തിരുവനന്തപുരം: ദേശീയ തലത്തിൽ കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് ബിജെപി. ഇക്കാര്യം പലപ്പോഴും എടുത്തു പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. എന്നാൽ, ഇങ്ങനെ കള്ളപ്പണക്കാരെ തുരത്തുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദിയെ വെട്ടിലാക്കുന്ന നടപടിയാണ് അദ്ദേഹത്തിന്റെ ഇഷ്ടക്കാരനായ ബിജെപി എംപി ചെയ്തിരിക്കുന്നത്. നികുതി വെട്ടിക്കാൻ വേണ്ടി ആഡംബര കാർ പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത നടപടിയാണ് കടുത്ത വിമർശനത്തിന് ഇടയാക്കുന്നത്. ഈ വിഷയത്തിൽ താര എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തതോടെ സംരക്ഷിക്കാൻ സംസ്ഥാന നേതാക്കളാരും തയ്യാറാകാത്ത അവസ്ഥയിലാണ്.

നികുതിവെട്ടിക്കാൻ വ്യാജ രേഖ ചമച്ചു എന്ന കുറ്റത്തിലാണ് എംപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതോടെ കോടതി കനിഞ്ഞില്ലെങ്കിൽ ബിജെപി എംപി അറസ്റ്റിലാകുന്ന അവസ്ഥയുണ്ടാകും. വ്യാജ വിലാസത്തിൽ പുതിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിനാണ് കേസ്. അമിത വേഗത്തിൽ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെയുണ്ട്. വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്..

വ്യാജ രേഖയുണ്ടാക്കിയെന്ന വാർത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോർ വാഹനവകുപ്പിന് രേഖകൾ നൽകിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എംപിയായതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാർത്തിക് അപ്പാർട്ട്മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്ഗോപി രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ പേരിൽ അവിടെ അപ്പാർട്ട്മെന്റു തന്നെ ഇല്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്. വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന പരാതിയിൽ ഹാജരാകാൻ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നു. ഇത്തരത്തിൽ നികുതി വെട്ടിപ്പിനായി വലിയൊരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം.

ആഡംബര കാറുകളുടെ വിൽപന ഉറപ്പാക്കാൻ പുതുച്ചേരി റജിസ്‌ട്രേഷനു പ്രേരിപ്പിക്കുന്നത് കാർ ഡീലർമാരുടെ ഷോറൂമിലെ ജീവനക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു കോടി രൂപ വിലയുള്ള കാർ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ 20 ലക്ഷം രൂപ നികുതി വരുമ്പോൾ പുതുച്ചേരിയിൽ ഒരു ലക്ഷം മതി. ഡീലർമാരുടെ ജീവനക്കാരാണു പുതുച്ചേരിയിലെ ഇടനിലക്കാരെ ബന്ധപ്പെടുത്തിക്കൊടുക്കുന്നത്. ഇടനിലക്കാർ രേഖകൾ തരപ്പെടുത്തും. നേരത്തേ 25,000 രൂപയായിരുന്നു കമ്മിഷൻ. ഏജന്റുമാരുടെ എണ്ണം കൂടിയതോടെ 10,000 രൂപ നൽകിയാൽ മതി.

പത്തു വർഷത്തിനിടെ കേരളത്തിൽ വിൽപന നടത്തിയ ഏഴായിരത്തിലേറെ കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്നാണു നിഗമനം. ഇത്തരം വെട്ടിപ്പു നടത്തുന്നവരെല്ലാം ഉന്നതരായതിനാലാണു നടപടിക്കു സർക്കാർ മടിക്കുന്നത്. അതേസമയം പുതുച്ചേരി സർക്കാരിനു സാമ്പത്തിക നേട്ടമാണ്. അതിനാൽ മോട്ടോർ വാഹന വകുപ്പും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ട രേഖകൾ അവിടത്തെ ഉദ്യോഗസ്ഥർ നൽകുന്നില്ല. ഈയിടെ തയാറാക്കിയ കണക്കു പ്രകാരം കേരളത്തിലെ 1700 കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചിട്ടുണ്ട്. എന്തായാലും ഉത്തവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പ് ബിജെപിയെയും ശരിക്കും പ്രതിരോധത്തിലാക്കുന്നുണ്ട്.