- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കയറിയ പമ്പിൽ നിന്ന് നിറയെ കാശ് വാരി; രാത്രി മിക്ക പമ്പിലും സെക്യൂരിറ്റിയും ഇല്ല; പത്തിലേറെ പമ്പുകളിൽ മോഷണം അടക്കം മുപ്പതോളം കേസുകളിലെ പ്രതി മലപ്പുറത്ത് പിടിയിലായപ്പോൾ മൊഴി ഇങ്ങനെ; കുപ്രസിദ്ധ മോഷ്ടാവ് അബ്ദുൾറഹീം പൊലീസിനെ വെട്ടിക്കാനും വിരുതൻ
മലപ്പുറം: നിരവധിമോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ ചേലക്കര പുതുവീട്ടിൽ അബ്ദുൾറഹീം(28) പിടിയിൽ. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചു 10ലേറെ പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ പ്രതിയെ കൊണ്ടോട്ടി മുണ്ടപ്പലം പെട്രോൾപമ്പിൽ മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.
കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ ചേലക്കര പുതുവീട്ടിൽ അബ്ദുൾറഹീം(28) ആണ് പിടിയിലായത്. ഇയാളുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30 ലധികം കേസുകളുണ്ട്. കൊണ്ടോട്ടി, മുക്കം, കുന്ദമംഗലം,എടവണ്ണ, എടവണ്ണപ്പാറ, കാരക്കുന്ന്, മുള്ളമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ പത്തിലേറെ പെട്രോൾ പമ്പുകളിൽ നടന്ന മോഷണങ്ങൾക്കും നാലു ബൈക്ക് മോഷണങ്ങൾക്കും ഇതോടെ തുമ്പായി.
2020 ഫെബ്രുവരി മാസത്തിൽ ബൈക്ക് മോഷണക്കേസിലും ഭവനഭേദന കേസിലും പിടിക്കപ്പെട്ട് ജയിലിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ തൊട്ടടുത്ത ദിവസം തന്നെ വീണ്ടും മോഷണം ആരംഭിക്കുകയായിരുന്നവെന്നു പൊലീസ് പറഞ്ഞു. ആദ്യം മോഷണം നടത്തിയ പെട്രോൾപമ്പിൽ നിന്നു തന്നെ വലിയ തുക ലഭിച്ചതും പമ്പുകളിൽ രാത്രി സെക്യൂരിറ്റി ഇല്ലാത്തതുമാണ് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതു പതിവാക്കിയതെന്നു അബ്ദുൾ റഹീം മൊഴി നൽകി.
ഇതിനകം മൂന്നു ലക്ഷത്തോളം രൂപയും രണ്ട് ലാപ്ടോപ്പുകളും ഇയാൾ പെട്രോൾ പമ്പുകളിൽ നിന്നു മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്നാണ് പമ്പുകൾ കണ്ടെത്തുന്നതും മോഷണം നടത്തുന്നതും. രാത്രിയിൽ ഉറങ്ങുന്ന ആളുകളുടെ ആഭരണങ്ങളും മൊബൈൽ ഫോണുകളും ഇയാൾ ജനൽ വഴി കവർച്ച നടത്തിയിരുന്നതായി പറയുന്നു. വിവിധയിടങ്ങളിൽ നിന്നു ലഭിച്ച സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നങ്കിലും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്തതും മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്തതുമാണ് ഇയാളെ പിടികൂടാൻ വൈകിയത്.
വ്യാജ വിലാസങ്ങളിൽ ലോഡ്ജുകളിലും മറ്റും മുറിയെടുത്താണ് പരിസര പ്രദേശങ്ങളിൽ ഇയാൾ കളവ് നടത്തി വന്നിരുന്നത്. മോഷ്ടിച്ച ബൈക്കുകളും മോഷണ മുതലുകളും കണ്ടെടുത്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം ബിജു, എസ്ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ സുരേഷ്, അജയ് എന്നിവരെ കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിലെ സത്യനാഥൻ മനാട്ട്, സി.പി മുരളി, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, ശ്രീകുമാർ, പി. സഞ്ജീവ്, കൃഷ്ണകുമാർ, മനോജ് കുമാർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.