ന്യൂഡൽഹി: കൂടത്തായി കൊലക്കേസ് മലയാളികൾ എങ്ങനെ മറക്കാൻ? ഒപ്പം ജോളിയെയും. ഓരോ കാരണങ്ങളാലാണ് ജോളി കുടുംബത്തിലെ ഓരോരുത്തരെയായി വകവരുത്തിയത്. സൈക്കോ കൊലയാളി. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ വരുൺ അറോറ എന്ന 37 കാരൻ അറസ്റ്റിലായതാണ് ഒടുവിലത്തെ വാർത്ത. മീൻകറിയിൽ താലിയം കലർത്തി ഭാര്യയുടെ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയതിനാണ് ഇയാൾ പിടിയിലായത്. അറസ്റ്റിൽ. ഭാര്യയ്ക്കും ബന്ധുക്കൾക്കും നൽകിയ ഭക്ഷണത്തിലാണ് താലിയം കലർത്തിയത്. ഭാര്യ വീട്ടുകാർ അപമാനിച്ചതിന് പ്രതികാരമായാണ് ഭക്ഷണത്തിൽ വിഷം കലർത്തിയതെന്നാണ് വരുൺ അറോറ പറയുന്നത്. ഡൽഹിയിലാണ് സംഭവം.

വരുണിന്റെ ഭാര്യയുടെ അമ്മ അനിതാ ദേവിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയത്. അനിതയ്ക്ക് പിന്നാലെ വരുണിന്റെ ഭാര്യ ദിവ്യയും ആരോഗ്യനില വഷളായി ചികിത്സ തേടുകയായിരുന്നു. ഇവരുടെ രക്തത്തിലും താലിയത്തിന്റെസാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ അനിതാ ദേവി ശർമ്മയുടെ മറ്റൊരു മകളായ പ്രിയങ്ക ഫെബ്രുവരി 15ന് ബിഎൽ കപൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതായി പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ പ്രിയങ്കയ്ക്കും താലിയം വിഷബാധ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അനിതാ ദേവിയുടെ ഭർത്താവ് ദേവേന്ദർ മോഹൻ ശർമ്മയിലും വീട്ടുവേലക്കാരിയിലും വിഷബാധയുടെ ലക്ഷണം കണ്ടെത്തി. ഇതോടെയാണ് അന്വേഷണം വരുണിലേക്ക് തിരിഞ്ഞത്.

ജനുവരിയിൽ വരുൺ ഇവരുടെ വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് വരുൺ കൊണ്ടുവന്ന മീൻ കറിയിലായിരുന്നു താലിയം കലർത്തിയത്. സദ്ദാം ഹുസൈന്റെ ആരാധകനാണ് വരുൺ. സദ്ദാം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ താലിയം പ്രയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതാണ് തനിക്ക് പ്രേരണയായതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി

താൻ താലിയം വാങ്ങിയെന്നും ഭാര്യ ദിവ്യ, ഭാര്യാമാതാവ് അനിത, ഭാര്യാപിതാവ് ദേവേന്ദർ മോഹൻ, ഭാര്യാ സഹോദരി പ്രിയങ്ക എന്നിവർക്ക് മീൻകറിയിൽ കലർത്തി നൽകിയതായും വരുൺ അറോറ സമ്മതിച്ചു. തന്നെ ഭാര്യവീട്ടുകാർ ദീർഘനാളായി അപമാനിക്കുന്നതിന്റെ പക വീട്ടാനാണ് ഈ കടുംകൈ ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ വീട്ടിൽ നിന്നും പിന്നീട് താലിയം കണ്ടെടുത്തു. താലിയം എങ്ങനെ വാങ്ങാം എന്നതിനെ കുറിച്ച് വരുൺ അറോറ ഫോണിൽ വിവരം തേടിയതായും തെളിവ് കിട്ടി.