- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മസരോവരം വീട്ടിലെത്തി കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല; മറ്റൊരിടത്ത് എത്താൻ നടി അസൗകര്യം അറിയിച്ചതോടെ മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യൽ മാറ്റി; ഡിജിറ്റൽ തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ വിളിച്ചു വരുത്തേണ്ടി വരുമെന്ന് തന്നെ ക്രൈംബ്രാഞ്ച് നിലപാട്; കാവ്യയിൽ വീണ്ടും ട്വിസ്റ്റ് തുടരുമോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുന്നു. കേസിൽ ഇന്ന് കാവ്യയെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നെങ്കിലും വീട്ടിൽ വെച്ചു വേണം മൊഴി എടുക്കുന്നത് എന്ന നിലപാടിൽ കാവ്യ ഉറച്ചു നിന്നു. ഇതോടെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യാമെന്ന നിലപാട് മാറ്റുകയായിരുന്നു.
ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കയാണ് അന്വേഷണം സംഘം. കാവ്യയെ ആലുവയിലെ പത്മ സരോവരം വീട്ടിൽവെച്ച് ചോദ്യം ചെയ്യാൻ ഇന്നലെ രാത്രി തീരുമാനിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ മറ്റൊരിടത്തേക്ക് മാറ്റാനാണ് ആലോചന. ഇതിനുള്ള സാധ്യതയാണ് അന്വേഷണ സംഘം തേടുന്നത്. ഡിജിറ്റൽ തെളിവുകൾ കൃത്യമായ പരിശോധിച്ചാൽ കാവ്യയെ വിളിച്ചു വരുത്തേണ്ടി വരുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻപ് കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടിൽ വച്ചാണ്. ചോദ്യം ചെയ്യാൻ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കാവ്യയോട് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്നും ചോദ്യം ചെയ്യൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. തുടരന്വേഷണത്തിൽ ലഭിച്ചിരിക്കു ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്.
ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മിൽ വൈരാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോൺ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തിൽ കാവ്യയായിരുന്നു കേസിൽ കുടുങ്ങേണ്ടത് എന്ന പരാമർശമുണ്ടായിരുന്നു. 2017ൽ കേസിന്റെ ആദ്യ ഘട്ടത്തിൽ സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ മൂന്ന് മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിൽ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ കാവ്യയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് പ്രതികൾ എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോൾ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പൾസർ സുനിയായിരുന്നെന്നാണ് സൂചന. ഈ കാര്യങ്ങളിൽ കാവ്യ ചോദ്യം ചെയ്യലിൽ മറുപടി നൽകേണ്ടി വരും. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയിൽ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാർ നൽകിയ മൊഴിയിലുണ്ട്.
വിഐപി ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോൾ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണ സംഘം കാവ്യയിൽ നിന്നും വ്യക്തത തേടും. കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിൽ കാവ്യ പലപ്പോഴും കരയുകയും ചില ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്ത മറുപടികളുമായിരുന്നു നൽകിയത്. പൾസർ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ