- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ നാളെ വീണ്ടും ചോദ്യം ചെയ്യും; നാളത്തെ ഗ്രില്ലിങ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടോ എന്ന് കണ്ടെത്താൻ; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ശേഖരിച്ച തെളിവുകൾ ചോദ്യം ചെയ്യലിന് ഉപയോഗിക്കും; ആക്ഷൻ ഹീറോ ബൈജു പൗലോസ് രണ്ടും കൽപ്പിച്ച് തന്നെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയെ തുടർന്ന് ശേഖരിച്ച തെളിവുകൾ ചോദ്യം ചെയ്യലിന് ഉപയോഗിക്കും. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ആദ്യമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.
കേസിലെ തുടരന്വേഷണം തടയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടരാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ദിലീപിന്റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടും ചോദ്യം ചെയ്യലിൽ നിർണായകമാകും. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുക എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാൻ അടക്കം ദിലീപ് ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നതും.
അതേസമയം വധഗൂഢാലോചനക്കേസിൽ ദിലീപിനെതിരെ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ നിർണായക മൊഴിയും ദിലീപിനെ വെട്ടിലാക്കുന്നതാണ്. ദിലീപിന്റെ ഫോണിൽനിന്ന് നശിപ്പിച്ച രേഖകളുടെ കൂട്ടത്തിൽ സുപ്രധാന കോടതിരേഖകളുണ്ടെന്നാണ് സായ് ശങ്കർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കൂടുതൽ വ്യക്തക്കായാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുക.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വാട്‌സാപ് ചാറ്റുകളുൾപ്പെടെ പ്രധാന തെളിവുകൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സായ് ശങ്കറിന്റെ സഹായത്തോടെയാണ് ഇതെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഇയാളെ മുമ്പ് ചോദ്യം ചെയ്തിരുന്നു. അതിലാണ് നിർണായക മൊഴി ലഭിച്ചത്. ദിലീപിന്റെ അഭിഭാഷകൻ നിർദ്ദേശിച്ചതനുസരിച്ചാണ് ഫോണിലെ വിവരങ്ങൾ നീക്കിയതെന്ന് സായ് ശങ്കർ മൊഴി നൽകി.
നീക്കംചെയ്ത കൂട്ടത്തിൽ കോടതിരേഖകളും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. മൊഴി സത്യമെന്ന് തെളിഞ്ഞാൽ, പകർപ്പെടുക്കാൻ അനുവാദമില്ലാത്ത കോടതിരേഖകൾ എങ്ങനെ ദിലീപിന്റെ ഫോണിൽ എത്തിയെന്നത് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും. വിശദമായി ചോദ്യംചെയ്യാൻ സായ് ശങ്കറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഇയാൾ ഹാജരായില്ല. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൂടുതൽ വാദത്തിനായി മാറ്റിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ