മലപ്പുറം: ആത്മീയ ചികിത്സ വാഗ്ദാനം ചെയ്ത് യുവതിയുടെ 40 പവൻ സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മൊബൈൽഫോണിലൂടെയാണ് ഇയാൾ യുവതിയുമായി പരിചയത്തിലായത്. വീട്ടിലെ പ്രശ്നങ്ങൾ ആത്മീയ ചികിത്സ നടത്തുന്ന ഉപ്പാപ്പയെക്കൊണ്ട് പരിഹരിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാൾ തന്ത്രപൂർവം 40 പവൻ സ്വർണം തട്ടിയെടുത്തത്. മലപ്പുറം തിരൂർ പുറത്തൂർ പാലക്കാവളപ്പിൽ ശിഹാബുദ്ധീൻ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

യുവാവ് പറഞ്ഞത് പ്രകാരം പെൺകുട്ടി ചികിത്സ ആവശ്യാർഥം ഉപ്പാപ്പയെ ഫോണിൽ വിളിക്കുമ്പോൾ ശിഹാബുദ്ദീൻ തന്നെയാണ് ഉപ്പാപ്പ ചമഞ്ഞ് ഫോണിലൂടെ ഖൂർആനിലെ സൂക്തങ്ങൾ ഓതിക്കൊടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ ഉപ്പാപ്പക്ക് സ്വർണം കൂടുതൽ വേണമെന്നാവശ്യപ്പെട്ടാണ് നാല്പത് പവൻ ഇയാൾ കരസ്ഥമാക്കിയതെന്നാണ് പരാതി.

ഏതാനും ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്ത്രീ പീഡനക്കേസിൽ ശിഹാബുദ്ദീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കൾ വേങ്ങര പൊലീസിനെ സമീപിച്ചത്. തിരൂർ , താനൂർ ,കുണ്ടോട്ടി സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ ഉണ്ടെന്ന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ എ. ആദംഖാൻ പറഞ്ഞു.

12 ഓളം സിംകാർഡുകൾ മെഡിക്കൽ കോളജ് പൊലീസ് ഇയാളിൽ നിന്നും പിടികൂടിയിട്ടുണ്ട്. നാല്പതോളം സ്ത്രീകൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നൽകാതിരിക്കുകയാണ്. താനൂർ എസ്‌ഐയെ അക്രമിച്ചു പരുക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. എസ്.എച്ച്.ഒക്ക് പുറമെ എസ്‌ഐ ബാലചന്ദ്രൻ ,എസ്.സി.പി.ഒ ഷൈജു എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.