- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയരികിൽ കിടന്ന പൊതിക്കെട്ടിൽ നിന്ന് പുറത്തേക്ക് നീണ്ടു കിടന്നത് പാദസരമണിഞ്ഞ കാൽപാദം; പൊതിക്കെട്ട് അഴിച്ചു നോക്കിയ പൊലീസ് കണ്ടത് സ്ത്രീയുടെ മൃതദേഹം: പന്തളത്ത് രണ്ടാം ഭാര്യയെ കൊന്ന് പൊതിഞ്ഞു കെട്ടി വഴിയരികിൽ ഉപേക്ഷിച്ചയാൾ അറസ്റ്റിൽ
പന്തളം: ഒന്നിച്ചിരുന്ന് മദ്യപിക്കുകയും വാക്കേറ്റത്തിനൊടുവിൽ രണ്ടാം ഭാര്യയെ കുത്തിക്കൊന്ന് പൊതിഞ്ഞു കെട്ടി മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്ത ഭർത്താവിനെ പൊലീസ് സംഘം വിദഗ്ധമായി പിടികൂടി.കുരമ്പാല പറയന്റയ്യത്ത് കുറിയ മുളയ്ക്കൽ സുശീല (61)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മധുസൂദനൻ ഉണ്ണിത്താനെ(52) അടൂരിൽ വച്ചാണ് പൊലീസ് സംഘം വളഞ്ഞു പിടിച്ചത്.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കുരമ്പാല ആനിക്കനാട്ടുപടി ഇടയാടി സ്‌കൂൾ റോഡിൽ പൊതിക്കെട്ട് കണ്ടെത്തിയത്. സമീപവാസിയായ വെള്ളിനാൽ ബാലചന്ദ്രക്കുറുപ്പ് കടയിൽ പോയി സാധനങ്ങൾ വാങ്ങി വരും വഴി പൊതിയുടെ വെളിയിലേക്കു പാദസരമണിഞ്ഞ കാൽ നീണ്ടു നിന്നത് കണ്ടു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ആദ്യ ഭാര്യ മരിച്ചു പോയ ആനന്ദപ്പള്ളി സ്വദേശിയായ മധുസൂദനനും അട്ടത്തോട് പ്ലാന്റേഷനിൽ ജീവനക്കാരിയുമായ സുശീലയും അഞ്ചു വർഷം മുമ്പാണ് ഒന്നിച്ചു കഴിയാൻ തുടങ്ങിയത്. കൈയിലുള്ള പണമെല്ലാം സ്വരുക്കൂട്ടി കുരമ്പാലയിൽ വീട് വാങ്ങി താമസിച്ചു വരികയാണ്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും വഴക്കിടുന്നതും പതിവായിരുന്നു. ചൊവ്വാഴ്ച രാത്രിയും ഇരുവരും മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി. തുടർന്ന് ടാപ്പിങ് കത്തി കൊണ്ട് പ്രതി സുശീലയുടെ കഴുത്തിലും ശരീരത്തിലും കുത്തി വീഴ്‌ത്തി.
മരിച്ചുവെന്ന് ഉറപ്പായപ്പോൾ പ്ലാസ്റ്റിക് ഷീറ്റും തുണിയും മറ്റും കൊണ്ട് പൊതിഞ്ഞു കെട്ടി സ്വന്തം ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയി. പ്രതിയെപ്പറ്റി സൂചന ലഭിച്ച പൊലീസ് ടവർ ലൊക്കേഷൻ നോക്കി അടൂർ ഭാഗത്തുണ്ടെന്ന് കണ്ടെത്തി. പ്രൈവറ്റ് ഓട്ടോ ആയതിനാൽ തിരിച്ചറിയാൻ പൊലീസിന് എളുപ്പമായിരുന്നു. കസ്റ്റഡിയിലായ പ്രതി ആദ്യം കുറ്റം സമ്മതിച്ചില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് നടന്നതൊക്കെ പറഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവിങും ടാപ്പിങുമാണ് പ്രതിയുടെ തൊഴിൽ. പത്തനംതിട്ടയിൽ നിന്നും വിരലടയാള വിദഗ്ദ്ധ ഷൈലജകുമാരി, സി.കെ. രവികുമാർ, ഫോറൻസിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസർ രമ്യ, ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി തെളിവെടുത്തു.
ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്‌പി ആർ. ബിനു, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ആർ. ജോസ്, പന്തളം എസ്.എച്ച്.ഓ ശ്രീകുമാർ, എസ്‌ഐ. ശ്രീകുമാർ എന്നിവരുൾപ്പെടെയുള്ള പൊലീസ് സംഘമാണ് അന്വേഷിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്