പത്തനംതിട്ട: കോന്നിയിൽ നിന്ന് നാടുവിടുകയും പിന്നീട് ഒറ്റപ്പാലത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത മൂന്നു +1 വിദ്യാർത്ഥിനികളുടെ കേസന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിക്കുകയും പിന്നീട് ഐജി മനോജ് ഏബ്രഹാമിന്റെ പ്രസ്താവനയിലൂടെ വിവാദമാവുകയും ചെയ്ത കേസിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയാതെ വന്നതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പിയുടെ കീഴിൽ ആലപ്പുഴ യൂണിറ്റിലെ ഡിവൈഎസ്‌പിക്കും സംഘത്തിനുമാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.

2014 ജൂലൈ ഒമ്പതിനാണ് കോന്നി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥികളായ ആതിര കെ. നായർ, ആര്യ സുരേഷ്, എസ്. രാജി എന്നിവരെ കാണാതാകുന്നത്. അന്ന് വൈകിട്ട് മൂന്നുമണിയോടെ കോന്നി സ്‌റ്റേഷനിൽ പരാതിയുമായെത്തിയ രക്ഷിതാക്കളെ പൊലീസുകാർ മറ്റൊരു കണ്ണോടു കൂടിയാണ് ആദ്യം കണ്ടത്. കുട്ടികളെ അധിക്ഷേപിച്ച് സംസാരിക്കാനും ചില പൊലീസുകാർ തയാറായി. പരാതി ലഭിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് വലിയ അനേ്വഷണം ഒന്നും ഉണ്ടാകാതെ വന്നപ്പോൾ ബന്ധുക്കൾ നേരിട്ട് അനേ്വഷിച്ചിറങ്ങി. കുട്ടികളെ ചില സ്ഥലങ്ങളിൽ കണ്ടതായുള്ള സൂചനകൾ അവർ പൊലീസിന് കൈമാറിയെങ്കിലും ഗൗനിച്ചില്ല. 13 ന് ഒറ്റപ്പാലം ലക്കിടിയിലെ റെയിൽവേ ട്രാക്കിൽ ആതിര, രാജി എന്നിവരെ മരിച്ച നിലയിലും ആര്യയെ പരുക്കേറ്റ് അവശനിലയിലും കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന ആതിര 20 ന് മരിച്ചു. 12 ന് വൈകിട്ടാണ് യഥാർഥത്തിൽ പൊലീസ് അനേ്വഷണം ഊർജിതമാക്കുന്നത്. അന്നാണ് പൊലീസുകാർ കാണാതായ കുട്ടികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ആ വാർത്ത പത്രങ്ങളിലൂടെ പുറത്ത് വന്നപ്പോഴേക്കും രണ്ടുപേർ ഈ ലോകത്തോട് തന്നെ വിടപറഞ്ഞിരുന്നു.

2 പെൺകുട്ടികൾ മരിച്ചതിന് പിറ്റേന്ന് തന്നെ വിവാദ പ്രസ്താവന നടത്തി ഐ.ജി. മനോജ് ഏബ്രഹാം രംഗത്ത് എത്തി. കുട്ടികൾ വീട്ടിലെ അന്തരീക്ഷം കാരണം ആത്മഹത്യ ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. കുട്ടികളുടേത് ആത്മഹത്യയായിരുന്നുവെന്നും കുടുംബഅന്തരീക്ഷം അത്ര നന്നല്ല എന്നുള്ളതും ശരിയായിരുന്നു. പക്ഷേ, മനോജ് ഏബ്രഹാമിന്റെ പ്രസ്താവന അനവസരത്തിലായതാണ് കുഴപ്പമുണ്ടാക്കിയത്. തുടർന്ന് എഡിജിപി ബി. സന്ധ്യ, എസ്‌പി ഉമാ ബെഹ്‌റ എന്നിവരെ ചേർത്ത് അനേ്വഷണസംഘം വിപുലീകരിച്ചു.

ബംഗളൂരുവിൽ നിന്നും ഐലൻഡ് എക്സ്‌പ്രസിൽ നാട്ടിലേക്ക് വരും വഴി കുട്ടികൾ ട്രെയിനിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന കാര്യം വ്യക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മറ്റു അസ്വാഭാവികതകളൊന്നും തന്നെയില്ല. അപ്പോൾ പിന്നെ ആ വഴിക്കുള്ള അനേ്വഷണത്തിനും പ്രസക്തിയില്ല. കുട്ടികൾ ജീവനൊടുക്കി. പക്ഷേ, എന്തിന് എന്നതാണ് അനേ്വഷിക്കേണ്ടത്. അവിടെയാണ് ഉദ്യോഗസ്ഥർ വഴിമുട്ടി നിന്നത്. ഇവിടെ ചില ചോദ്യങ്ങൾ ഉരുത്തിയിരുന്നു. കുട്ടികൾ നാടുവിട്ടത് സ്വമേധയാ ആണോ അതോ പരപ്രേരണയാലോ? പരപ്രേരണയാലാണെങ്കിൽ ആര്? അവർക്ക് കുട്ടികളിൽ ഇത്രമാത്രം സ്വാധീനം വന്നത് എങ്ങനെ? ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഡെൽഹിക്ക് ടിക്കറ്റെടുത്തത് എന്തിന്? ട്രെയിൻ മാറിക്കയറി മാവേലിക്കര എത്തിയ അവർ അവിടെ ടിക്കറ്റ് ക്യാൻസൽ ചെയ്തത് എന്തിന്? പിന്നീട് അവർ ബംഗളൂരുവിലേക്ക് പോയത് എന്തിന്? അതും രണ്ടു തവണ.

ഇതിനൊന്നും ഉത്തരം തേടാനോ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. പക്ഷേ, ഇവരുടെ കുടുംബചരിത്രം പൊലീസ് നന്നായി പരിശോധിച്ചിരുന്നെങ്കിൽ കൃത്യം രണ്ടാമത്തെ ദിവസം പൊലീസിന് കുട്ടികളെ പിടികൂടാമായിരുന്നു. ആര്യയുടെ അമ്മ ബംഗളൂരുകാരിയാണെന്ന വിവരം പൊലീസ് അവഗണിച്ചു. ആ വഴിക്ക് ചിന്തിച്ചിരുന്നുവെങ്കിൽ റെയിൽവേ പൊലീസ്, വാട്‌സ് ആപ് എന്നിവയുടെ സഹായത്തോടെ കുട്ടികളെ കണ്ടെത്താമായിരുന്നു. അതാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ ഏറ്റവും വലിയ വീഴ്ച. ഇതിന് കാരണമായത് അന്നത്തെ സിഐ സജിമോന്റെ ചില തീരുമാനങ്ങൾ ആയിരുന്നു. വിവരം പെട്ടെന്ന് മറ്റുസ്ഥലങ്ങളിലേക്കും റെയിൽവേ പൊലീസിനും നൽകേണ്ടതിന് പകരം സ്വയം അനേ്വഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണ് ഇദ്ദേഹം ചെയ്തത്. അത് എങ്ങുമെത്തുന്നതിന് മുൻപേ കുട്ടികൾ ജീവനൊടുക്കി. ആൺപുലികൾ പരാജയപ്പെട്ടപ്പോഴാണ് എഡിജിപി ബി. സന്ധ്യ, എംഎസ്‌പി കമാൻഡന്റ് ഉമാ ബെഹ്‌റ എന്നീ പെൺപുലികളെ കോന്നി പെൺകുട്ടികളുടെ ദുരന്തകാരണം അനേ്വഷിക്കാൻ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തിറക്കിയത്. എന്നാൽ, ആദ്യ അനേ്വഷണസംഘത്തിന്റെ കണ്ടെത്തലുകളിൽ നിന്ന് ഒരു പടി പോലും മുന്നോട്ടു പോകാൻ കഴിയാതെ പുലികൾ എലികളായി. ബംഗളൂരുവിൽ, ലാൽബാഗിൽ നിന്ന് വീണ്ടെടുത്ത ആര്യയുടെ ടാബ് ലറ്റിൽ നിന്ന് എന്തോ മഹാരഹസ്യം പ്രതീക്ഷിക്കുന്നുവെന്നാണ് ഇവർ പറഞ്ഞിരുന്നത്. അതു കൂടി കണ്ടെത്താൻ കഴിഞ്ഞില്ല.
ആര്യയുടെ സുഹൃത്ത് ആദ്യം പൊലീസ് കസ്റ്റഡിയിൽ എടുത്ത മനു, ആര്യയുടെ വീടിന് സമീപം വാടയ്ക്ക് താമസിച്ചിരുന്ന ആൽബം ചിത്രീകരണ സംഘം, സ്‌കൂളിൽ കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നയാൾ എന്നിങ്ങനെ നിരവധിപ്പേരെ നാട്ടുകാർ സംശയിക്കുന്നുണ്ട്. പൊലീസിന് പക്ഷേ അതൊന്നും വലിയ കാര്യമല്ല.

ഇനി പൊലീസ് നൽകുന്ന ചില സൂചനകളിലേക്ക്: ആര്യയുടെ ഡയറിയിൽ ഒന്നാം വർഷ പരീക്ഷയുടെ ഫലം വരുമെന്നും തോൽക്കുമെന്നുമുള്ള ഭീതി എഴുതിയിട്ടുണ്ടായിരുന്നുവത്രേ. ഇതാകാം ആത്മഹത്യയ്ക്ക് കാരണം. മറ്റൊന്ന്, നാടുവിടുന്നതിന് തലേന്ന് ഇവർ ഡ്രസ് റിഹേഴ്‌സൽ നടത്തി നോക്കിയിരുന്നുവത്രേ. എന്തായാലും ആദ്യ പരാതി ഗൗരവമായി കാണാതിരുന്ന കോന്നി പൊലീസ് തന്നെയാണ് ഈ ദുരന്തത്തിന്റെ ഉത്തരവാദികൾ.