- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുകുമാരക്കുറുപ്പിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഹരിദ്വാറിലെത്തി; പത്തനംതിട്ടക്കാരൻ റംസീൻ കൈമാറിയ വീഡിയോയിലുള്ളയാൾ ഒരു സന്യാസി സമൂഹത്തിലെ അംഗം; നിലവലിൽ സ്ഥലത്തില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനായില്ല; സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന സന്യാസിക്ക് പിന്നാലെ പോകാനുറച്ച് അന്വേഷണ സംഘം
പത്തനംതിട്ട: ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയിലെ സതാപുരയിലും പിന്നീട് ഹരിദ്വാറിലും കണ്ട മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്ന് ഉറപ്പിച്ച് പത്തനംതിട്ട വെട്ടിപ്രം സ്വദേശി റംസീൻ ഇസ്മയിൽ നൽകിയ തെളിവുകളുമായി ക്രൈംബ്രാഞ്ച് സംഘം ഹരിദ്വാറിൽ. റംസീൻ നൽകിയ വീഡിയോയിൽ ഉള്ളയാളെ കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞില്ലെങ്കിലും ഇയാൾ ഒരു സന്യാസി സമൂഹത്തിലെ അംഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സന്യസി സമൂഹങ്ങളിലും മഠങ്ങളിലും കയറി തെരച്ചിൽ നടത്താനുള്ള ബുദ്ധിമുട്ട് അന്വേഷണ സംഘത്തിന് തിരിച്ചടിയായിട്ടുണ്ട്.
റംസീൻ കൈമാറിയ വീഡിയോയിൽ ഉള്ളയാൾ അംഗമായ സന്യാസി സമൂഹം ഇയാൾ തങ്ങൾക്കൊപ്പമുള്ളയാളാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ, കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് ഇവരുടെ മറുപടി. അദ്ദേഹം തീർത്ഥാടനത്തിലാണെന്നും ഗുജറാത്ത്, രാജസ്ഥാൻ അതിർത്തിയിൽ എവിടെയെങ്കിലുമുണ്ടാകുമെന്നുമാണ് സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാൾ വർഷങ്ങളായി ഇതേ സന്യാസ സമൂഹത്തിനൊപ്പമുണ്ട്. ഏതു നാട്ടുകാരനാണെന്നതിനെ കുറിച്ച് മറ്റുള്ളവർക്ക് അറിയില്ല. വസ്ത്രധാരണം, ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം എന്നിവ നോക്കിയാണ് തങ്ങളുടെ സംഘത്തിലുള്ളവരെ ഓരോ സന്യാസ സമൂഹവും തിരിച്ചറിയുന്നത്.
അങ്ങനെയാണ് വീഡിയോയിലുള്ളയാൾ തങ്ങളുടെ സമൂഹാംഗമാണെന്ന് അവർ അറിയിച്ചത്. ഇയാളെ വ്യക്തിപരമായി അറിയാവുന്നവർ സന്യാസ സമൂഹത്തിലില്ല. എവിടേക്ക് പോയാലും തങ്ങളുടെ സമൂഹത്തിൽപ്പെട്ടവർക്കൊപ്പമേ താമസിക്കാൻ കഴിയൂവെന്ന നിർണായക വിവരവും ഇവർ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇങ്ങനെ ഒരാളുണ്ടെന്ന് മനസിലാക്കിയ സ്ഥിതിക്ക് അയാൾക്ക് പിന്നാലെ കൂടാൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് നീക്കം.
സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ്രൈകംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ എസ്. നുമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. പൊലീസിനും ക്രൈംബ്രാഞ്ചിനും പല തവണ റംസീൻ തെളിവുകൾ നൽകിയെങ്കിലും ആരും അത് പരിശോധിക്കാൻ തയാറായില്ല. റംസീൻ തനിക്കൊപ്പം കഴിഞ്ഞയാൾ സുകുമാരക്കുറുപ്പാണെന്ന വെളിപ്പെടുത്തൽ നടത്തിയത് മറുനാടനിലൂടെയായിരുന്നു. വാർത്ത വൈറൽ ആയതോടെ അന്വേഷണ സംഘത്തിനും അവഗണിക്കാനായില്ല. ഇതിനിടെ റംസീൻ മുഖ്യമന്ത്രിക്ക് പരാതിയും നൽകി. ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കാൻ വന്നതോടെ മറ്റു മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു.
പത്തനംതിട്ട ബിവറേജസ് മദ്യവിൽപ്പന ശാലയുടെ മാനേജരാണ് വെട്ടിപ്രത്തുകാരൻ റംസീൻ ഇസ്മയിൽ. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തിയിലെ സദാപുരയിൽ തനിക്കൊപ്പം കൂട്ടുകൂടി നടന്ന മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്നായിരുന്നു റംസീൻ വെളിപ്പെടുത്തിയത്. ഇയാൾ കുറുപ്പാണെന്ന് സംശയിക്കത്തക്ക വിവരങ്ങളും അദ്ദേഹം പങ്കു വച്ചു. പലപ്പോഴും പലരും അവകാശപ്പെട്ടതു പോലെയുള്ള കുറുപ്പാകും ഇതെന്ന് കരുതി അന്വേഷണ സംഘം ഈ വെളിപ്പെടുത്തൽ മുഖവിലയ്ക്ക് എടുത്തില്ല. താൻ പറഞ്ഞ സന്യാസിയുടെ വീഡിയോ പുറത്തു വിട്ട് റംസീൻ വീണ്ടും ഞെട്ടിച്ചു. ഇതോടെ കുറുപ്പ് കേസന്വേഷിക്കുന്ന ്രൈകംബ്രാഞ്ച് സിഐഡി സംഘം ഉണർന്നെണീറ്റു. ആലപ്പുഴയിലെ ്രൈകംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ എസ്. നുമാൻ കേസന്വേഷണം ഏറ്റെടുത്തു. അടച്ചു വച്ചിരുന്ന കുറുപ്പ് ഫയൽ വീണ്ടും തുറന്നിരിക്കുകയാണ്.
2005-07 കാലഘട്ടത്തിലാണ് സുകുമാരക്കുറുപ്പ് തനിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് റംസീൻ അവകാശപ്പെട്ടത്. നടന്ന ആ സംഭവം ഓർത്തെടുത്ത് വിശദമായി പറഞ്ഞുവെങ്കിലും തെളിവിന് ഹാജരാക്കാൻ താൻ സംശയിക്കുന്നയാളുടെ ചിത്രങ്ങളൊന്നും തന്നെ ഹാജരാക്കാൻ റംസീന് കഴിഞ്ഞിരുന്നില്ല. എന്നാൽ, അയാളുടെ ബാഗും വാച്ചുമൊക്കെ നാട്ടിൽ കൊണ്ടു വന്ന് കുറുപ്പിന്റെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിന് നൽകാൻ വേണ്ടി ആലപ്പുഴ എസ്‌പിക്ക് കൈമാറിയിരുന്നു. കുറുപ്പെന്ന് കരുതുന്നയാൾ തനിക്കൊപ്പം താമസിക്കുമ്പോൾ പറഞ്ഞിരുന്ന വിവരങ്ങൾ വച്ച് ഇയാൾ ഹരിദ്വാറിലോ ഋഷികേശിലോ കാണുമെന്ന് റംസീന് ഉറപ്പായിരുന്നു. ഇവിടങ്ങളിലുള്ള ഏതെങ്കിലുമൊരു ഇയാളുടെ ദൃശ്യം പതിയാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ട്രാവൽ വ്ളോഗുകളും ഇയാൾ പരിശോധിച്ച് വരികയായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഇയാളുടെ സെക്കൻഡുകൾ മാത്രം നീളുന്ന ഒരു ദൃശ്യം ഇയാളുടെ കണ്ണിൽപ്പെട്ടത്. തനിക്കൊപ്പം സദാപുരയിൽ കഴിഞ്ഞിരുന്ന അതേ ആൾ ഹരിദ്വാറിൽ! കാവിജുബയും മുണ്ടും ധരിച്ചിരിക്കുന്നു. അതേ നിറത്തിലുള്ള തലപ്പാവ്. കഴുത്തിൽ ചെറുതും വലുതുമായ രുദ്രാക്ഷ മാലകൾ. കൈയിൽ എപ്പോഴും കാണാറുള്ള അതേ വാക്കിങ് സ്റ്റിക്ക്. തനിക്കൊപ്പം കഴിഞ്ഞ കാലത്തും ഈ വാക്കിങ് സ്റ്റിക്ക് റംസീൻ ശ്രദ്ധിച്ചിരുന്നു. അതിനുള്ളിൽ വടിവാളാണ്. അധികമാർക്കും അറിയാത്ത രഹസ്യമാണത്. തനിക്കൊപ്പം കഴിഞ്ഞ സ്വാമി ശങ്കരഗിരിഗിരിയാണ് അതെന്ന് മനസിലാക്കിയ റംസീൻ വീഡിയോ ദൃശ്യം കട്ട് ചെയ്ത് സുകുമാരക്കുറുപ്പിന്റെ അയൽവാസിക്ക് അയച്ചു കൊടുത്തു. ഇത് കുറുപ്പ് തന്നെയാണെന്ന് അയാൾ സാക്ഷ്യം പറയുന്നു. പക്ഷേ, ഈ സന്യാസിയെ കണ്ടെത്തി തെളിയിക്കും വരെ കുറുപ്പാണെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.