- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധ ഗൂഢാലോചന കേസ്: ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും; നീക്കം, അനൂപിന്റെ ഫോൺ പരിശോധനാ ഫലം ലഭിച്ചതിന് പിന്നാലെ; തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശം; കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശം നൽകി.
അനൂപിനോട് ഇന്നലെ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ബന്ധു മരിച്ചതിനാലാണ് ഹാജരാവാത്തതെന്നാണ് അനൂപിന്റെ വിശദീകരണം. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഇ സാഹചര്യത്തിൽ കൂടിയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം വെള്ളിയാഴ്ച ലഭിക്കും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ദിലീപ് ഹാജരാക്കിയ ആറു ഫോണുകളുടെ പരിശോധന ഫലമാണ് നാളെ ലഭിക്കുക. പ്രതികളിലോരോരുത്തരെയും പല ദിവസങ്ങളിൽ വിളിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സുരാജിനും തിങ്കളാഴ്‌ച്ച ഹാജരാകണമെന്ന് കാട്ടി ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.
മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ നൽകും. ഇതിനുശേഷമാകും ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യുക.
മൊബൈൽ ഫോണുകളിൽനിന്ന് സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മാത്രമല്ല, പ്രതികൾക്കെതിരേ കൂടുതൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും ചോദ്യംചെയ്യൽ.
നേരത്തെ കോടതി നിർദ്ദേശപ്രകാരം ദിലീപ് അടക്കമുള്ള പ്രതികൾ മൂന്നുദിവസത്തെ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ഇതിനുശേഷമാണ് ദിലീപ് അടക്കമുള്ളവർക്ക് കേസിൽ മുൻകൂർ ജാമ്യം ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
അതേ സമയം, വധഗൂഢാലോചനാ കേസിൽ, എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. ''ഡിവൈഎസ്‌പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത്''.
കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.
ഇതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24 ലേക്കു മാറ്റി. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് ദിലീപിന്റെ ആക്ഷേപം.
അതേസമയം ദിലീപ് നൽകിയ ഹർജി നിയമപരമായി നില നിൽക്കുന്നതല്ല എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഹർജി നേരത്തെ പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിന് അഞ്ച് വർഷം പൂർത്തിയാകുമ്പോളും നീതി കിട്ടാതെ അതിജീവിത നിയമപോരാട്ടം തുടരുകയാണ്. വിചാരണയുടെ അന്തിമ ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്താണ് കേസിനെ വീണ്ടും ചർച്ചയാക്കിയത്. ദിലീപിന് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇത് തെളിയിക്കുന്ന ശബ്ദ രേഖകളും ബാലചന്ദ്രകുമാർ പുറത്ത് വിട്ടിരുന്നു.
സിനിമ ലോകവും കേരളവും ഞെട്ടലോടെ കേട്ട സംഭവമാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകന്റെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്. അതിനിടെയാണ് ദിലീപിന്റെ പങ്കിൽ സൂചന നൽകി തെളിവുകളുമായി സംവിധായകൻ ബാലചന്ദ്രകുമാറെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ