- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ കാലത്ത് ചാലക്കുടിയിലെ വ്യാപാരിയുടെ ഫോണിലേക്ക് ഒരുകോൾ; വ്യാപാരിയുടെയും കുടുംബാംഗങ്ങളുടെയും നഗ്ന ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്ന് ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒന്നരക്കോടി; ബ്ലാക്ക്മെയിലിങ് കേസിൽ ഒടുവിൽ പിടിയിലായത് തിരുവനന്തപുരം സ്വദേശികളായ നാലു യുവാക്കൾ; പ്രതികൾ ലഹരിമാഫിയയുടെ കണ്ണികൾ
ചാലക്കുടി: പട്ടണത്തിലെ പ്രമുഖ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടിയോളം രൂപ തട്ടാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ നാലു യുവാക്കളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്‌പി കെ.എം ജിജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അതി സാഹസീകമായി പിടികൂടി. തിരുവനന്തപുരം നെല്ലിമൂട് ആദിയന്നൂർ വില്ലേജിൽ പൂതംകോട് സ്വദേശികളായ അരുൺരാജ് (25 വയസ്), പുളിമൂട് മഞ്ജു നിവാസിൽ അനന്തു ജയകുമാർ (24 വയസ്), കാട്ടാക്കട കൊളത്തുമ്മൽ കിഴക്കേക്കര വീട്ടിൽ ഗോകുൽ ജി നായർ (23 വയസ്), തിരുമല വില്ലേജ് ലക്ഷ്മിനഗർ ജികെ നിവാസിൽ വിശ്വലാൽ ( 23 വയസ്) എന്നിവരാണ് പിടിയിലായത്.
ലോക് ഡൗണിനിടയിൽ വ്യാപാരിക്ക് വന്ന അജ്ഞാത ഫോൺ വിളിയിലാണ് സംഭവങ്ങളുടെ തുടക്കം. വ്യാപാരിയുടെയും കുടുംബാംഗങ്ങളുടേയും സ്വകാര്യ ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നും അവ പുറത്ത് വിടാതിരിക്കാൻ പണം തരണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ ഫോൺ വിളി. ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ഫോണിൽ നിന്നുമാണ് തനിക്ക് പ്രസ്തുത ചിത്രങ്ങൾ ലഭിച്ചതെന്നും കൂടി യുവാവ് അറിയിച്ചതോടെ അങ്കലാപ്പിലായ വ്യാപാരി ഇയാൾ പറഞ്ഞ അകൗണ്ടിലേക്ക് ആവശ്യപ്പെട്ട കാൽ ലക്ഷത്തോളം രൂപ അയക്കുകയായിരുന്നു.
കുറച്ച് നാൾ ശല്യമില്ലാതിരുന്നെങ്കിലും ഏതാനും ആഴ്ച കഴിഞ്ഞ് യുവാവ് വിളിച്ച് ഒന്നര കോടി രൂപ തരണമെന്നും ഇല്ലെങ്കിൽ വൻ ഭവിഷ്യത്ത് അനുഭവിക്കേവരുമെന്നും ഇനി മുതൽ ഇൻസ്റ്റാഗ്രാമിലൂടെ മാത്രം ആശയ വിനിമയം മതിയെന്നും യുവാവ് ഭീഷണിപ്പെട്ടതിനെ തുടർന്ന് മാനസിക സംഘർഷത്തിലായ വ്യാപാരി സുഹൃത്തിന്റെ നിർദ്ദേശപ്രകാരം പൊലീസിൽ പരാതിപ്പെട്ടതാണ് വഴിത്തിരിവായത്.
പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയ ചാലക്കുടി ഡിവൈഎസ്‌പി കെ.എം ജിജിമോൻ സംഭവം ജില്ലാ പൊലീസ് മേധാവി ശ്രീമതി ജി. പൂങ്കുഴലിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടാൻ പ്രത്യേകഅന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
കൂടുതൽ സമയത്തും പ്രവർത്തന രഹിതമായ നിലയിൽ ഉണ്ടായിരുന്ന സിം കാർഡിന്റെ ഉടമയിൽ നിന്നും അന്വേഷണമാരംഭിച്ച പൊലീസ് സംഘം ഇയാളെ തേടി ആന്ധ്രയിൽ എത്തിയപ്പോൾ എഴുപത് വയസോളം പ്രായമുള്ള മേസൺ ജോലി ചെയ്തിരുന്ന ആളാണ് സിം കാർഡിന്റെ ഉടമയെന്ന് കണ്ടെത്തി. വർഷങ്ങൾക്കു മുൻപ് താൻ മാർത്താണ്ഡം സ്വദേശികൾക്കൊപ്പം കെട്ടിട നിർമ്മാണ ജോലികൾ ചെയ്തിരുന്നതായും ഒരിക്കൽ തന്റെ ഫോൺ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും വില കുറഞ്ഞ ഫോണായതിനാൽ പിന്നീട് അതെപ്പറ്റി അന്വേഷിച്ചില്ലെന്നും വേറെ ഫോണും സൗജന്യമായി കിട്ടുന്ന സിം കാർഡുമാണ് അതിനു ശേഷം ഉപയോഗിച്ചു വരുന്നതെന്നും ഇയാൾ പൊലീസ് സംഘത്തെ അറിയിച്ചു.
ഇത് വാസ്തവമാണെന്ന് ബോധ്യപ്പെടതോടെ ഇയാളെപ്പറ്റിയുള്ള അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് സംസാര ശൈലിയുടെ പ്രത്യേകത വച്ച് കേരള - തമിഴ് നാട് അതിർത്തിയായ മാർത്താണ്ഡം കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി തിരുവനന്തപുരം സ്വദേശിയാവാമെന്ന അനുമാനത്തിൽ അന്വേഷണ സംഘം എത്തിച്ചേരുകയും അതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനാതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് മാഫിയക്ക് ഇതിൽ പങ്കുള്ളതായ സൂചനകൾ ലഭിച്ചത്.
ഇതിനെ തുടർന്ന് ആഴ്ചകളോളം തിരുവനന്തപുരത്ത് തമ്പടിച്ച് ലഹരി മാഫിയ സംഘത്തിനെ നിരീക്ഷിച്ചതിലൂടെ ഈ സംഘത്തിലെ പ്രധാനിയായ അനന്തുവിന് ഇതിൽ പങ്കുണ്ടെന്ന സംശയം ബലപ്പെട്ടു. അനന്തുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ ഇയാൾ ഫോൺ ഉപേക്ഷിച്ച് മറ്റു മൂന്നുപേരുമായി ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ പുലർച്ചെ കന്യാകുമാരി ജില്ലയിലെ ചിന്നത്തുറൈയിൽ നിന്നും പിടിയിലാവുകയായിരുന്നു.
ഫോണുകൾ ഉപേക്ഷിച്ചെങ്കിലും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ച് ആ വഴിക്ക് നടത്തിയ നീക്കമാണ് ഇവരെ പിടികൂടാൻ അന്വേഷണ സംഘത്തിന് സഹായമായത്. പൊലീസ് സംഘത്തിനെ കണ്ട് വാഹന മുപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അതി സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ബിരുദാനന്തര ബിരുദധാരിയായ അരുൺ രാജിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ ആശയം നാലു പേരും ചേർന്ന് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയായിരുന്നു. കിട്ടുന്ന പണം കൊണ്ട് തിരുവനന്തപുരത്തേയും കന്യാകുമാരിയിലേയും വിനോദ സഞ്ചാര മേഖലകളിൽ ലഹരി വിൽപനയും മറ്റും നടത്തി ലാഭമുണ്ടാക്കാമെന്നാണ് തീരുമാനിച്ചിരുന്നതന്നും ഇവർ വ്യക്തമാക്കി.
ചാലക്കുടി സർക്കിൾ ഇൻസ്‌പെക്ടർ സൈജു കെ പോൾ, കൊരട്ടി സർക്കിൾ ഇൻസ്‌പെക്ടർ ബി.കെ അരുൺ സബ് ഇൻസ്‌പെക്ടർമാരായ എം എസ് ഷാജൻ, സജി വർഗ്ഗീസ്, ക്രൈം സ്‌ക്വാഡ് എസ് ഐ ജിനുമോൻ തച്ചേത്ത് , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, എം.ജെ ബിനു, ഷിജോ തോമസ്, ആൻസൺ പൗലോസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
പിടിയിലായ അനന്തു തിരുവല്ലം പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിലുംസ്റ്റേഷനിലെ ജീപ്പ് തകർത്ത കേസിലും അരുൺ നിരവധി അടി പിടി കേസുകളിലും പ്രതികളാണ്. ഇവരടങ്ങിയ സംഘം തിരുവനന്തപുരത്തിന്റെ തീരദേശങ്ങൾ കേന്ദ്രീകരിച്ച് വൻ ലഹരി വിൽപന നടത്തുന്നവരാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. പിടികൂടിയവരുടെ ഫോണുകളും കംപ്യുട്ടറുകളും മറ്റും ശാസ്ത്രീയ പരിശോധന നടത്തി ഇവർ ഭീഷണിപ്പെടുത്തിയ തരത്തിലുള്ള ചിത്രങ്ങളും വീഡിയോ കളുമുണ്ടോയെന്നു കണ്ടെത്തുമെന്നും ഇത്തരക്കാർക്കെതിരെ പരാതി ഉണ്ടായാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാപൊലീസ് മേധാവി അറിയിച്ചു.
പിടിയിലായവരെ ചാലക്കുടിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയും മറ്റും നടത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ