- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് പ്രവർത്തകൻ മഞ്ഞോടി രവിയുടെ ദുരുഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; രവിയെ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടത് നവംബർ മൂന്നിന്

കണ്ണൂർ: കോൺഗ്രസ് പ്രവർത്തകനായ മഞ്ഞോടി രവിയുടെ മരണത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി ടി.പി.പ്രേമരാജനും സംഘവും മരണം നടന്ന മഞ്ഞോടിയിലെ വീട്ടിലെത്തി. തുടർന്ന് വീട്ടുകാരുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി.
അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ബന്ധുക്കൾ, സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. ഡി.സി.സി.മെമ്പർ കെ.ശിവദാസൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് തലശേരി പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കേസ് സംബന്ധിച്ചുള്ള ഫയലുകൾ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തും. എഫ് ഐ ആറും മെഡിക്കൽ രേഖകളും അന്വേഷണ സംഘം വിശദമായി പഠിച്ചു കഴിഞ്ഞു. നവംമ്പർ മൂന്നിന് രാവിലെയാണ് വീടിനോട് ചേർന്ന ശുചി മുറിയിൽ രവിയെ അബോധാവസ്ഥയിൽ കണ്ടത്.
സമീപത്തെ ആശുപത്രിയിലെത്തിക്കും മുൻപ് മരണപ്പെട്ടിരുന്നു. മരണം സ്ഥിരീകരിച്ച ഡോക്ടർ രവിയുടെ കഴുത്തിൽ കണ്ടെത്തിയ കയർ കുരുക്കിയ പോലത്തെ പാടിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെ ഫോറൻസിക് സർജ്ജൻ ഡോ. ജിതിൻ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ കഴുത്തിലെ കുരുക്കാണ് മരണ കാരണമെന്ന് റിപ്പോർട് നൽകി. തുടർന്ന് അസ്വാഭാവിക മരണത്തിന് തലശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കൊലപാതകമെന്ന് ഉറപ്പിക്കാൻ വേണ്ട തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.


