കരുനാഗപ്പള്ളി: ഭാര്യയുടെ വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യ ബോർഡിൽ വാഹനം തട്ടിയതിനു വാൻഡ്രൈവറെ ക്രൈംബ്രാഞ്ച് എസ്‌പി ക്രൂരമായി മർദ്ദിച്ചു. പവൻ നല്ലെണ്ണയുടെ സെയിൽസ് വാൻ ഡ്രൈവർ ആലുവാ സ്വദേശിയായ കുതിരപ്പറമ്പിൽ ഷഫീക്കാ(24)ണ് ക്രൈംബ്രാഞ്ച് എസ്‌പി പി എസ് സാബുവിന്റെ ക്രൂരമർദ്ദനത്തിനിരയായത്.

ഭാര്യയുടെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ 'ഓൺ ഡ്യൂട്ടി'യിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ടെത്തി മർദിച്ചവശനാക്കിയതിനു പുറമേ, തന്നെ മർദിച്ചെന്നു കാട്ടി ഡ്രൈവർക്കെതിരേ കേസ് കൊടുക്കുകയും പൊലീസിനെക്കൊണ്ടു ഭീഷണിപ്പെടുത്തിക്കുകയും ചെയ്തു.

രണ്ടു ദിവസം മുമ്പാണു സംഭവം. രാവിലെ പത്തിന് ഷഫീക്ക് അഡ്വക്കേറ്റ് ലെയ്‌നിലുള്ള കടയിൽ നല്ലെണ്ണയുടെ വിതരണം കഴിഞ്ഞ് തിരിച്ച് ദേശീയപാതയിലേക്കിറങ്ങുമ്പോൾ ലക്ഷ്മി സിൽക്ക് ഹൗസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ പരസ്യബോർഡിൽ വാഹനം തട്ടി. ഉടൻ വാഹനം നിർത്തി കടയുടെ അടുത്തേക്ക് വന്ന ഷഫീക്ക് സെക്യൂരിറ്റി ജീവനക്കാരനോട് സംസാരിച്ചുനിൽക്കെ കടയുടമയുടെ ഭർത്താവായ ക്രൈംബ്രാഞ്ച് എസ് പി കടയിൽനിന്നിറങ്ങിവന്ന് നെഞ്ചിൽ കൈമുട്ടുമടക്കി ഇടിക്കുകയായിരുന്നു. ഇടികൊണ്ട ഷഫീക്ക് കുഴഞ്ഞുവീണു.

സംഭവം കണ്ടുനിന്ന നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഷഫീക്കിനെ കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉടൻ തന്നെ കടയുടമയുടെ ഭർത്താവായ എസ്‌പി സ്‌റ്റേഷനിലെത്തി തന്റെ സ്ഥാപനത്തിൽ വാഹനം തട്ടി കേടുപാട് സംഭവിച്ചെന്നും ഡ്രൈവർ കയ്യേറ്റം ചെയ്തതായും കാണിച്ച് പൊലീസിൽ പരാതി നൽകി. അവശനിലയിലായിരുന്ന ഷഫീക്കിന് വൈദ്യസഹായം നൽകാൻ പോലും പൊലീസ് തയ്യാറായില്ല. തന്നെ മർദ്ദിച്ചതിന് ഉയർന്ന പൊലീസുദ്യോഗസ്ഥനെതിരെ പരാതി നൽകിയെങ്കിലും പൊലീസ് സ്വീകരിച്ചില്ല.

കൂടാതെ ഷഫീക്കിനോട് പരാതിക്കൊന്നും നിൽക്കെണ്ടെന്നും ഭാവിക്കും ദോഷം ചെയ്യുമെന്നും പറഞ്ഞ് പൊലീസുകാർ ഭീഷണിപ്പെടുത്തിയതായും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷഫീക്ക് പറഞ്ഞു. സ്റ്റേഷൻ എസ്.ഐ ആദ്യം ഷഫീക്കിനോട് തട്ടിക്കയറിയെങ്കിലും ഇയാൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാർ എത്തിയതോടെയാണ് പരാതി സ്വീകരിക്കാൻ തയ്യാറായത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഷഫീക്കിനെ ഇവർ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽപ്രവേശിപ്പിക്കുകയായിരുന്നു.

രാവിലെ പത്തിന് സ്റ്റേഷനിലെത്തിച്ച ഷഫീക്കിന് കുടിക്കാൻ ഒരുതുള്ളി വെള്ളം പൊലീസുകാർ കൊടുത്തില്ലെന്നും എസ്.ഐ വന്നിട്ടുതീരുമാനിക്കാം വെള്ളം കുടിക്കണോ വേണ്ടയോ എന്നും പറഞ്ഞതായും ഇയാൾ പറഞ്ഞു. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് രണ്ടു ദിവസം പിന്നിട്ടിട്ടും മൊഴിയെടുക്കാൻ പൊലീസുകാർ തയ്യാറായിട്ടില്ല.

താൻ വാൻ ഡ്രൈവറെ മർദ്ദിച്ചിട്ടില്ലെന്നും താടിയിൽ ഒരു തട്ട് കൊടുത്തതേയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് എസ്‌പി പി എസ് സാബുവിന്റെ വിശദീകരണം. എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനായതുകൊണ്ടാണ് പൊലീസ് കേസ്സിൽ താൽപര്യം കാണിക്കാത്തതെന്നും കേസ്സ് ഒതുക്കിത്തീർക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ആരോപണമുണ്ട്.

എറണാകുളത്തു ഡ്യൂട്ടിയുള്ള എസ്‌പി മിക്ക സമയങ്ങളിലും ലീവെടുത്ത് ഭാര്യയുടെ പേരിലുള്ള വസ്ത്രശാലയിൽ ഓൺ ഡ്യൂട്ടിയിലാണെന്നു നാട്ടുകാർ പറയുന്നു. നേരത്തേ പത്തനംതിട്ടയിൽ ഡിവൈഎസ്‌പിയായിരുന്ന പി എസ് സാബുവിന്റെ ഭാര്യവീട് കരുനാഗപ്പള്ളിയിലാണ്. മിക്കസമയത്തും ഓഫീസിലുണ്ടാകാറില്ല.