തൊടുപുഴ: ഒറ്റയ്ക്ക് താമസിക്കുന്ന മുട്ടം സ്വദേശിയായ വയോധിക പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ, പ്രതി പിടിയിൽ. മരണപ്പെട്ട സരോജിനിയുടെ ബന്ധുവായ വെള്ളത്തൂവൽ സ്വദേശി സുനിലാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. മാർച്ച് 31ന് പുലർച്ചെയാണ് എഴുപത്തിയഞ്ചുകാരിയായ സരോജിനിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങി കിടന്ന സരോജിനിയെ മണ്ണണയൊഴിച്ച് പ്രതി കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് തൊടുപുഴ ഡിവൈഎസ്‌പി സി രാജപ്പന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടിയത്

ഗ്യാസ് അടുപ്പിൽനിന്ന് തീപടർന്നായിരുന്നു മരണകാരണമെന്നാണ് വീട്ടിലുണ്ടായിരുന്ന പ്രതി സുനിലിന്റെ മൊഴി. എന്നാൽ ഗ്യാസിൽ നിന്ന് തീപടർന്നിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. എഴുപത്തഞ്ചുകാരിയായ സരോജിനി ഒറ്റയ്ക്കായിരുന്നു താമസം. രാത്രിയിൽ സരോജിനിയുടെ സഹോദരീ പുത്രൻ വീട്ടിൽ കാവലിനായി വരാറുണ്ടായിരുന്നു. മാർച്ച് 31ന് പുലർച്ചെ മൂന്നിന് വീടിന് തീപിടിച്ചെന്നും സഹായിക്കണമെന്നും സഹോദരിയുടെ മകൻ അയൽക്കാരെ അറിയിച്ചു. അയൽക്കാർ എത്തുമ്പോഴേക്കും സരോജിനി മരിച്ചിരുന്നു. ഗ്യാസടുപ്പിൽ നിന്ന് തീപടർന്നെന്നാണ് സഹോദരിയുടെ മകൻ സുനിൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

സരോജിനിക്ക് മുട്ടത്ത് മൂന്നേക്കറോളം സ്ഥലമുണ്ട്. ഇതിന് അഞ്ച് കോടിയോളം രൂപ വില വരും. ഇത് തട്ടിയെടുക്കാനായി കൊലപാതകം നടത്തിയതാണോ എന്നാണ് നാട്ടുകാരുടെ സംശയം. സ്വത്തുക്കൾ സഹോദരിമാരുടെ 9 മക്കൾക്കുമായി സരോജിനി എഴുതിവച്ചിരുന്നു. എന്നാൽ മരണത്തിന് ശേഷം മാത്രമാണ് ഇക്കാര്യം ബന്ധുക്കളടക്കം അറിഞ്ഞത്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ സരോജിനിയുടെ മരണം കൊലപാതകമാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഫോറൻസിക് പരിശോധന ഫലം കൂടി ലഭിച്ചാലെ കേസിൽ അന്തിമ തീരുമാനത്തിലെത്താനാകുവെന്നും പൊലീസ് അറിയിച്ചു.