കൊച്ചി: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാൻ വേണ്ടി സർക്കാർ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമുണ്ടാക്കി അന്വേഷണം തുടങ്ങിയിരുന്നു. സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ പി സി ജോർജ്ജിനും സ്വപ്‌ന സുരേഷിനുമൊപ്പം ക്രൈം നന്ദകുമാറും പ്രതിസ്ഥാനത്തുണ്ട്. ഈ കേസെടുത്തതിന് പിന്നാലെയാണ് സ്വപ്‌നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിര മുൻപ് ലഭിച്ച പരാതിയിൽ കേസെടുത്തത്. ഇപ്പോൾ, നന്ദകുമാറിനെതിരെ സഹപ്രവർത്തകന നൽകിയ പരാതിയിലും അറസ്റ്റു ചെയ്തു.

ഏപ്രിൽ മാസത്തിൽ ജോലിക്ക് കയറിയ യുവതി കഴിഞ്ഞ മാസം നൽകിയ പരതിയിലാണ് ഇപ്പോൾ പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്. ഇത് വിവാദങ്ങൾക്കും വഴിവെക്കുന്നുണ്ട്. കഴിഞ്ഞ മാസം നൽകിയ പരാതിയിൽ പൊലീസ് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തിയത്.

സർക്കാറിനെതിരായ ഗൂഢാലോചനാ കേസിന്റെ പശ്ചാത്തലത്തിലാണ കേസിലെ അറസ്റ്റും മറ്റു നടപടികളും സംശയത്തിലാക്കുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളും നന്ദകുമാരിന്റെ അറസ്റ്റും തമ്മിൽ ബന്ധമുണ്ടെന്ന വിധത്തിൽ സോഷ്യൽ മീഡിയിയലും രാഷ്ട്രീയ കേന്ദ്രങ്ങളിലും അറസ്റ്റു നടപടി ചർച്ചയായിട്ടുണ്ട്. അതേസമയം വനിതാമന്ത്രിക്കെതിരേ അശ്ലീലച്ചുവയുള്ള വ്യാജവീഡിയോ നിർമ്മിക്കാനാവശ്യപ്പെട്ട് ജോലിസ്ഥലത്ത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണർക്ക് യുവതി പരാതി നൽകിയതിനെത്തുടർന്ന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കാക്കനാട് താമസിക്കുന്ന അടിമാലി സ്വദേശിനിയാണ് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന് പരാതി നൽകിയത്. നന്ദകുമാർ എം.ഡി.യായ ക്രൈം ഓൺലൈൻ യൂട്യൂബ് ചാനലിൽ ഏപ്രിൽ 20-നാണ് യുവതി ജോലിക്ക് കയറിയത്. വനിതാമന്ത്രിക്കെതിരേ അശ്ലീലച്ചുവയുള്ള വീഡിയോ നിർമ്മിക്കാൻ നന്ദകുമാർ ആവശ്യപ്പെട്ടെന്ന് യുവതിയുടെ പരാതിയിൽ പറഞ്ഞു. ഇതിന് വിസമ്മതിച്ചപ്പോൾ പട്ടികജാതിക്കാരിയായ യുവതിയെ ജോലിസ്ഥലത്ത് അധികജോലികൾ നൽകി മാനസികമായി പീഡിപ്പിച്ചെന്നും മറ്റു ജീവനക്കാർക്കുമുന്നിൽവെച്ച് തരംതാഴ്‌ത്തി സംസാരിച്ചെന്നും പരാതിയിലുണ്ട്. തുടർന്ന് പരാതിക്കാരി സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു.

പട്ടികജാതി-പട്ടികവർഗ പീഡനനിരോധന നിയമലംഘനം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞ് അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ക്രൈം ഓൺലൈൻ യൂട്യൂബ് ചാനലിന്റെ കലൂർ ശ്രീനഗർ ക്രോസ് റോഡിലെ ഓഫീസിലും പേരണ്ടൂരിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ നന്ദകുമാറിനെ റിമാൻഡ് ചെയ്തു.

അറസ്റ്റിനെത്തുടർന്നാണ് നന്ദകുമാറിന്റെ ഓഫീസിലും വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്. സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങൾവഴി വീഡിയോ പ്രചരിപ്പിച്ച കേസിൽ ആരോഗ്യമന്ത്രി വീണാജോർജിന്റെ പരാതിയിൽ കഴിഞ്ഞ ഡിസംബർ ഒന്നിന് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാാണ് ഇപ്പോഴത്തെ നടപടിയും.

അതേസമയം മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാനാണു തന്നെ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ നിർബന്ധിച്ചതെന്നു പരാതിക്കാരി ആരോപിക്കുന്നുണ്ട്. ഇതിനു വേണ്ടി പണം വാഗ്ദാനം ചെയ്യുകയും വിഡിയോ ചിത്രീകരിക്കാൻ സമ്മതമല്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായും പരാതിക്കാരി പ്രതികരിച്ചു.

വാട്‌സാപ് ഫോൺ വിളികളാണ് നന്ദകുമാർ നടത്തിയിരുന്നതെന്നു യുവതി പറയുന്നു. ഭീഷണിപ്പെടുത്തി മെസേജുകൾ അയയ്ക്കുകയും ചെയ്തു. വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കാനും ശ്രമമുണ്ടായി. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. നിയമനടപടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നും യുവതി വ്യക്തമാക്കി.