വർക്കല: 53 വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച് മുറിവേൽപിച്ച കേസിൽ 38കാരൻ കാമുകനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിഹരപുരം നെല്ലേറ്റുമുക്കിൽ തട്ടാന്റഴികത്ത് വീട്ടിൽ സുഭാഷ്(38) ആണ് അറസ്റ്റിലായത്. ഇലകമൺ പഞ്ചായത്തിലെ ഹരിഹരപുരം തോണിപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന ലതിക(53) എന്ന സ്ത്രീക്കാണ് പരുക്കേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ച അമിതമായി മദ്യപിച്ചെത്തിയ സുഭാഷ് ലതികയെ മൃഗീയമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച നാട്ടുകാർ ഇടപെട്ടാണ് സംഭവം അയിരൂർ പൊലീസിൽ അറിയിച്ചത്. ലതികയുടെ തല പിടിച്ച് ചുവരിൽ ഇടിച്ച ശേഷം മുഖത്തും ഇടിച്ച് മാരകമായി മുറിവേൽപിക്കുകയായിരുന്നു.

ക്രൂരമായ മർദ്ദനമേറ്റിട്ടും പേടി കാരണം ലതിക താമസിക്കുന്ന മുറിയിൽനിന്ന് രണ്ട് ദിവസമായി പുറത്തിങ്ങിയിരുന്നില്ല. വീട്ടുകാരിൽനിന്നും അകന്ന് പ്രതിയായ സുഭാഷ് ലതികയ്ക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിക്കെതിരെ സെക്ഷൻ 379 പ്രകാരവും എസ്.സി/എസ്.ടി നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി വർക്കല ഡി.വൈ.എസ്‌പി ബാബുക്കുട്ടൻ പറഞ്ഞു.

എന്നാൽ, സംഭവം നടന്നത് പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ഭൂതക്കുളം ഗ്രാമപഞ്ചായത്തിൽ ആയതിനാൽ അയിരൂർ പൊലീസ് കേസ് പരവൂർ പൊലീസിന് കൈമാറുമെന്നും ഡി.വൈ.എസ്‌പി അറിയിച്ചു.