കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് നിലപാട് മാറ്റുന്നു. മഞ്ജു വാര്യർക്ക് നൽകിയ അതേ പരിഗണ കാവ്യയ്ക്കും നൽകുന്നു എന്ന വാർത്തകൾ എത്തിയതോടെ ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ ചുവടുമാറ്റുകയാണ്. അങ്ങനെയല്ലെന്ന കൃത്യമായ സന്ദേശം നൽകുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം ആലുവയിലെ പത്മസരോവരത്തിലേക്ക് തൽക്കാലം പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ്. കാവ്യ മാധവൻ നിർദ്ദേശിച്ചതു പോലെ ആലുവയിലെ വീട്ടിലെത്തി മൊഴിയെടുക്കാം എന്ന മുൻ നിലപാട് അന്വേഷണ സംഘം മാറ്റിയിരിക്കയാണ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യാമാധവനെ വീട്ടിൽ ചോദ്യം ചെയ്യാൻ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. സൗകര്യമുള്ള മറ്റൊരു സ്ഥലം നിർദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി തന്നെ മറുപടി നൽകണമെന്നും അന്വേഷണ സംഘം കാവ്യയോട് നിർദ്ദേശിച്ചു. ഇത് അനുസരിച്ചു കാവ്യ ഏതെങ്കിലും ഹോട്ടൽ നിർദ്ദേശിക്കാനാകും സാധ്യത. മഞ്ജു വാര്യരെ നേരത്തെ കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യയുടെ ചോദ്യം ചെയ്യൽ കേസിൽ നിർണായകമാണ്. തുടരന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മിൽ വൈരാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോൺ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തിൽ കാവ്യയായിരുന്നു കേസിൽ കുടുങ്ങേണ്ടത് എന്ന പരാമർശമുണ്ടായിരുന്നു.

2017ൽ കേസിന്റെ ആദ്യ ഘട്ടത്തിൽ സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ മൂന്ന് മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിൽ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാവ്യയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് പ്രതികൾ എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്.

നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോൾ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പൾസർ സുനിയായിരുന്നെന്നാണ് സൂചന. ഈ കാര്യങ്ങളിൽ കാവ്യ ചോദ്യം ചെയ്യലിൽ മറുപടി നൽകേണ്ടി വരും. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയിൽ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാർ നൽകിയ മൊഴിയിലുണ്ട്.

വിഐപി ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോൾ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണ സംഘം കാവ്യയിൽ നിന്നും വ്യക്തത തേടും. കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിൽ കാവ്യ പലപ്പോഴും കരയുകയും ചില ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്ത മറുപടികളുമായിരുന്നു നൽകിയത്. പൾസർ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ എല്ലാ ദുരൂഹതയും മാറ്റാൻ അന്വേഷണ സംഘം. നടിയെ പീഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാര്യർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് എന്നും പരിശോധിക്കുന്നുണ്ട്. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ കാര്യമായ തെളിവൊന്നും കിട്ടിയിട്ടില്ല.

വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും. റിയൽ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ച് പറയുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് സൂചന. കാവ്യയ്ക്ക് കേസിൽ പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതോടെയാണ് ചോദ്യംചെയ്യാൻ തീരുമാനിച്ചത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങൾക്ക് കാരണമെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. കേസിൽ നിർണായക വിവരങ്ങൾ നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി കാവ്യയെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.

കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്. ഫിലിപ്പ് ടി. വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നോട്ടീസ് നൽകുമെന്നാണ് സൂചന. തെളിവു നീക്കാൻ ആവശ്യപ്പെട്ടത് ഫിലിപ്പ് വർഗീസാണെന്ന് കേസിലെ ഏഴാം പ്രതി സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. ഇവർ പിടിച്ചെടുത്ത സായ് ശങ്കറിന്റെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കും.