കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ് തന്നെ കോടതി നേരിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയതോടെയാണ് ഈ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാൻ അടക്കം ദിലീപ് ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നതും.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തെ തുരന്വേഷണ തടയാൻ വേണ്ടി ദിലീപ് കോടതി വഴി പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയൽ നടിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ചോദ്യം ചെയ്തത്.

ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയൽ നിർമ്മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. മുൻപ് തിരുവനന്തപുരത്ത് പരസ്യ ഏജൻസി നടത്തിയ വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതൽ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുൻ നായികയായിരുന്ന നടിയെയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്. ദിലീപിന്റെ മുൻ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ദുബായിൽ സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ട്.ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചതായാണ് തെളിവുകൾ നശിപ്പിച്ച സൈബർ വിദഗ്ദൻ സായ് ശങ്കർ പൊലീസിന് നൽകിയ മൊഴി.

ദിലീപിന്റെ നിർദ്ദേശപ്രകാരമാണ് കൃത്യം നിർവഹിച്ചതെന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ സായ് സമ്മതിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ചാറ്റുകളിലൂടെ പരസ്പരം കൈമാറിയതായാണ് സൂചന. ഈ സാഹചര്യത്തിൽ നടിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് പ്രമുഖ നടിയുടെ സഹായം തേടിയിട്ടുണ്ടോയെന്ന കാര്യമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളും പരിശോധിക്കാൻ തീരുമാനമുണ്ട്.