്തിച്ചതായി പൾസർ സുനി മൊഴി നൽകിയിരുന്നു. ദിലീപിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ഒന്നിലെങ്കിലും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയാൽ മാത്രമേ ബാലചന്ദ്രകുമാറിന്റെ മൊഴി സാധൂകരിക്കാൻ പ്രോസിക്യൂഷനു കഴിയൂ.
അതിനിടെ ദിലീപും ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാറും (പൾസർ സുനി) വളരെ അടുത്ത് ഇടപഴകുന്നതു കണ്ടിട്ടുണ്ടെന്ന ബാലചന്ദ്രകുമാറിന്റ മൊഴികൾ സ്ഥിരീകരിക്കാൻ ക്രൈംബ്രാഞ്ച് സുനിയെ ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് സുനിയെ ചോദ്യം ചെയ്തത്. നടിയെ പീഡിപ്പിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ എത്ര ദിവസം വേണമെന്ന് അറിയിക്കാൻ വിചാരണാ കോടതിയും നിർദേശിച്ചിട്ടുണ്ട്.
ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ വിവരങ്ങളും മുദ്രവച്ച കവറിൽ സമർപ്പിക്കാനും വിചാരണക്കോടതി നിർദേശിച്ചു. ഇന്നലെ സാക്ഷി വിസ്താരത്തിനിടയിലാണു കോടതി ഇക്കാര്യം നിർദേശിച്ചത്. സാക്ഷി വിസ്താരം ഫെബ്രുവരി ഒന്നിനു തുടരും. ഇനി വിസ്തരിക്കാനുള്ള സാക്ഷികൾക്കു എറണാകുളം റൂറൽ എസ്പി വഴി സമൻസ് നൽകാനും കോടതി ഉത്തരവിട്ടു. കേസിലെ ഒന്നാം പ്രതി സുനിലിനെ (പൾസർ സുനി) വിഡിയോ കോൺഫറൻസിങ് സംവിധാനം വഴിയാണു ഹാജരാക്കിയത്. തുടരന്വേഷണം വേഗത്തിലാക്കാനും വിചാരണക്കോടതി നിർദേശിച്ചു.
അതേസമയം നടിയുടെ വീഡിയോ ദൃശ്യങ്ങൾ ദിലീപ് കൈമാറിയെന്ന ആരോപണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്തുവന്നിരുന്നു. ശനിയാഴ്ച്ച ലണ്ടനിൽ നിന്ന് ആലുവ സ്വദേശിയായ ശരീഫ് എന്നയാൾ തന്നെ വിളിച്ചെന്നും പീഡന ദൃശ്യങ്ങൾ നാലുപേരുടെ കൈയിലുണ്ടെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ സുഹൃത്ത് മുഖേനയാണ് ഈ ദൃശ്യങ്ങൾ പകർപ്പെടുത്ത് ലണ്ടനിലേക്ക് കടത്തിയതെന്നും ഷരീഫ് പറഞ്ഞതായി ബാലചന്ദ്രൻ വ്യക്തമാക്കി.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. ാലചന്ദ്രകുമാറിനെ കാണാനായി തിരുവനന്തപുരത്തെത്തിയ ദിലീപ് അദ്ദേഹത്തിന് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തായത്.
മറുനാടന് മലയാളി ബ്യൂറോ