കായംകുളം: സ്ഥിരം കുറ്റവാളികളുടെയും സാമൂഹിക വിരുദ്ധരുടെയും നീക്കങ്ങൾ ദിവസവും വീടുകളിലെത്തി നിരീക്ഷിക്കാൻ പൊലീസിന്റെ ക്രൈം ഡ്രൈവ്. രാത്രി 11 നും പുലർച്ചെ 4 നും മധ്യേയാണ് നിരീക്ഷണം.ഒന്നിലേറെ കേസുകളിൽ പ്രതിയായവരാണ് ക്രൈം ഡ്രൈവ് പട്ടികയിലുള്ളത്.ഡിജിപിയുടെ നിർദേശ പ്രകാരമുള്ള പദ്ധതി ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിൽ തുടങ്ങി. മറ്റു ജില്ലകളിൽ ഉടൻ ആരംഭിക്കും.

പൊലീസിന്റെ ക്രൈം ഡ്രൈവ് എന്ന മൊബൈൽ ആപ്പിൽ സോഷ്യൽ പ്രൊഫൈലിങ് ചെക്ക് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലെയും സ്ഥിരം കുറ്റവാളികളുടെ വിവരങ്ങൾ തെളിയും. ഈ പട്ടികയിലുള്ളവരുടെ വീട്ടിൽ ദിവസവും എത്തി അവരുടെ ഫോട്ടോ എടുത്ത് മൊബൈൽ ആപ്പിലൂടെ അതത് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകണമെന്നാണു നിർദ്ദേശം. രാത്രി പട്രോളിങ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഈ പരിശോധന നടത്തേണ്ടത്.

രാത്രി വീടുകളിലെത്തി ഇവരുടെ ചിത്രമെടുത്ത് ജില്ലാ പൊലീസ് മേധാവിക്ക് അയയ്ക്കും.പൊലീസ് എത്തുമ്പോൾ വീട്ടിൽ ഇല്ലാത്തവരുടെ വിവരങ്ങൾ ഉടൻ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും വേണം.മിക്ക സ്റ്റേഷനിലും രാത്രി പട്രോളിങ്ങിന് 2 പൊലീസുകാരെ ഉണ്ടാവൂ. കുറ്റവാളികളുടെ വീട്ടിൽ 2 പേർ മാത്രം എത്തുന്നത് സുരക്ഷിതമല്ലെന്ന തോന്നൽ പൊലീസിലുണ്ട്. രാത്രി പട്രോളിങ്ങിന് തയാറാകാത്തവരോട് മേലുദ്യോഗസ്ഥർ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്.

അതേസമയം അസമയത്ത് വീടുകളിലെത്തി വിളിച്ചുണർത്തുന്നതും ചിത്രമെടുക്കുന്നതും സ്വകാര്യതയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന വിമർശനമുയരുന്നുണ്ട്. ഇത്തരം നിരീക്ഷണം സുപ്രീം കോടതി വിലക്കിയിട്ടുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.