കണ്ണപുരം: വീട്ടമ്മമാരെ നവമാധ്യമങ്ങളിലൂടെ ചതിയിൽ വീഴ്‌ത്തി പണം തട്ടുന്ന യുവാവ് പിടിയിൽ. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകുന്നു ഒതയമ്മാടം സ്വദേശിയായ അനൂപ് (37) നെയാണ് കണ്ണൂർ എ സി പി പി. ബാലകൃഷ്ണൻ നായരുടെ നിർേദശ പ്രകാരം കണ്ണപുരം ഇൻസ്‌പെക്ടർ ഓഫ് പൊലീസ് സുകുമാരൻ അറസ്റ്റ് ചെയ്തത് .

ഫേസ്‌ബുക്ക്, വാട്സ്ആപ്പ് വഴി യുവതികളുമായി സൗഹൃദബന്ധം സ്ഥാപിക്കുകയാണ് അനൂപ് ആദ്യം ചെയുന്നത്. തുടർന്ന് സമകാലിക വിഷയങ്ങൾ കലർത്തിയുള്ള എഴുത്തുകളും വോയ്‌സുകളും പ്രതി യുവതികൾക്ക് അയച്ചു നൽകും. മാന്യമായ ഇടപെടൽ വഴി പിന്നീട് സൗഹൃദബന്ധം ഊട്ടി ഉറപ്പിക്കും. വളരെ ക്ഷമാപൂർവമാണ് ഓരോ നീക്കങ്ങളും നടത്തുന്നത്. ഇതിനിടയിൽ ഫോൺ നമ്പറും ഫോട്ടോകളുമൊക്കെ കൈക്കലാക്കും. യുവതികളുടെ കുടുംബ പശ്ചാത്തലവും കൃത്യമായി മനസിലാക്കി കഴിഞ്ഞാൽ പ്രതി ഭീഷണിയുമായി രംഗത്തുവരും.

യുവതികളുമായി നടത്തിയ ചാറ്റും വോയ്‌സുകളും ഭർത്താവിനു അയച്ചു നൽകുമെന്നും, നവമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നുമാണ് ഭീഷണി. .അതെല്ലങ്കിൽ പണം നൽകണം എന്നാണ് പ്രതി ആവശ്യപെടുന്നത്. കണ്ണപുരം സ്വദേശിനിയായ ഒരു യുവതി കണ്ണൂർ എസിപി പി. ബാലകൃഷ്ണൻ നായർക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തു വന്നത് .

പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോളാണ് പൊലീസ് ശരിക്കും ഞെട്ടിയത്. ഇത്ര വിദഗ്ദ്ധമായി ക്ഷമാപൂർവം യുവതികളെ കെണിയിൽ വീഴ്‌ത്തുന്ന പ്രതി ഒരേ സമയം തന്നെ നിരവധി യുവതികളുമായി ചാറ്റിങ് നടത്തിവരുന്നു. പല സ്ത്രീകളുടെയും ഫോട്ടോകൾ ഇയാൾ കൈക്കലാക്കിയിട്ടുണ്ട്. ഏതെങ്കിലും സ്ത്രീകൾ പ്രതിയുടെ ചൂഷണത്തിനു വിധേയയായിട്ടുണ്ടെങ്കിൽ കണ്ണപുരം പൊലീസ് സ്റ്റേഷനിലോ കണ്ണൂർ എ സി പി യെയോ വിവരം അറിയിക്കണമെന്നു എ സി പി പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.