- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉൾവനത്തിൽ കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ പിടികൂടാൻ വന്നപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരേ റോട്ട് വീലർ നായ്ക്കളെ തുറന്നുവിട്ട വില്ലൻ; ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ജിൽസൺ അടക്കം മൂന്നുപ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി; കേസിൽ കൂടുതൽ പ്രതികൾ വലയിലാകാൻ ഉണ്ടെന്ന് വനംവകുപ്പ്
കോഴിക്കോട്: കൂടരഞ്ഞി പൂവാറംതോട് തമ്പുരാൻകൊല്ലി ഭാഗത്തു നിന്നും ഉൾവനത്തിൽ പോയി കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ മൂന്ന് മുഖ്യ പ്രതികൾ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാർ മുൻപാകെ കീഴടങ്ങി. പൂവാറം തോട് കാക്യാനിയിൽ ജിൽസൻ (33) കൂടരഞ്ഞി മഞ്ഞക്കടവ് ആലയിൽ ജയ്‌സൻ(54), കയ്യാലക്കകത്ത് വിനോജ് കെ ജെ (33) എന്നിവരാണ് കീഴടങ്ങിയത്.
മുഖ്യ പ്രതിയും പന്നിഫാമുകളുടെ സംഘടനാ നേതാവുമായ ജിൽസൻ റോട്ട് വീലർ നായകളെ തുറന്നു വിട്ടു വനം ഉദ്യോഗസ്ഥരെ ആക്രമിച്ചത് വൻ വാർത്ത ആയിരുന്നു. തെളിവെടുപ്പിനിടെ മൂന്നു പ്രതികളിൽ നിന്നും തോക്കിൻ തിരകൾ, ഹെഡ്‌ലൈറ്റുകൾ തുടങ്ങി കൂടുതൽ സാധനങ്ങൾ കണ്ടെടുത്തു. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.
കേസിൽ പ്രതികളിൽ നിന്നും ഇനിയും തെളിവുകൾ കിട്ടാനുണ്ടെന്നും അതിനായി പ്രതികളെ ഇനിയും കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ടെന്നും റെയിഞ്ച് ഓഫീസർ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 21 ന് ഒളിവിൽ പോയ പ്രതികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും, കർണാടകയിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു.
പ്രതികൾ അനധികൃത പന്നിഫാമിന്റെ മറവിലാണ് ഇത്തരം വിധ്വംസക പ്രവർത്തികൾ നടത്തി വന്നിരുന്നത്. കീഴടങ്ങിയ പ്രതികൾക്ക് പുറമെ മറ്റു പലർക്കും ഈ കേസിൽ ബന്ധമുണ്ടെന്നും കൂടുതൽ പ്രതികൾ ഉൾപ്പെടാനുണ്ട് എന്നും റെയിഞ്ച് ഓഫീസർ അറിയിച്ചു. കാക്യാനിയിൽ ജിൽസൻ ഇതേ റെയ്ഞ്ചിലെ മറ്റൊരു വനം കേസിലും ഇതിനൊപ്പം അറസ്റ്റിലായി റിമാന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജിൽസന്റെ അനധികൃത പന്നിഫാമിനെതിരെയും നടപടികൾ സ്വീകരിക്കുമെന്നും, കുടിവെള്ളം മലിനമാക്കുന്ന പന്നിഫാമിനെതിരെ പ്രദേശവാസികൾക്ക് ഇപ്പോൾ തന്നെ എതിർപ്പുണ്ടെന്നും അധികൃതർ അറിയിച്ചു. തെളിവെടുപ്പിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സജീവ് കുമാർ കെ കെ, മണി കെ, പ്രവീൺ കുമാർ ബി കെ, പ്രശാന്തൻ കെ പി, വിജയൻ പി, ശ്വേത പ്രസാദ് ഒ എന്നിവർ പങ്കെടുത്തു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.