- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസ്; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്; സിപിഎം നേതാക്കൾ ഉൾപ്പെടെ ഏഴ് പ്രതികൾ; വഞ്ചന, ഗൂഢാലോചന, പണംതട്ടൽ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി
കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. എറണാകുളം കളക്റ്റ്രേറ്റിലെ സെക്ഷൻ ക്ലർക്ക് വിഷ്ണു പ്രസാദ്, മഹേഷ്, സിപിഎം നേതാക്കളായ അൻവർ, നിധിൻ, ഗൗലത്ത് അടക്കമുള്ള ഏഴ് പേർക്കെതിരേയാണ് കുറ്റപത്രം. പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്നും 28 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
വഞ്ചന, ഗൂഢാലോചന, പണംതട്ടൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ജില്ലാ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ജനങ്ങളെയും സർക്കാരിനേയും പ്രതികൾ വഞ്ചിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ 1200ഓളം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
കേസിലെ പ്രതികളെല്ലാം ജാമ്യത്തിലാണ്. നേരത്തെ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ഏറെ വിവാദമായിരുന്നു. കേസെടുത്ത് ഒരു വർഷത്തിന് ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കളക്റ്റ്രേറ്റിലെ സെക്ഷൻ ക്ലർക്കായിരുന്ന വിഷ്ണുപ്രസാദ് മാത്രം പ്രതിയായ രണ്ടാം കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഫണ്ട് തട്ടിയെടുക്കാൻ കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദുമായും കേസിലെ മറ്റു പ്രതികളുമായും നടത്തിയ ഗൂഢാലോചനയിലെ മുഖ്യ കണ്ണിയാണ് അൻവറെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിഷ്ണുവും രണ്ടാം പ്രതി മഹേഷും ചേർന്ന് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ആദ്യം അൻവർ പറഞ്ഞത്. എന്നാൽ ഗൂഢാലോചനയിൽ ഇയാളുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ ക്രൈംബ്രാഞ്ച് നിരത്തിയിരുന്നു.
തട്ടിപ്പിലൂടെ ലഭിച്ച പണമുപയോഗിച്ച് വിഷ്ണുവും മഹേഷും ചേർന്ന് വാങ്ങിയ വസ്തുവകകളിലെ പല കരാറിലും ഒപ്പിട്ടിരിക്കുന്നത് അൻവറാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.
കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല റവന്യൂ സംഘം ഗുരുതര ക്രമക്കേടുകൾ നേരത്തെ കണ്ടെത്തിയിരുന്നു. ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണർ എ. കൗശികിന്റെ നേതൃത്വത്തിലുള്ള സംഘം കളക്ടറേറ്റിൽ നീണ്ട പരിശോധനകളും തിരച്ചിലും നടത്തിയിരുന്നു. കളക്ടറേറ്റിലെ സെക്ഷൻ ക്ലർക്കായിരുന്ന, കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെയും മറ്റുദ്യോഗസ്ഥരുടെയും പങ്കും ഇടപെടലുകളും സംഘം സമഗ്ര പരിശോധനയിൽ കണ്ടെത്തിയിരുന്നു.